പാലക്കാട്: ‘ഏട്ടൻ’ വിളികൾക്ക് അർഹരായ ഒരുപിടി നേതാക്കൾ ഏക്കാലവും സവിശേഷതയായ പാലക്കാടൻ രാഷ്ട്രീയത്തിൽ ഭാഗ്യത്തെക്കാളേറെ നിർഭാഗ്യം വരിഞ്ഞുമുറുക്കിയ ചരിത്രംപേറി പെരുമാട്ടിയുടെ ഏട്ടൻ മന്ത്രിപദമണയുന്നത് തഴക്കത്തികവുള്ള കൃഷിക്കാരെൻറ മുഖപ്രസാദത്തോടെ. സോഷ്യലിസ്റ്റായുള്ള രംഗപ്രവേശം മുതൽ വെള്ളം, വളം, വരൾച്ച എന്നിങ്ങനെ നാവിൻതുമ്പത്ത് സദാ കളിയാടുന്ന കാർഷിക വചനങ്ങൾക്കും ആശയങ്ങൾക്കും രംഗഭാഷ്യം ചമക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ട് കൃഷ്ണൻകുട്ടിയേട്ടനെന്ന കെ. കൃഷ്ണൻകുട്ടിയുടെ ഈ നേട്ട നിമിഷങ്ങൾക്ക്.
രാഷ്ട്രീയവും കാർഷികവൃത്തിയും രണ്ടാണെന്ന തോന്നൽ ചിറ്റൂരിനടുത്ത് വിളയോടി എഴുത്താണി കളത്തിൽ കുഞ്ചുകുട്ടിയുടെ മകൻ കൃഷ്ണൻകുട്ടിക്ക് ഉണ്ടായിട്ടില്ല. 1980ൽ നിയമസഭയിൽ ആദ്യമായി എത്തിയതുമുതൽ കുരിയാർകുറ്റിയും കാരപ്പാറയും പറമ്പിക്കുളവും വിഷയമാകാത്ത ഒരു പ്രസംഗം ഉണ്ടായിട്ടുണ്ടാവില്ല. പലവിധ രൂപമാറ്റങ്ങൾക്ക് വിധേയമായ ജനതാദൾ-എസ് പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷി ആണെന്ന വിശേഷണത്തിലേക്ക് എത്തിച്ച നേതാവും മറ്റൊരാളല്ല. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിക്ക് സീറ്റ് നിഷേധമുണ്ടായപ്പോൾ വീരേന്ദ്രകുമാറിനോടൊപ്പം എൽ.ഡി.എഫ് വിട്ടെങ്കിലും നാല് വർഷത്തിനകം തിരിച്ചെത്തി.
തുടർന്ന് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പാലക്കാട്ട് സാക്ഷാൽ വീരേന്ദ്രകുമാർ യു.ഡി.എഫിന് വേണ്ടി അംഗത്തിനിറങ്ങിയപ്പോൾ എതിർപാളയത്തിലെ പ്രധാന പോരാളിയും പ്രചാരകനുമായിരുന്നു കൃഷ്ണൻകുട്ടി. കാർഷിക പ്രശ്നങ്ങൾ ഉന്നയിക്കുകയും പോരാടുകയും ചെയ്യുക മാത്രമല്ല, നൂതന സമ്പ്രദായത്തിൽ വിളവുകളിറക്കി വിജയംകൊയ്ത സ്വാനുഭവം നാടിന് മുന്നിൽവെച്ച പാരമ്പര്യം കൂടിയുണ്ട് ഈ നേതാവിന്.
കേരളത്തിനുതന്നെ മാതൃകയായ പ്രിസിഷൻ ഫാമിങ് പെരുമാട്ടി കമ്പാലത്തറയിൽ വിജയകരമായി പ്രാവർത്തികമാക്കി. വൈവിധ്യമാർന്ന െതങ്ങിനങ്ങൾ വളരുന്ന ഏക്കർകണക്കിന് വരുന്ന അദ്ദേഹത്തിെൻറ ഇരുളടഞ്ഞ കാർഷികഭൂമിയിൽ ഇല്ലാത്ത വിളവുകൾ അപൂർവമാണ്. കൊക്കകോള എന്ന കുത്തക കമ്പനിയെ പ്ലാച്ചിമടയിൽനിന്ന് കെട്ടുകെട്ടിക്കാൻ വഴിവെച്ച നിയമയുദ്ധത്തിന് പെരുമാട്ടി പഞ്ചായത്ത് തുടക്കംകുറിച്ചതും കൃഷ്ണൻകുട്ടിയുടെ നിർദേശത്താലായിരുന്നു. മുൻ മലപ്പുറം ജില്ല കലക്ടറും ഇപ്പോൾ വ്യവസായ വകുപ്പ് ഡയറക്ടറുമായ കെ. ബിജു, പെരുമാട്ടി ഗ്രാമപഞ്ചായത്ത് മെംബറും കൃഷിക്കാരനുമായ കെ. നാരായണൻകുട്ടി, കെ. അജയൻ, കെ. ലത എന്നിവർ മക്കളും വിലാസിനി ഭാര്യയുമാണ്.
സി.പി.ഐ ഐക്യമുന്നണിയിലായിരിക്കെ 1980ൽ ഇടതുമുന്നണി സ്ഥാനാർഥിയായി ചിറ്റൂരിൽനിന്ന് വിജയിച്ച കൃഷ്ണൻകുട്ടി രണ്ട് വർഷത്തിനകം നടന്ന അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെയായിരുന്നു. തുടർന്ന് ഇതുവരെ നടന്ന ഒന്നൊഴികെ എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും ചിറ്റൂരിൽ ഇടത് സ്ഥാനാർഥിയായിരുന്നെങ്കിലും മുന്നണി അധികാരത്തിൽ വന്ന ടേമുകളിലെല്ലാം തോറ്റ നിർഭാഗ്യമാണ് എഴുത്താണിയെന്ന അപരനാമം കൂടിയുള്ള കൃഷ്ണൻകുട്ടിക്കുള്ളത്.
‘ഏട്ടൻ’ വിളികൾക്ക് അർഹരായവരിൽപെട്ട കെ.എ. ചന്ദ്രനോട് ഒരുവട്ടവും കെ. അച്യുതനോട് മൂന്നുവട്ടവും തോറ്റു. തുടർച്ചയായി അഞ്ചാം വിജയം തേടിവന്ന കെ. അച്യുതനെതിരെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൃഷ്ണൻകുട്ടി ജയിച്ചുകയറിയത്. ഇടത് മന്ത്രിസഭ അധികാരത്തിലേറിയപ്പോഴൊക്കെ മുൻ എം.എൽ.എ എന്ന വിശേഷണത്തിൽ ഒതുങ്ങാൻ വിധിക്കപ്പെട്ട കൃഷ്ണൻകുട്ടിയുടെ മന്ത്രിപദവിക്ക് തിളക്കം വർധിക്കുന്നതും ഈ സാഹചര്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.