കെ. മുരളീധരൻ

‘ശബരിമലയിൽ സി.പി.എമ്മിനെ വെള്ളപൂശാൻ ആർക്കുമാവില്ല, കോൺഗ്രസിന്റെ ശബരിമല നയം ജനം വിലയിരുത്തും,’ ചില ആസാമികൾ വിചാരിച്ചാൽ അയ്യപ്പനെയും വാവരെയും തമ്മിലകറ്റാനാവില്ലെന്നും മുരളീധരൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻ.എസ്.എസ് നിലപാടിനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സി.പി.എമ്മിന്റെ പ്രവർത്തികളെ വെള്ളപൂശാൻ ആർക്കുമാവില്ലെന്ന് മുരളീധരൻ പറഞ്ഞു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതുകൊണ്ട് സർക്കാർ പിന്നീട് നീക്കമൊന്നും നടത്തിയിട്ടില്ല. എന്നാൽ ഇത് ഗുഡ് സർട്ടിഫിക്കറ്റിനുള്ള ​യോഗ്യതയല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ശബരിമലയിൽ എടുത്ത നിലപാട് തെറ്റാണെന്ന് സർക്കാറോ സി.പി.എമ്മോ ഇതുവരെ പറഞ്ഞിട്ടില്ല. അയ്യപ്പസംഗമത്തിന്റെ ലക്ഷ്യമെന്തായിരുന്നു. എന്താണ് സംഗമത്തിന്റെ റിസൽറ്റ്? ശബരിമല വികസനത്തിന് തടസമായിരുന്ന ഏതെങ്കിലും ഘടകങ്ങൾ ചർച്ചയിലൂടെ നീക്കാൻ സാധിച്ചിട്ടുണ്ടോ? 4,000 പേർ പ​ങ്കെടുക്കുമെന്ന് പറഞ്ഞ സമ്മേളനത്തിൽ എത്തിയത് 630 ആളുകൾ മാത്രമാണ്. ആ സംഗമം പരാജയമായിരുന്നുവെന്ന് ഉറപ്പിച്ചുപറയുമെന്നും മുരളീധരൻ പറഞ്ഞു.

ശബരിമലയുടെ കാര്യത്തിൽ കോൺഗ്രസ് ഒരു വിശ്വാസ വഞ്ചനയും കാണിച്ചിട്ടില്ല. ഒമ്പത് വർഷം കേരളത്തിലും 11 വർഷം കേന്ദ്രത്തിലും പാർട്ടി അധികാരത്തിലില്ല. പിന്നെ എന്ത് വിശ്വാസവഞ്ചന കാണിക്കാനാണെന്നും മുരളീധരൻ ചോദിച്ചു. ശബരിമലയിൽ പ്രശ്നമുണ്ടായപ്പോൾ ശക്തമായ നിലപാട് സ്വീകരിച്ചത് കോൺഗ്രസാണ്. അന്ന് വിശ്വാസികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നടത്തിയ മൂന്ന് ജാഥകളിൽ ഒന്ന് നയിച്ച ആൾ താനാണ്. അന്ന് തങ്ങൾക്കെതിരെ എടുത്ത കേസുകൾ, എൻ.എസ്.എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയിൽ പ​ങ്കെടുത്ത ഭക്തർക്കെതിരെ എടുത്ത കേസുകൾ ഒന്നും പിൻവലിക്കാൻ തയ്യാറാവാത്ത സർക്കാർ എന്ത് മാറ്റമാണ് വരുത്തിയതെന്ന് മനസിലാവുന്നില്ല. അന്നെടുത്ത നിലപാടിൽ തന്നെയാണ് കോൺഗ്രസ് ഇന്നും നിൽക്കുന്നത്. ആ നയത്തിന്റെ വരുംവരായ്കകൾ എന്തായാലും ശരി ഉറച്ച് മുന്നോട്ടുപോവും.

