തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളെയും കോളജുകളെയും ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് ഏകോപിപ്പിക്കാനുള്ള കെ-റീപ് പദ്ധതിയുടെ പേരിൽ വഴിയൊരുങ്ങുന്നത് വിദ്യാർഥികളിൽനിന്നുള്ള പണപ്പിരിവിനും പകൽ കൊള്ളക്കും. സോഫ്റ്റ്‌വെയർ നടപ്പാക്കാനുള്ള ചെലവിന്റെ ഒരുഭാഗം വിദ്യാർഥികളുടെ മേൽ കെട്ടിവെക്കാനാണ് തീരുമാനം.
ഒരോ വിദ്യാർഥിയിൽനിന്നും ഓരോ സെമസ്റ്ററിലെയും പരീക്ഷാ ഫീസിനൊപ്പം 150 രൂപ ഈടാക്കുമെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നാലുവർഷ ബിരുദത്തിന് ചേരുന്ന വിദ്യാർഥിക്ക് എട്ട് സെമസ്റ്ററുകളാണുണ്ടാവുക. അതായത് 1200 രൂപയാണ് ഓരോ വിദ്യാർഥിയിൽനിന്നും പിരിച്ച് കമ്പനിക്ക് നൽകുന്നത്.
ലക്ഷക്കണക്കിന് വിദ്യാർഥികൾ പരീക്ഷയെതുമെന്നിരിക്കെ വലിയ കൊള്ളക്കാണ് ഈ പിരിവ് വഴിതുറക്കുക. മഹാരാഷ്ട്രയിലുള്ള പൊതുമേഖല കമ്പനിക്കാണ് കെ-റീപ് നടപ്പാക്കാനുള്ള സാങ്കേതിക ചുമതല. ഫലത്തിൽ സർക്കാർ സാമ്പത്തിക ചുമതലയിൽനിന്ന് ഒഴിവാകുകയും വിദ്യാർഥികളിൽനിന്ന് പണമീടാക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
മെയിന്റനൻസ് സപ്പോർട്ട്, കസ്റ്റമൈസേഷൻ, ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കാനാണ് ചെലവുവരുന്നതെന്ന് സർക്കുലറിൽ പറയുന്നു. സർവകലാശാലകളിലെല്ലാം കംപ്യൂട്ടർ സേവനങ്ങളുണ്ടെങ്കിലും ഇവയെല്ലാം പരസ്പരബന്ധമില്ലാതെയാണ് നടക്കുന്നത്. ഇതെല്ലാം കെ-റീപ് വഴി ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. സോഫ്റ്റ്‌വെയർ തയാറാക്കാനുള്ള ചുമതല അസാപിനെയാണ് സർക്കാർ ഏൽപ്പിച്ചത്. അസാപാണ് മഹാരാഷ്ട്രയിലെ പൊതുമേഖല കമ്പനിക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.