മെസ്സിയുടെ പേരിലെ കള്ളക്കളി: രേഖകൾ കണ്ടെത്താൻ എസ്.ഐ.ടി നീക്കം
തിരുവനന്തപുരം: മെസ്സിയേയും അർജന്റീന ടീമിനെയും കൊണ്ടുവരാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ കായികവകുപ്പിന്റെ പക്കലില്ലെന്ന് സ്പെഷൽ സെക്രട്ടറി ചൂണ്ടിക്കാട്ടിയ രേഖകൾ കണ്ടെത്താനുള്ള നീക്കത്തിൽ എസ്.ഐ.ടി. ഇക്കാര്യത്തിലെ കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ രണ്ടാം അന്വേഷണ റിപ്പോർട്ടും എസ്.ഐ.ടിയുടെ പരിഗണനക്കായി ആഭ്യന്തരവകുപ്പിന് കൈമാറി. അതിന് പുറമെ പ്രശാന്തിൽനിന്ന് എസ്.ഐ.ടി വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, മെസ്സിയുടെ പേരിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളിൽ പലതും കായിക വകുപ്പിന്റെ പക്കലില്ലെന്ന മൊഴിയാണ് അദ്ദേഹം നൽകിയത്.
സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് (ആർ.ബി.സി) വരുമാനവും ലാഭവും അടക്കം പരിപാടിയുടെ എല്ലാ അവകാശങ്ങളും മുൻ സർക്കാർ സൗജന്യമായി വിട്ടുനൽകിയെന്നാണ് കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ രണ്ടാമത്തെ റിപ്പോർട്ടിലുള്ളത്. വരുമാനത്തിന്റെ കാര്യത്തിലും കള്ളക്കണക്കുണ്ടാക്കി. അർജന്റീന ഫുട്ബാൾ അസോസിയേഷന് നൽകാനെന്ന പേരിൽ വിദേശത്തേക്ക് പണം അയയ്ക്കുന്നതിന് സ്പോൺസർ അനുമതി തേടിയതിൽ വിദേശ നാണയ വിനിമയചട്ട ലംഘനമുണ്ട്. സ്പോൺസർക്ക് അഞ്ച് കോടിയുടെ സാമ്പത്തിക ഇളവ് നൽകിയാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വിട്ടു നൽകിയത്. സർക്കാരുമായി കരാർ ഒപ്പുവയ്ക്കാത്ത പദ്ധതിക്കായി രണ്ട് ഐ.എ.എസുകാരുടെ സേവനം പൂർണമായും വിട്ടു നൽകാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. സ്പോൺസർക്ക് കൊള്ള ലാഭം കൊയ്യാവുന്ന തരത്തിലാണ് സ്പോർട്സ് കേരള ഫൗണ്ടേഷൻ മത്സരങ്ങളുടെ ഡി.പി.ആർ തയ്യാറാക്കിയതെന്ന് റിപ്പോർട്ടിലുണ്ട്.
വരുമാനം കുറച്ചുകാട്ടി ടിക്കറ്റ്, സംപ്രേഷണം എന്നിവ മാത്രമാണ് ഡി.പി.ആറിൽ വരുമാനമായി കാണിച്ചത്. വരുമാനം കിട്ടുന്ന മറ്റ് മേഖലകളായ സ്പോൺസർഷിപ്പ്, സെൽഫിയെടുക്കൽ, ഗെറ്റുഗദർ, ടേബിൾ ഡിന്നർ തുടങ്ങിയവ വഴിയുള്ള വരുമാനങ്ങൾ മറച്ചുവച്ചു. ഇതിലൂടെ സ്പോൺസർക്ക് വൻ ലാഭം ഉണ്ടാക്കാൻ വഴിയൊരുക്കി. 200 കോടി രൂപയെങ്കിലും ലാഭം കിട്ടുന്നത് മറച്ചുവച്ചാണ് വരുമാനം കുറച്ചുകാണിച്ചത്. ഇക്കാര്യങ്ങളെല്ലാം പ്രശാന്ത് എസ്.ഐ.ടിക്ക് മുമ്പാകെ വിശദീകരിച്ചു. ധനകാര്യ, കായിക വകുപ്പിൽ നിന്നുള്ള ഫയലുകൾ എസ്.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.