രമ്യ ഹരിദാസ്, എം.എം. ഹസൻ
രമ്യ ഹരിദാസ് അന്വേഷണ കമീഷന് മുന്നിൽ ഹാജരായില്ല; റിപ്പോർട്ട് ഉടനെന്ന് എം.എം ഹസൻ
പാലക്കാട്/തിരുവനന്തപുരം: ചിറയിന്‍കീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ച സംഭവം അന്വേഷിക്കാന്‍ കെ.പി.സി.സി നിയോഗിച്ച എം.എം. ഹസൻ കമീഷന് മുമ്പാകെ രമ്യ ഹരിദാസ് എം.എൽ.എ ഹാജരായില്ല. ഫോണിലൂടെയാണ് അവർ മൊഴി നല്‍കിയത്.
രമ്യ ഹരിദാസ് ഡല്‍ഹിയിലാണെന്നാണ് എം.എം. ഹസന് പ്രതികരിച്ചത്. എന്നാല്‍, രമ്യ ഞായറാഴ്ച പാലക്കാട്ടുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദമുയർന്നു. പാലക്കാട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും രമ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡി.സി.സി അധ്യക്ഷന്‍ എ. തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനായാണ് രമ്യ പാലക്കാട്ടെത്തിയത്. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര.
പാർട്ടി നിയോഗിച്ച അന്വേഷണ കമീഷനെ രമ്യ തെറ്റിദ്ധരിപ്പിച്ചതായാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ഡൽഹിയിലെ ഔദ്യോഗിക പരിപാടികളിലും ഫരീദാബാദിലെ സെമിനാറിലും പങ്കെടുക്കുമെന്നും, ഇതിനായി കേരള ഹൗസിൽ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നുമാണ് അവർ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നത്.
എന്നാൽ, ടിക്കറ്റെടുത്തിരുന്നെങ്കിലും ശാരീരിക പ്രയാസം മൂലമാണ് ഡൽഹിയിൽ പോകാതിരുന്നതെന്ന് രമ്യ ഹരിദാസ് എം.എൽ.എ പറഞ്ഞു. അന്വേഷണ കമീഷന് മുന്നില്‍ കള്ളം പറഞ്ഞെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അവർ. ഡി.സി.സി അധ്യക്ഷന്റെ മകളുടെ വിവാഹത്തിനായാണ് പാലക്കാട്ടെത്തിയത്. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നാരോപിച്ച രമ്യ, ചിറയിന്‍കീഴിലെ പ്രശ്നം പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂവെന്നും കൂട്ടിച്ചേർത്തു.
അതേസമയം, നെയ്യാറ്റിൻകരയിലെ കൈയാങ്കളി സംഭവത്തിൽ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ രമ്യ ഹരിദാസ് എം.എൽ.എയുമായി സംസാരിക്കുമെന്ന് കെ.പി.പി.സി നിയോഗിച്ച അന്വേഷണ സമിതി അധ്യക്ഷൻ എം.എം ഹസൻ പറഞ്ഞു. കഴിഞ്ഞ ദിവസം രമ്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഡൽഹിയിൽ പോകുന്നുവെന്ന് അറിയിച്ചതിനാൽ വിശദമായി സംസാരിക്കാനായില്ല.
അവരുമായി നേർക്കുനേർ സംസാരിച്ചശേഷം റിപ്പോർട്ട് നൽകും. പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയത് കൊണ്ടാണ് രണ്ട് പേർക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തത്. എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് സസ്പെൻഷനെന്ന് ഹസൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ചിറയിൻകീഴിൽ രമ്യ ഹരിദാസ് എം.എൽ.എയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമുണ്ടായത്.
പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധം അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പാളയം പ്രദീപിനെയും എസ്.സജാദിനെയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പ്രതികരിക്കാതെ സണ്ണി ജോസഫ്
പാലക്കാട്: ചിറയിൻകീഴിൽ കോണ്‍ഗ്രസ് നേതാക്കളുമായുണ്ടായ കൈയാങ്കളിയില്‍ രമ്യ ഹരിദാസ് എം.എൽ.എ അന്വേഷണ കമീഷന് മുന്നില്‍ ഹാജരാകാത്തതില്‍ പ്രതികരിക്കാതെ കെ.പി.സി.സി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. രമ്യ ഹരിദാസ് പാലക്കാട്ടുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് സംബന്ധിച്ച ചോദ്യത്തോട് തനിക്കറിയില്ലെന്നും ദൃശ്യങ്ങള്‍ ശ്രദ്ധിച്ചില്ലെന്നും അത് തന്റെ ‘കണ്‍സേണ്‍’ അല്ലെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
അന്വേഷണ കമീഷന് മുന്നില്‍ ഹാജരാകില്ലെന്ന് രമ്യ അറിയിച്ചിരുന്നോയെന്ന ചോദ്യത്തോട് തനിക്കറിയില്ല, അധ്യക്ഷനായ എം.എം. ഹസനോട് ചോദിക്കണമെന്നായിരുന്നു മറുപടി. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനാലാണ് രണ്ട് പേർക്കെതിരെ നടപടിയെടുത്തതെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. എല്ലാ ചോദ്യത്തിനും താന്‍ മറുപടി പറയേണ്ടതില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.