ഒരു സമുദായ സംഘടനക്ക് സ്വന്തം താത്പര്യമനുസരിച്ച് തീരുമാനമെടുക്കാം. അതിനെ വിമർശിക്കാനോ എതിർക്കാനോ ഇല്ല. പക്ഷേ, കോൺഗ്രസിന്റെ നയത്തിൽ മാറ്റം വരുത്തില്ല. ഏതെങ്കിലും സമുദായങ്ങങ്ങൾക്ക് പാർട്ടിയുടെ നിലപാട് സംബന്ധിച്ച് ആശങ്കയു​ണ്ടെങ്കിൽ പരിഹരിക്കാനും തയ്യാറാണ്. എന്നാൽ, ശബരിമല വിഷയത്തിൽ പാർട്ടി നിലപാടിൽ ഉറച്ചുനിൽക്കും. കോൺഗ്രസിന്റെ നയം ശരിയോ തെറ്റോ എന്ന് ജനം തീരുമാനിക്കട്ടെ. മുന്നോക്ക വിഭാഗകോർപറേഷൻ രൂപീകരിച്ചതും മന്നം ജയന്തി അവധിയായി പ്രഖ്യാപിച്ചതും കോൺഗ്രസ് സർക്കാരാണെന്നും മുരളീധരൻ പറഞ്ഞു.

ഏതുമതത്തിന്റെയാണെങ്കിലും വിശ്വാസികളോടൊപ്പം നിലനിൽക്കുക എന്നതാണ് കോൺഗ്രസ് നിലപാട്. ബദൽ സംഗമത്തിൽ ഉയർന്ന ചില പരാമ​ർ​ശങ്ങൾ ശബരിമലയുടെ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. അതിൽ വാവരെ വർഗീയവാദിയായി ചിത്രീകരിച്ചു. ‘വാവർ നാട്ടിലേക്ക് വന്നത് കൊള്ള ചെയ്യാൻ തന്നെയാണ്. പക്ഷേ, അദ്ദേഹത്തെ മാനസാന്തരപ്പെടുത്തി തന്റെ സുഹൃത്താക്കുകയായിരുന്നു അയ്യപ്പൻ. അതാണല്ലോ അയ്യപ്പൻ പാട്ടിൽ പറയുന്നത്. അതാണല്ലോ വാവർ പള്ളിയിൽ നിന്ന് മകരവിളക്കിന് മുമ്പ് മലക്ക് പുറപ്പെടുന്ന സംഘത്തിനൊപ്പം വാവർ പോവുന്നുവെന്നാണ് സങ്കൽപ്പം. ഇതെല്ലാം വിശ്വാസത്തിൽ പറയുന്ന കാര്യങ്ങളാണ്,’- മുരളീധരൻ പറഞ്ഞു.

ഹൈന്ദവ വിശ്വാസപ്രകാരം പ്രതിഷ്ഠ നടത്തിയതാണെങ്കിലും ശബരിമല എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ക്ഷേത്രമാണ്. അയ്യപ്പനും വാവരും തമ്മിലുള്ള പ്രസിദ്ധമായ ബന്ധം ചില ആസാമിമാർ വിചാരിച്ചാൽ ഇല്ലാതാവില്ല. അയ്യപ്പനെയും വാവരെയും അകറ്റാനാണ് നീക്കം നടക്കുന്നത്, അതാണ് ബദൽ സംഗമം. ഇതിന് വഴിയൊരുക്കിയത് സർക്കാറി​ന്റെ സംഗമമല്ലേ? ആ സംഗമമത്തിന് എന്ത് റിസൽറ്റ് ഉണ്ടായി.?പിന്നെന്തിനാണ് കോൺഗ്രസ് അതിൽ പ​ങ്കെടുക്കുന്നത്. പാർട്ടി നിലപാടിൽ ഉറച്ചുനിൽക്കുന്നത് കൊണ്ട് എ​ന്തെങ്കിലും കുഴപ്പമുണ്ടായാൽ അത് നേരിടാനുള്ള കരുത്ത് കോൺഗ്രസിനുണ്ട്.

Tags:    
News Summary - congress has always stood for the believers says k muralidharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.