'അത് നിങ്ങൾ വല്ലാണ്ട് ചോദിക്കരുത്, ഞങ്ങളുടെ ഇന്റേണൽ മാറ്ററാണ്' -സന്ദീപ് വാര്യരെ പുറത്താക്കിയതിനെ കുറിച്ച് കെ. സുരേന്ദ്രൻ

കോട്ടയം: സന്ദീപ് വാര്യരെ ബി.​ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയ​തിനെ കുറിച്ച്​ ചോദിച്ചപ്പോൾ 'അത് നിങ്ങൾ വല്ലാണ്ട് ചോദിക്കരുത്, ഞങ്ങളുടെ ഇന്റേണൽ മാറ്ററാണ്' എന്ന പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പാർട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലെ കാര്യങ്ങൾ വിശദീകരിക്കാൻ കോട്ടയത്ത് വിളിച്ചുചേർത്ത ​വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രൻ ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടിയത്.

സന്ദീപ് വാര്യരും സംസ്ഥാന അധ്യക്ഷനും തമ്മിൽ ഇ​േന്റണൽ ഫൈറ്റ് ഉണ്ടെന്ന് കേൾക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ 'അങ്ങനെ ഉണ്ടോ? എനിക്കതറിയില്ല' എന്നായിരുന്നു മറുപടി. തുരുതുരെ ചോദ്യങ്ങൾ വന്നതോടെ 'നോ കമന്റ്, നോ കമന്റ്സ്' എന്നാവർത്തിച്ച സുരേന്ദ്രൻ വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ് പോയി.

'വക്താവ് എന്ന നിലയിൽ സന്ദീപ് വാര്യരുടെ പ്രവർത്തനത്തെ സംബന്ധിച്ച് സംഘടനക്ക് ചില കാഴ്ചപ്പാടുകളുണ്ട്. അതി​ന്റെ അടിസ്ഥാനത്തിൽ അ​ദ്ദേഹത്തെ വക്താവ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തു' എന്നാണ് സന്ദീപ് ജി. വാര്യരെ പുറത്താക്കിയത് സംബന്ധിച്ച് സുരേന്ദ്രൻ പറഞ്ഞത്. എന്താണ് കാരണം എന്ന് മാധ്യമപ്രവർത്തകർ അന്വേഷിച്ചപ്പോൾ 'അതെല്ലാം സംഘടനാപരമായിട്ടുള്ള കാര്യങ്ങളാണ്. അത് ഞങ്ങൾ നിങ്ങളുമായി പങ്കു​​വെക്കേണ്ട കാര്യമില്ല' എന്നായിരുന്നു മറുപടി. പകരം ആരെയാണ് നിയമിച്ചതെന്ന ചോദ്യത്തിന് 'അരമണിക്കൂർ ആയതേയുള്ളൂ പുറത്താക്കിയിട്ട്, അപ്പോഴേക്ക് പുതിയ ആളെ വേണ്ടല്ലോ.. സമയമുണ്ടല്ലോ' എന്നായിരുന്നു പ്രതികരണം.

പരാതിയു​ടെ അടിസ്ഥാനത്തിലാണോ പുറത്താക്കിയത് എന്ന ചോദിച്ചപ്പോൾ 'ഞങ്ങളുടെ ഇന്റേണൽ മാറ്ററാണ്. അത് നിങ്ങളുമായി പങ്കുവെക്കേണ്ട കാര്യമില്ല. അത് നിങ്ങൾ വല്ലാണ്ട് ചോദിക്കരുത്. ഞങ്ങൾ ഒരു സംഘടന നടത്തിക്കൊണ്ടുപോകുകയാണ്. കാലാകാലങ്ങളിൽ ഇത്തരം തീരുമാനമെടുക്കാൻ പാർട്ടിയിൽ സംവിധാനമുണ്ട്. ഞാൻ പറയാനുള്ളത് പറഞ്ഞു. എന്റെ വായിൽനിന്ന് എന്തെങ്കിലും കേൾപ്പിക്കാ​മെന്ന് നിങ്ങൾ വിചാരിക്കണ്ട' എന്ന് സു​രേന്ദ്രൻ പ്രതികരിച്ചു.

അതിനിടെ, പണംതട്ടിയെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന വക്താവ്‌ സ്ഥാനത്തുനിന്ന്‌ പുറത്താക്കിയതിന് പിന്നാലെ പാർട്ടി നേതാക്കളെ ട്രോളി സന്ദീപ്‌ ജി. വാര്യർ രംഗത്തെത്തി. പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂർ മലയുടെ താഴ്വാരത്ത് മൊബൈൽ ടവർ സ്ഥാപിച്ച വിവരം പങ്കുവെച്ചായിരുന്നു ട്രോൾ. 'വേണേൽ അടുത്ത വാർത്തക്ക് സ്കോപ്പുണ്ട്. സന്ദീപ് വാര്യർക്ക് മുകേഷ് അംബാനിയുമായി ബന്ധം. 80 ലക്ഷത്തിന്റെ അനധികൃത ടവർ കൊണ്ട് വന്നു ...' എന്നായിരുന്നു പരിഹാസം.

ഇന്ന് കോട്ടയത്ത്‌ ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗമാണ് സന്ദീപിനെ പുറത്താക്കാൻ തീരുമാനിച്ചത്. പാർട്ടിയെ ഉപയോഗിച്ച്‌ സന്ദീപ് ലക്ഷങ്ങൾ തട്ടിയെന്ന്‌ ബി.ജെ.പി പാലക്കാട്‌, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലാ കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തിന്‌ പരാതി നൽകിയിരുന്നുവത്രെ. നാല്‌ ജില്ലാ അധ്യക്ഷന്മാരാണ്‌ പരാതി നൽകിയിരുന്നത്‌. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന കോർ കമ്മിറ്റി യോഗം സന്ദീപിനെ പുറത്താക്കിയത്. തുടർന്ന് ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ സന്ദീപ്‌ വാര്യർ മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരിഹസിച്ച് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

നേരത്തെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യർക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്ന ഷാജ് കിരണും സന്ദീപ് വാര്യരും തമ്മിലുള്ള ചിത്രങ്ങൾളും പുറത്തുവന്നിരുന്നു. ബി.ജെ.പി ഭരിക്കുന്ന കർണാടകയിലെ ഊർജമന്ത്രി വി. സുനിൽ കുമാറിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് പെട്രോൾ പമ്പിന്റെ പേരിൽ പണംപിരിച്ചുവെന്ന പേരിൽ പരാതി ഉയർന്നത്. ജില്ലാ പ്രസിഡന്റുമാർ തന്നെ പരാതിയുമായി എത്തിയതോടെ വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.



Tags:    
News Summary - K surendran About Sandeep GVarier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.