പു​റ്റി​ങ്ങ​ൽ വെ​ടി​ക്കെ​ട്ട്​ ദു​ര​ന്തം ന​ട​ന്ന സ്ഥ​ലം (ഫ​യ​ൽ ചി​ത്രം)

കേരളം വിറങ്ങലിച്ച പുറ്റിങ്ങൽ; പത്താം വർഷം വീണ്ടുമൊരു ദുരന്തം

കൊല്ലം: കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായ പരവൂർ പുറ്റിങ്ങൽ സ്ഫോടനത്തിന് 10 വർഷം പൂർത്തിയായിട്ടും എവിടെയുമെത്താതെ കേസ്. ഈ മാസം 10നാണ് പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന് 10 വർഷം തികഞ്ഞത്. സ്വർണ കപ്പും കാഷ് അവാർഡും കിട്ടാൻ ജില്ല ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് നടത്തിയ മത്സര കമ്പത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മരിച്ചത് 110 പേരാണ്. 656 പേർക്ക് പരിക്കേറ്റു. 358 വീടുകൾക്ക് നാശം സംഭവിച്ചു. 2.58 കോടി രൂപയുടെ നഷ്‌ടം കൂടാതെ കെ.എസ്.ഇ.ബിക്ക് 88,000 രൂപയുടെ നഷ്ടവുമുണ്ടായതായാണ് നിലവിലെ കേസ്.

ക്ഷേത്രത്തിലെ കമ്പപ്പുരയിലേക്ക് വെടിക്കോപ്പുകൾ വീണാണ് വൻ സ്ഫോടനമുണ്ടായത്. 2016 ഏപ്രിൽ 10ന് പുലർച്ചെ 3.30നായിരുന്നു ദുരന്തം. രണ്ടു പ്രാദേശിക സംഘങ്ങൾ തമ്മിൽ നടത്തിയ മത്സരമാണ് ദുരന്തത്തിന് കാരണമായത്. മത്സരക്കമ്പമുള്ള വെടിക്കെട്ട് ജില്ല അധികൃതർ നേരത്തേ തടഞ്ഞിരുന്നു. എന്നാൽ, ആചാരപ്രകാരമുള്ളതാണെന്ന് പറഞ്ഞ് ക്ഷേത്രം അധികൃതർ വെടിക്കെട്ട് നടത്താൻ തീരുമാനിക്കുകയായിരുന്നു.

വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് വെടിക്കെട്ട് നടത്തിയത്. അപകടശേഷം ക്ഷേത്ര പരിസരത്തുനിന്നും ശാർക്കര കുറുമണ്ടൽ ക്ഷേത്രപരിസരത്തെ കാറുകളിൽനിന്നും കണ്ടെത്തിയ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കൾ പെട്രോളിയം ആൻഡ്‌ എക്‌സ്പ്ലോസിവ്‌ സേഫ്‌റ്റി ഓർഗനൈസേഷൻ (പെസോ) ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ നശിപ്പിച്ചു.

സ്ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റർ അകലെ വരെയുണ്ടായി. അമ്പലത്തിന് സമീപമുള്ള ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. സ്ഫോടനത്തിനും അഗ്നിനാളത്തിനുമൊപ്പം കോൺക്രീറ്റ് പാളികൾ ആൾക്കൂട്ടത്തിലേക്ക് ചിതറിത്തെറിച്ചാണ് മരണം കൂടുതലും സംഭവിച്ചത്. കമ്പപ്പുരയുടെ കോൺക്രീറ്റ് പാളികൾ അരകിലോമീറ്ററോളം അകലെവരെ തെറിച്ചു വീണു. വലിയ കെട്ടിടങ്ങൾക്ക് മുകളിൽ വെടിക്കെട്ട് കാണാൻ നിലയുറപ്പിച്ചവർ സ്ഫോടനശക്തിയിൽ തെറിച്ച് നിലത്തുവീണു. ഒരു കിലോമീറ്ററോളം അകലെ പരവൂർ നഗരത്തിലൂടെ ബൈക്കിൽ യാത്ര ചെയ്ത യുവാക്കളുടെ മേൽ കോൺക്രീറ്റ് പാളി പതിച്ച് ഒരു യുവാവും മരിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി 59 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി. കേസിൽ പ്രതികളായ 59 പേരിൽ 15 പേർ മരിച്ചു. ക്രൈം ബ്രാഞ്ച് ചാർജ് ചെയ്ത കേസിലെ വിചാരണ നടപടികൾ കൊല്ലം സെഷൻസ് കോടതിയിൽ ഈ മാസം 18നും പരിഗണനക്ക് വന്നിരുന്നു. സ്പെഷൽ ജഡ്ജി എം.സി. ആന്‍റണിക്കു മുന്നിൽ വന്ന കേസ് ഈ മാസം 25ലേക്ക് മാറ്റിയിരിക്കുകയാണ്.

കേസിലെ 30ാം പ്രതി അടൂർ ഏറത്ത് രാജ്ഭവൻ വീട്ടിൽ അനുരാജിനെതിരെ പുറപ്പെടുവിച്ച വാറണ്ട് ഇപ്പോഴും നിലനിൽക്കുകയാണ്. ഈ ദുരന്തം കേരളത്തിലെ ക്ഷേത്ര ആഘോഷങ്ങളിലെ സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കേരളത്തിൽ മത്സര വെടിക്കെട്ടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിതും ഈ ദുരന്തത്തെ തുടർന്നാണ്.

Tags:    
News Summary - Kerala is reeling under the devastating floods; Another tragedy in its tenth year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.