പൊലീസിനെയും എസ്.എഫ്‌.ഐക്കാരെയും കൊണ്ട് ജീവിക്കാന്‍ വയ്യാത്ത അവസ്ഥയെന്ന് കെ. സുധാകരന്‍; ‘എസ്.എഫ്.ഐക്കാര്‍ക്ക് മദ്യപിക്കാന്‍ പണം നൽകിയില്ലെങ്കില്‍ അതിനും മര്‍ദനം’

തിരുവനന്തപുരം: പൊലീസിനെ കൊണ്ടും എസ്.എഫ്‌.ഐക്കാരെയും കൊണ്ടും നാട്ടില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയാണെന്നും ഈ തീക്കളി ഇവിടം കൊണ്ട് അവസാനിപ്പിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. എസ്.എഫ്.ഐക്കാര്‍ക്ക് മദ്യപിക്കാന്‍ പണം നൽകിയില്ലെങ്കില്‍ അതിന് മര്‍ദനമാണ്. വാനരസേന പോലും ലജ്ജിക്കുന്ന രീതിയിലാണ് എസ്.എഫ്‌.ഐയുടെ പ്രവര്‍ത്തനമെന്നും കെ. സുധാകരൻ വ്യക്തമാക്കി.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ ഉണ്ടായ അക്രമത്തില്‍ പ്രതികളായ എസ്.എഫ്.ഐക്കാരെ പൊലീസ് സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്‌.യു നടത്തിയ ഡി.ഐ.ജി ഓഫിസ് മാര്‍ച്ചിനെ പൊലീസ് കിരാതമായി അടിച്ചൊതുക്കുകയാണ് ചെയ്തത്. പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അനീഷ് ആന്റണി, മിവ ജോളി, ആദേശ് സുദര്‍മന്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപനെ പൊലീസ് കൈയറ്റം ചെയ്തു.

കലോത്സവത്തെ തുടക്കം മുതല്‍ അലങ്കോലപ്പെടുത്താനാണ് എസ്.എഫ്‌.ഐക്കാര്‍ ശ്രമിച്ചത്. അതിന് കൂട്ടുനിൽക്കാന്‍ പൊലീസും. ഭരണത്തിന്റെ തണലില്‍ പൊലീസ് നടത്തുന്ന നരനായാട്ടിന് ഇന്നല്ലെങ്കില്‍ നാളെ അവര്‍ മറുപടി പറയേണ്ടി വരും. കുട്ടികളുടെ ചോര മണക്കുന്നവരാണ് അധികാര സ്ഥാനങ്ങളിലിരിക്കുന്നത്. അവര്‍ എന്നും അവിടെ ഉണ്ടാകില്ലെന്ന് പൊലീസുകാര്‍ ഓര്‍ത്തിരിക്കണമെന്ന് സുധാകരന്‍ പറഞ്ഞു.

വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാർഥിന്റെ ജീവനെടുത്ത എസ്.എഫ്.ഐക്കാരുടെ ചോരക്കൊതി കോട്ടയത്ത് ഗവ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ ജീവിതം തുലക്കുന്ന സാഹചര്യമുണ്ടായി. സി.പി.എമ്മുമായി ബന്ധമുള്ള കേരള ഗവ സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളാണ് ഒന്നാം വര്‍ഷ വിദ്യാർഥികളെ റാഗ് ചെയ്ത് മൃതപ്രായമാക്കിയത്.

കട്ടിലില്‍ ബലമായി കിടത്തി കയ്യുംകാലും തോര്‍ത്തുകൊണ്ട് കെട്ടി ലോഷനൊഴിച്ച് ദേഹത്തു കയറിയിരുന്ന് ശരീരമാസകലം വരഞ്ഞ് മുറവേല്‍പ്പിച്ചു. വേദനിച്ചു കരഞ്ഞവരുടെ വായില്‍ ലോഷന്‍ ഒഴിച്ചു. ശബ്ദം പുറത്തുവന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എസ്.എഫ്.ഐക്കാര്‍ക്ക് മദ്യപിക്കാന്‍ പണം നൽകിയില്ലെങ്കില്‍ അതിനു വേറെ മര്‍ദനം. വാനരസേന പോലും ലജ്ജിക്കുന്ന രീതിയിലാണ് എസ്.എഫ്‌.ഐയുടെ പ്രവര്‍ത്തനമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

എസ്.എഫ്‌.ഐയുടെ കാടത്തത്തിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഇത്തരം കാപാലികരെ അഴിച്ചുവിടുന്ന നേതൃത്വമാണ് ഇതിന്റെ ഉത്തരവാദികള്‍. അവര്‍ക്കെതിരേയാണ് പൊലീസ് നടപടിയും പാര്‍ട്ടി നടപടിയും ഉണ്ടാകേണ്ടതെന്ന് കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - K Sudhakaran react to Police and SFI Attacks against KSU Workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.