കാലാവധി പൂർത്തിയാക്കും; രാജി അഭ്യൂഹങ്ങൾ തള്ളി കെ. ജയകുമാർ
തിരുവനനന്തപുരം: ദേവസ്വം മന്ത്രി കെ. മുരളീധരനുയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് രാജിക്കൊരുങ്ങുന്നു എന്ന വാർത്തകൾ നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ദേവസ്വംബോർഡ് പ്രസിഡന്റ് സ്ഥാനം ജയകുമാർ രാജിവക്കാൻ ആലോചിക്കുന്നെന്ന നിലയിലുള്ള പ്രചാരണങ്ങൾ സജീവമായ സാഹചര്യത്തിലാണ്
വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ദേവസ്വം പ്രസിഡന്റായി കാലാവധി പൂർത്തിയാക്കുമെന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവസ്വം മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമേയുള്ളൂ.
അതേസമയം, മന്ത്രിക്ക് മാത്രമായി ശബരിമലയിൽ ഗാർഡിനെ നിയമിച്ചത് ദേവസ്വം ബോർഡ് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ സങ്കീർണമാണ്. വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലപ്പോൾ നിരാശ ഉണ്ടാകും. മന്ത്രിയും ബോർഡുമായി അഭിപ്രായവ്യത്യാസമില്ലെന്നും ആശയങ്ങൾ കൈമാറിയതിൽ പ്രശ്നമുണ്ടെങ്കിൽ പറഞ്ഞ് മനസിലാക്കുമെന്നും ജയകുമാർ പ്രതികരിച്ചു. നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ല. കാലാവധി പൂർത്തിയാക്കിയിട്ടെ ഇറങ്ങൂ- അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയും വിയോജിപ്പും ദേവസ്വം മന്ത്രി കെ. മുരളീധരൻ പലതവണ പ്രകടിപ്പിച്ചിരുന്നു. ദേവസ്വം ക്ഷേത്രങ്ങളിലെ പല കാര്യങ്ങളിലും മന്ത്രി എതിർക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ തിരുവോണദിവസത്തെ ഓണസദ്യയും വിവാദമായിരുന്നു. ഇതിനെക്കുറിച്ച് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ശബരിമലയിൽ ഒരേപന്തിയിൽ രണ്ട് സദ്യ വിളമ്പിയതായിരുന്നു മന്ത്രിയുടെ അതൃപ്തിക്ക് ഇടയാക്കിയത്.
എന്നാൽ തിരുവോണ സദ്യയിൽ ആദ്യം ബോർഡ് പ്രസിഡന്റ് മന്ത്രിയെ തള്ളിയിരുന്നു. മന്ത്രിയെ ആരെങ്കിലും തെറ്റിധരിപ്പിച്ചതാകുമെന്നായിരുന്നു പ്രതികരണം. എന്നാൽ ദേവസ്വം ബോർഡ് യോഗ ശേഷം പാളിച്ച സംഭവിച്ചതായി ജയകുമാർ സമ്മതിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ജയകുമാർ ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന നിലയിലുള്ള പ്രചാരണമുണ്ടായതും അദ്ദേഹം അത് തള്ളിയതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.