‘മിൽമ മേഖലാ യൂനിയൻ പിരിച്ചുവിട്ട നടപടി രാഷ്ട്രീയ പ്രേരിതം’;ശബരിമല നെയ്യ് ഇടപാടിൽ വ്യാജപരാതി എഴുതിവാങ്ങിയെന്നും ആരോപണം
തിരുവനന്തപുരം: മിൽമ ഫെഡറേഷൻ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ പ്രേരിതമായാണ് തിരുവനന്തപുരം മേഖലാ യൂനിയൻ ഭരണസമിതി പിരിച്ചുവിട്ടതെന്ന് ഭരണസമിതി മുൻഅംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. രണ്ടാഴ്ചക്കുള്ളിൽ നടക്കേണ്ടിയിരുന്ന ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഈ നീക്കം. ശബരിമലയിലേക്ക് ഗുണനിലവാരമില്ലാത്ത നെയ്യ് കയറ്റിയയച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്.
ശബരിമലയിലേക്ക് കൊണ്ടുപോകുന്ന എല്ലാ ഉൽപ്പന്നങ്ങളും സംസ്ഥാന ഭക്ഷ്യസുരക്ഷ വിഭാഗം പമ്പയിൽ പരിശോധന നടത്തിയാണ് സന്നിധാനത്തേക്ക് അയക്കുന്നത്. ഗുണനിലവാരമുള്ള നെയ്യാണെന്ന് സർട്ടിഫിക്കറ്റ് നൽകിയത് സംസ്ഥാന ഭക്ഷ്യസുരക്ഷ വിഭാഗമാണ്. വില നിശ്ചയിച്ചതിലും ട്രാൻസ്പോർട്ടേഷൻ കരാർ നൽകിയതിലും രജിസ്ട്രാറുടെ നോമിനിയായ ഉദ്യോഗസ്ഥയും എൻ.ഡി.ഡി.ബി പ്രതിനിധിയും മിൽമ ഫെഡറേഷൻ പ്രതിനിധിയും പങ്കാളികളാണ്. ദേവസ്വം ബോർഡിന് നെയ്യ് നൽകിയതിന് മുഴുവൻ തുകയും ജനുവരിയിൽ മിൽമക്ക് ലഭിച്ചു.
ജൂണിലാണ് പരാതി വാങ്ങി ക്ഷീരവകുപ്പ് യൂനിയൻ പിരിച്ചുവിടൽ നടപടി സ്വീകരിച്ചത്. ഭരണസമിതിയെ പിരിച്ചുവിടാൻ കാരണമായി പറഞ്ഞ വിഷയങ്ങളിൽ രണ്ടെണ്ണം നടന്നത് മുൻ ഭരണസമിതിയുടെ കാലത്താണ്. പിരിച്ചുവിടൽ നടപടിക്കെതിരായ ഹരജി ഹൈകോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണെന്ന് വി.എസ് പത്മകുമാർ, കെ.ആർ മോഹനൻ പിള്ള, മണി വിശ്വനാഥൻ, കെ. അനിമോൻ, കൃഷ്ണൻപോറ്റി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.