കോൺഗ്രസ് രാഷ്ട്രീയത്തിലെ 'ഫയർ ബ്രാൻഡ്'

കണ്ണൂർ: ഉരുളക്കുപ്പേരി പോലെ മറുപടികൾ, അണികളെ കൈയിലെടുക്കാനുള്ള ആവേശം, മുന്നിൽ നിന്ന് നയിക്കാനുള്ള ആർജ്ജവം -കെ. സുധാകരൻ എന്നും കോൺഗ്രസ് രാഷ്ട്രീയത്തിലെ ഒരു 'ഫയർ ബ്രാൻഡ്' ആണ്. കണ്ണൂർ പോലെയൊരു സി.പി.എം ആധിപത്യ ജില്ലയിൽ നിന്ന് കോൺഗ്രസ് രാഷ്ട്രീയത്തിന്‍റെ അമരത്തേക്ക് വരുമ്പോൾ കെ. സുധാകരൻ പിന്നിട്ടത് കൊണ്ടുംകൊടുത്തുമുള്ള രാഷ്ട്രീയ ജീവിതമാണ്. ഗ്രൂപ്പുകൾക്കതീതമായി നിലയുറപ്പിച്ചിട്ടും കേരളത്തിലെ കോൺഗ്രസിന്‍റെ താക്കോൽ സുധാകരനെ ഏൽപ്പിക്കുമ്പോൾ കേന്ദ്ര നേതൃത്വം പരിഗണിച്ചതും സുധാകരന്‍റെ അനുഭവ സമ്പത്തും പ്രവർത്തക പിന്തുണയും തന്നെയാവും.

കെ.എസ്.യുവിലൂടെ സ്കൂൾ പഠനകാലം മുതൽക്കേ പൊതുപ്രവർത്തന മേഖലയിലേക്ക് കടന്നതാണ് സുധാകരൻ. തലശ്ശേരി ബ്രണ്ണൻ കോളജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടർന്ന് നിയമ പഠനവും പൂർത്തിയാക്കി. 1969ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിനൊപ്പമായിരുന്നു. പിന്നീട് ജനതാ പാർട്ടിയുടെ ഭാഗമായെങ്കിലും അധികം വൈകാതെ കോൺഗ്രസിൽ തരിച്ചെത്തി.

1991ൽ കെ. സുധാകരൻ കണ്ണൂർ ഡി.സി.സി പ്രസിഡന്‍റായി. സി.പി.എമ്മിന്‍റെ കൈയ്യൂക്കിന് മുന്നിൽ കീഴടങ്ങാതെ സുധാകരൻ പാർട്ടിയെ നയിച്ചു. 1991ൽ എടക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം സുപ്രീംകോടതി വരെ നീണ്ടു. സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന സുധാകരന്‍റെ പരാതി അംഗീകരിച്ച ഹൈകോടതി ഒ. ഭരതന്‍റെ വിജയം അസാധുവാക്കി. അങ്ങനെ ആദ്യമായി നിയമസഭയിൽ എത്തി. 1996, 2001, 2006 വർഷങ്ങളിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി. 2009ൽ എം.പിയായി. 2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ സിറ്റിങ് എം.പിയായിരുന്ന സി.പി.എമ്മിലെ പി.കെ. ശ്രീമതിയെ ഒരു ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് സുധാകരൻ വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രബല ഗ്രൂപ്പുകൾക്കതീതമായി ഒറ്റയാനായാണ് സുധാകരൻ നിലകൊണ്ടത്. വിവാദങ്ങളും പിന്നാലെ കൂടി. നാൽപാടി വാസു വധം വൻ രാഷ്ട്രീയ വിവാദമായി. പിണറായി വിജയനെ കുറിച്ച് അധിക്ഷേപകരമായി പ്രസംഗിച്ചുവെന്നത് ഈയടുത്ത് വലിയ വിവാദമായിരുന്നു. കോൺഗ്രസിലെ തന്നെ ഗ്രൂപ്പുരാഷ്ട്രീയത്തെ സുധാകരൻ പലപ്പോഴും രൂക്ഷമായി വിമർശിച്ചിരുന്നു. 2018ൽ കെ.പി.സി.സിയുടെ മൂന്ന് വർക്കിങ് പ്രസിഡന്‍റുമാരിൽ ഒരാളായി സുധാകരൻ ഒതുങ്ങി. തുടർച്ചയായി രണ്ട് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തിരിച്ചടി നേരിട്ടപ്പോൾ തന്നെ കേരളത്തിൽ നേതൃമാറ്റത്തിനായി ആവശ്യമുയർന്നിരുന്നു. ഗ്രൂപ്പു രാഷ്ട്രീയം കൊടികുത്തിവാഴുന്ന കോൺഗ്രസിനെ ആര് നയിക്കണം എന്നത് വലിയ ചോദ്യമായിത്തന്നെ വന്നു. സാധാരണ പ്രവർത്തകർ സുധാകരനെ അധ്യക്ഷനാക്കണമെന്ന അഭിപ്രായമുയർത്തി.

സുധാകരൻ ബി.ജെ.പിയിലേക്ക് പോകുമെന്ന വ്യാപക പ്രചാരണം ഒരു ഘട്ടത്തിൽ സി.പി.എം ഉൾപ്പെടെ ഉയർത്തിയിരുന്നു. സുധാകരന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തലും വിവാദമായി. ഇതിനെ അന്നുതന്നെ സുധാകരൻ നിഷേധിച്ചിരുന്നു. എന്നാൽ, കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായാല്‍ അവരുടെ മുന്നിലുള്ള ഏക സാധ്യത ബി.ജെ.പിയാണെന്നും കേരളത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസ്സില്‍ രാഷ്ട്രീയ എതിരാളി സി.പി.എമ്മാണെന്നും സുധാകരൻ പ്രതികരിച്ചിരുന്നു. ഇതും സംശയങ്ങളുയർത്തി.

ഇത്തരം വിവാദങ്ങൾക്കും ആരോപണങ്ങൾക്കുമെല്ലാമുള്ള മറുപടി കൂടിയാണ് പ്രവർത്തകരുടെ സ്വന്തം 'കെ.എസ്' കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അമരക്കാരനാകുന്നതിലൂടെ നൽകിയത്. 

News Summary - k sudhakaran fire brand in congress politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.