'ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ പുറത്തായത് സി.പി.എമ്മിന്‍റെ വൈകൃതമായ കൊലയാളി മുഖം'
കണ്ണൂർ: ശുഹൈബിന്‍റെ ചോരയ്ക്ക് സി.പി.എമ്മിനെ കൊണ്ട് കോണ്‍ഗ്രസ് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സി.പി.എമ്മിന്റെ അറിവും സമ്മതത്തോടെയുമാണ് മട്ടന്നൂരില്‍ ശുഹൈബിനെ ക്രൂരമായി കൊല്ലപ്പെടുത്തിയതെന്ന് കോണ്‍ഗ്രസ് നാളിതുവരെ പറഞ്ഞിരുന്ന യാഥാർഥ്യം വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി തന്നെ വെളിപ്പെടുത്തിയത് കേട്ട് കേരളം തരിച്ചിരുന്നുപോയെന്നും സുധാകരന്‍ പറഞ്ഞു.
ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സി.പി.എമ്മിന്‍റെ വൈകൃതമായ കൊലയാളി മുഖം പുറത്തായി. അരുംകൊലകള്‍ നടത്തുന്ന ഭീകരസംഘടനയാണ് സി.പി.എം. അക്രമത്തിന്‍റെ ഉപാസകരായ അവരില്‍ നിന്നും കരുണയുടെ കണികപോലും കേരളം പ്രതീക്ഷിക്കരുത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത സി.പി.എം നേതാക്കളുടെ കളിത്തോഴനാണ് ആകാശ് തില്ലങ്കേരി. രക്തവെറിപൂണ്ട സി.പി.എം നേതാക്കളെ തൃപ്തിപ്പെടുത്തുന്ന ആശ്രിതനായ ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിന്റെ കിരാത കൊലപാതകത്തില്‍ നേതൃത്വത്തിന്റെ പങ്ക് ലോകത്തോട് വിളിച്ച് പറഞ്ഞതും സി.പി.എമ്മിലെ ഊതിവീര്‍പ്പിച്ച ബലൂണുകളെ പച്ചയ്ക്ക് നേരിടുമെന്ന ഭീഷണി മുഴക്കിയതും.
ഗുണ്ടകളുടെയും വാടകക്കൊലയാളികളുടെയും മുന്നില്‍ എന്നും ഓച്ഛാനിച്ചു നില്‍ക്കാറുള്ള സി.പി.എം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ആകാശിന്റെ ഭീഷണിക്ക് മുന്നില്‍ വിറങ്ങലിച്ചുപോയ സി.പി.എം നേതൃത്വം ഉടനടി ഇടപെട്ട് ഫേസ്ബുക്ക് കുറിപ്പു തന്നെ നീക്കം ചെയ്തു. അതുകൊണ്ട് ഇനിയെങ്കിലും മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകളുടെ ഇടയിലൂടെ നീങ്ങിയ ആ പഴംപുരാണം വിളമ്പരുത് -സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.