‘ഇനി ആ പരിപാടി വേണ്ട, മനസ്സങ്ങ്ട് ശരിയായിട്ടില്ല; ഇന്നലെ വെടിപ്പുരയിലേക്ക് 40 ചോറ് കൊണ്ടുവന്നിരുന്നു’ -ഭീതി ഒഴിയാതെ രക്ഷപ്പെട്ട വേലായുധൻ

തൃശൂർ: ‘കാപ്പി കുടിക്കുന്ന നേരമായിരുന്നു. ഞങ്ങൾ എല്ലാവരും ഒരുമിച്ച് വന്ന് കാപ്പി മേടിച്ചു വന്ന് അവിടെ ഇരുന്ന് കുടിക്കും. അത് കഴിഞ്ഞ് പണിയിൽ ഏർപ്പെടും. അങ്ങനെയാണ് പതിവ്. ഇന്നലെ എന്തൊക്കെ ഉണ്ടായീന്ന് കറക്റ്റ് ആയിട്ട് പറയാൻ പറ്റുന്നില്ല, മനസ്സങ്ങട്ട് ശരിയായിട്ടില്ല. ഇനി ആ പരിപാടി വേണ്ട. ഇനി അതിനില്ല. ആ കച്ചവടം വേണ്ട. കിട്ടിയ വല്ല പണിക്കും പോയാൽ മതി. ഇനി അങ്ങനെയൊക്കെ മതി’ -തൃശൂർ പൂരം വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒപ്പമുള്ള മനുഷ്യർ ചിന്നിച്ചിതറിയത് ഭയപ്പാടോടെ ഓർത്തെടുക്കുകയാണ് തലനാരിഴക്ക് രക്ഷ​പ്പെട്ട വെടിക്കെട്ട് ജോലിക്കാരൻ വേലായുധൻ.

‘ഇന്നലെ ഇവിടെ പള്ളിയിൽ പെരുന്നാളായിരുന്നു. അവിടെ കത്തിക്കാനുള്ളതിന്റെ പണി നടന്നുകൊണ്ടിരിക്കുന്നുണ്ട്. വെള്ളിയാഴ്ച തൃശ്ശൂർ പൂരത്തിന്റെ സാമ്പിളിനുള്ള പണിയും നടന്നുകൊണ്ടിരിക്കുന്നുണ്ട്. കരിന്തിരിയുടെ പണിയായിരുന്നു ഞങ്ങൾക്ക്. അതിനിടെ, ഒരെണ്ണം പൊട്ടുന്ന സൗണ്ട് കേട്ടപ്പോൾ എണീറ്റ് ഓടി. അപ്പുറത്ത് തിന്നു നിന്നും ആൾക്കാർ ചറപറ വരണ്ടായിരുന്നു.

പണിയുള്ള കാലത്ത് ഞങ്ങൾ പണിക്കാരൊക്കെ അവിടെ തന്നെയാണ് കിടക്കുക. കുറെ കാലായിട്ട് അങ്ങനെയാ.. ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞാനിരുന്ന വെടിപ്പുരയിൽ ഒരെണ്ണം വന്ന് വീണു. ഡെയ്നയാണെന്ന് തോന്നുന്നു. പിന്നെ ഒരു ഡെയ്ന തൊട്ടടുത്ത് വന്ന് പൊട്ടി. ഞാനിരുന്ന പുരയിൽ 10 ആളുടെ മീതെ ഉണ്ട്. ഒരുവിധത്തിൽ രക്ഷപ്പെട്ടു. അത്രയേ പറയാൻ പറ്റുള്ളൂ.

എത്ര പേരുണ്ടായിരുന്നു എന്ന് അങ്ങോട്ട് പറയാൻ പറ്റില്ല. കരാറുകാരൻ സതീശന്റെ വീട്ടിൽ പണി നടക്കുന്നതിനാൽ ഹോട്ടലിൽനിന്നാണ് ചോറ് കൊണ്ടുവരുന്നത്. ഇന്നലെ 40 ചോറ് കൊണ്ടുവന്നിരുന്നു. അതിൽ രണ്ട് ചോറ് ബാലൻസ് വന്നിട്ടുണ്ട്. അത്ര മാത്രമേ എനിക്ക് പറയാൻ പറ്റുള്ളൂ. വേറെ ഒന്നും എനിക്ക് പറയാൻ പറ്റില്ല. അവിടെ എല്ലാവരും ഒരുമിച്ച് തന്നെയാ ഭക്ഷണം കഴിക്കുക.

ഒപ്പം ഇരുന്ന ആൾക്കാരല്ലേ പോയത്. എന്താ ചെയ്യ. അതിന് ശേഷം ഞാൻ അ​ങ്ങോട്ട് പോയിട്ടില്ല. എന്റെ സൈക്കിളും മൊബൈലും പേഴ്സും ഒക്കെ അവിടെ ഉണ്ടായിരുന്നു. അതൊക്കെ കിട്ടിയെങ്കിൽ കിട്ടി. അല്ലെങ്കിൽ​ പോട്ടെ. അതൊക്കെ നമുക്ക് പിന്നേം ഉണ്ടാക്കാം. ഒന്നര രണ്ടു മാസമായിട്ട് ഞാൻ ആകെ കൂടി 3000 രൂപയേ കൂലിയായി വാങ്ങിയിട്ടുള്ളൂ. തൃശൂർ പൂരം കഴിഞ്ഞേിട്ടേ കാശിന്റെ കണക്ക് തീർക്കാറുള്ളൂ. ഇനി അതൊക്കെ അങ്ങ്ട് പോട്ടെ. ഞങ്ങള് തമാശയും കാര്യങ്ങളും ഒക്കെ പറഞ്ഞ് ഇങ്ങനെ പണിയെടുക്കുമായിരുന്നു. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കുക ഒക്കെ ചെയ്യുമായിരുന്നു. അങ്ങനെയൊക്കെ കഴിഞ്ഞതാണ്...’ -കണ്ഠമിടറിക്കൊണ്ട് വേലായുധൻ പറഞ്ഞു നിർത്തി. 

തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന തൃശൂർ നഗരത്തിനടുത്ത് മുണ്ടത്തിക്കോട്ടാണ് ഇന്നലെ ഉച്ചക്ക് ശേഷം 3.20ഓടെ ദുരന്തമുണ്ടായത്. 13 പടക്ക നിർമാണ തൊഴിലാളികളാണ് മരിച്ചത്. ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. സമീപത്തെ അഞ്ച് കെട്ടിടങ്ങൾ തകർന്നു. നിരവധി വീടുകൾക്ക് വിള്ളൽ വീണു.

മരിച്ചവരിൽ അഞ്ച് പേരുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. ഇവരിൽ നാലുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 11 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളതെന്ന് തൃശൂർ കലക്ടർ ശിഖസുരേന്ദ്രൻ പറഞ്ഞു. അതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിൽ കഴിയുന്നു. ആറു പേരുടെ നില തൃപ്തികരമാണ്. മൂന്നു പേരുടെ മൃതദേഹം ഇതുവരെ ബന്ധുക്കൾക്ക് വിട്ടു നൽകി.

Tags:    
News Summary - thrissur pooram Mundathikkode Fire Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.