തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2012ല്‍ നടത്തിയ നിക്ഷേപ സംഗമം ബഹിഷ്‌കരിക്കുകയും ഹര്‍ത്താൽ ആചരിക്കുകയും നിക്ഷേപകരെ ഓടിക്കുകയും ചെയ്ത സി.പി.എം 13 വര്‍ഷത്തിന് ശേഷം നിക്ഷേപ സംഗമം നടത്തുന്നത് കാലത്തിന്റെ മധുര പ്രതികാരമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. സി.പി.എമ്മിന്‍റെ മനംമാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2012 സെപ്റ്റംബര്‍ 12,13,14 തീയതികളില്‍ കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമം ഇടതുപക്ഷം ബഹിഷ്‌കരിച്ചു. 'കേരളം വില്‍ക്കപ്പെടുന്നു' എന്നായിരുന്നു അന്നു സി.പി.എം പ്രചാരണം. നിശാക്ലബ്ബുകള്‍ വരുന്നു, തിരുവനന്തപുരത്തെ ചന്ദ്രശേഖര്‍നായര്‍ സ്റ്റേഡിയം വില്‍ക്കുന്നു, കേരളത്തിന്റെ മണ്ണും പുഴയും വിൽക്കുന്നു തുടങ്ങിയ ഫ്‌ളെക്‌സുകള്‍ കേരളമൊട്ടാകെ നിരന്നു. നിക്ഷേപ സംഗമം നടന്ന കൊച്ചി പ്രതിഷേധക്കടലായി. വിദേശത്തു നിന്ന് പറന്നിറങ്ങിയ നിക്ഷേപകര്‍ റോഡ് തടയലും കോലം കത്തിക്കലും ഉള്‍പ്പെടെയുള്ള പ്രാകൃതമായ സമരമുറകള്‍ക്ക് സാക്ഷികളായി. ഇതെല്ലാം പോരാഞ്ഞിട്ട് ഒരു ദിവസം ഹര്‍ത്താലും നടത്തി. നിക്ഷേപത്തിനു വന്ന വോക്‌സ് വാഗണ്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ ജീവനും കൊണ്ടോടി.
പ്രധാനമന്ത്രി ഡോ, മന്‍മോഹൻ സിങ്ങാണ് അന്ന് പരിപാടി ഉദ്ഘാടനം ചെയ്തത്. 42 രാജ്യങ്ങള്‍, ലോകമെമ്പാടും നിന്ന് 2500 പ്രതിനിധികള്‍, പ്രധാനമന്ത്രി ഉള്‍പ്പെടെ 10 കേന്ദ്രമന്ത്രിമാര്‍. 21 അറബ് രാജ്യങ്ങളില്‍ നിന്നും അമേരിക്ക, ഹോളണ്ട്, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്ന് അംബാസഡര്‍മാര്‍. ബ്രിട്ടന്‍, ആസ്‌ട്രേലിയ, ബ്രൂണെ, മൗറീഷ്യസ് എന്നിവിടങ്ങളിലെ ഹൈക്കമീഷണര്‍മാര്‍. കാനഡ, ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് പ്രതിനിധി സംഘം. ലോകത്തെ 16ഉം രാജ്യത്തെ 19ഉം കമ്പനികളുടെ മേധാവികള്‍. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്ന് എത്തിയ 35 മാധ്യമപ്രവര്‍ത്തകര്‍. എല്ലാവരും കേരളത്തിന്റെ കുപ്രസിദ്ധമായ ഹര്‍ത്താലും സമരമുറകളും നേരിട്ടുകണ്ടു.
മറ്റു സംസ്ഥാനങ്ങളില്‍ നിക്ഷേപ സംഗമം ഒരു തുടര്‍പ്രക്രിയയാണ്. സര്‍ക്കാരുകള്‍ മാറിയാലും നിക്ഷേപ സംഗമം തുടരുന്നു. കര്‍ണാടകത്തില്‍ ഈ മാസം നടന്ന നിക്ഷേപസംഗമത്തില്‍ 5 ലക്ഷം കോടിയുടെ നിക്ഷേപമെത്തി. 2024ല്‍ തമിഴ്‌നാട് നിക്ഷേപ സംഗമം നടത്തി 6.64 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചു. ഗുജറാത്ത്, ഒഡീഷ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളും തുടര്‍ച്ചയായി നിക്ഷേപ സംഗമം നടത്തുന്നു.
2003ല്‍ എ.കെ. ആന്റണി സര്‍ക്കാര്‍ തുടക്കമിട്ടതാണ് കേരളത്തിലെ നിക്ഷേപ സംഗമം. ഒന്‍പതു വര്‍ഷം കഴിഞ്ഞാണ് 2012ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടുത്ത സംഗമം നടത്തിയത്. 2025ല്‍ പിണറായി സര്‍ക്കാര്‍ നിക്ഷേപ സംഗമം നടത്തുമ്പോള്‍ അതിനെ വളരെ വൈകി വന്ന വിവേകമെന്ന് വിശേഷിപ്പിക്കാമെന്നും കെ. സുധാകരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.