തൃശൂർ: കെ.പി.സി.സി വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനത്തിൽ കെ. മുരളീധരൻ പങ്കെടുക്കും. യാത്രയിൽ പങ്കെടുക്കാനായി കെ. മുരളീധരൻ ഗുരുവായൂരിൽ നിന്ന് കാറിൽ ചെങ്ങന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഏഴുമണിയോടെ അദ്ദേഹം പരിപാടിക്കെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാൽ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കില്ലെന്നായിരുന്നു മുരളീധരൻ നേതൃത്വത്തെ അറിയിച്ചിരുന്നത്. കെ.പി.സി.സി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു മുരളീധരന്റെ പ്രതിഷേധം. മാത്രമല്ല, മഹിളാ കോൺഗ്രസ് നേതൃത്വത്തിലുള്ള വ്യക്തിയെ പുനഃസംഘടനയിൽ പരിഗണിച്ചിട്ടും തന്റെ നിർദേശം തഴഞ്ഞതും നീരസത്തിന് ആക്കംകൂട്ടി.
പരിപാടിയുടെ ജാഥാ കാപ്റ്റൻ ആയിരുന്നു മുരളീധരൻ. കാപ്റ്റൻമാരിലൊരാൾ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്നറിയിച്ചത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
തുടർന്ന് നേതൃത്വം ഇടപെട്ട് മുരളീധരനെ അനുനയിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും നേരിട്ട് മുരളീധരനെ വിളിച്ചു സംസാരിച്ചു. മുരളീധരൻ നിർദേശിച്ച പേരുകൾ പരിഗണിക്കാമെന്നാണ് ഏറ്റവും പുതിയ വിവരം.
കെ.പി.സി.സി പുനഃസംഘടനയിൽ കെ. മുരളീധരൻ ന്യൂനപക്ഷ സെൽ വൈസ് ചെയർമാനായ കെ.എം. ഹാരിസിന്റെ പേര് നിർദേശിച്ചിരുന്നു. എന്നാൽ പരിഗണിച്ചിരുന്നില്ല. മരിയാപുരം ശ്രീകുമാറിനെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിലും മുരളീധരന് നീരസമുണ്ട്. തുടർന്നാണ് യാത്രയുടെ സമാപനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അറിയിച്ചത്. കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബെഹ്നാൻ എന്നിവരാണ് ജാഥാ കാപ്റ്റൻമാർ.
ഏറെ ചർച്ചകൾക്കും അനിശ്ചിതത്വത്തിനൊടുവിലാണ് കെ.പി.സിസിക്ക് ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. സന്ദീപ് വാര്യർ അടക്കം 58 ജനറൽ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരുമാണ് പുതിയ പട്ടികയിൽ. രാഷ്ട്രീയകാര്യ സമിതിയിൽ 6 പേരെ കൂടി ഉൾപ്പെടുത്തിയാണ് എഐസിസി നേതൃത്വം പട്ടിക പ്രസിദ്ധീകരിച്ചത്.
ടി. ശരത് ചന്ദ്രപ്രസാദ് , ഹൈബി ഈഡൻ, പാലോട് രവി, വി.ടി ബൽറാം , വി . പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി.സുഗതൻ, രമ്യ ഹരിദാസ്, എം.ലിജു, എ.എ ഷുക്കൂർ, എം. വിൻസെന്റ്, റോയി കെ. പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡണ്ട്മാർ. വി.എ നാരായണനാണ് ട്രഷറർ. രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, സി.പി മുഹമ്മദ്, എ .കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ പുതുതായി ഉൾപ്പെടുത്തിയത്.
നേരത്തെ അഞ്ച് വൈസ് പ്രസിഡണ്ടുമാരാണ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ പട്ടിക പ്രകാരം ഇത് 13 ആകും. നേരത്തെയുള്ള ധാരണ അനുസരിച്ച് ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്നതാണ് കീഴ്വഴക്കം. അങ്ങനെയെങ്കിൽ 58 ജനറൽ സെക്രട്ടറിമാറുള്ള സാഹചര്യത്തിൽ സെക്രട്ടറിമാരുടെ എണ്ണം 116 ആകും. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണത്തിലും വർധനയാണ്. ഫലത്തിൽ ഭാരവാഹികളുടെ ബാഹുല്യമാണ്.
സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് എം ലിജു വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തുന്നത്. ഫോൺ സംഭാഷണ വിവാദത്തെ തുടർന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡണ്ട് കസേര നഷ്ടപ്പെട്ടയാളാണ് വൈസ് പ്രസിഡണ്ട് പട്ടികയിലുള്ള പാലോടി രവി.
തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പാലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്‍റായും നിയമിച്ചു. അതേസമയം എല്ലാ ഗ്രൂപ്പുകൾക്കും മതിയായ പരിഗണന നൽകിയിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. പരാതിക്ക് ഇട നൽകാത്ത വിധം എല്ലാ ഗ്രൂപ്പുകളെയും പരിഗണിച്ചുള്ള പട്ടികയാണ് കെ.പി.സി.സി എ.ഐ.സി.സിക്ക് കൈമാറിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ മുറിമുറുപ്പുകളും കല്ലുകടികളും ഒഴിവാക്കി സംഘടനാ സംവിധാനം സുഗമമാക്കുന്നതിനുള്ള രാഷ്ട്രീയ രസതന്ത്രം കൂടി പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.