തൃശൂർ: രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി പാർട്ടിയിൽ ആരും ഇനി വാദിക്കരുതെന്നും അത് അടഞ്ഞ അധ്യായമാണെന്നും കെ. മുരളീധരൻ. പൊതു പ്രവർത്തനരംഗത്ത് മാന്യത പുലർത്താൻ രാഹുലിന് കഴിഞ്ഞില്ല. ധാർമികതയുള്ള പ്രവൃത്തിയല്ല രാഹുൽ ചെയ്തത്. ധാർമികതയുണ്ടെങ്കിൽ രാഹുൽ രാജിവെക്കുകയാണ് വേണ്ടതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധിയും കെ.പി.സി.സി ഇടപെടലും സ്വാഗതം ചെയ്യുന്നു. ഇരുനടപടികളും പൊതുസമൂഹത്തിന് സന്തോഷം പകരുന്നതാണ്. രാഹുലിന്റെ ഒരു തിരുത്തലും ഇനി ആവശ്യമില്ല. രാഹുലിനെ ഇനി പാർട്ടിക്ക് വേണ്ട. സൈബർ ആക്രമണങ്ങളെ താൻ ഭയപ്പെടുന്നില്ല. കൂലിത്തല്ലുകാരെ ആരാണ് പേടിക്കുകയെന്നും മുരളീധരൻ ചോദിച്ചു.
രാഹുലിനെതിരായ കോടതിവിധിക്ക് പിന്നാലെയാണ് കെ. മുരളീധരന്റെ പ്രസ്താവന. ലൈംഗികാരോപണക്കേസിൽ പൊലീസ് കേസെടുത്തതോടെ ഒളിവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.
എട്ട് ദിവസമായി ഒളിവിൽ തുടരുകയാണ് രാഹുൽ. വലിയമല പൊലീസ് രജിസ്റ്റർ ചെയ്ത് നേമം പൊലീസിന് കൈമാറിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 64(2)(എഫ്), 64(2)(എച്ച്), 64(2)(എം) ബലാത്സംഗം, 89 നിര്‍ബന്ധിത ഭ്രൂണഹത്യ, 115(2) കഠിനമായ ദേഹോപദ്രവം, 351(3) അതിക്രമം, 3(5) ഉപദ്രവം, ഐ.ടി ആക്ട് 66(ഇ) സ്വകാര്യതാ ലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധി വന്നതോടെ കോൺഗ്രസ് രാഹുലിനെ പുറത്താക്കിയിരുന്നു. എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു വർഷം തികഞ്ഞ വേളയിലാണ് രാഹുൽ കോൺഗ്രസിൽ നിന്ന് പുറത്താകുന്നത്. പാർട്ടി കൂടി കൈവിട്ടതോടെ രാഹുൽ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വയം രാജിവെക്കാൻ രാഹുൽ സന്നദ്ധനായില്ലെങ്കിൽ രാജിവെപ്പിക്കാൻ കോൺഗ്രസ് ചീഫ് വിപ്പിന് സ്പീക്കർക്ക് കത്തുനൽകാൻ സാധിക്കും.
എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു വർഷം തികഞ്ഞ വേളയിലാണ് രാഹുൽ കോൺഗ്രസിൽ നിന്ന് പുറത്താകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.