ജാമ്യാപേക്ഷയിൽ എട്ടിന് വിധി
ദിവ്യയും കലക്ടറും ഗൂഢാലോചന നടത്തിയെന്ന് നവീന്റെ
കുടുംബം
തലശ്ശേരി: കണ്ണൂർ എ.ഡി.എമ്മായിരിക്കെ കെ. നവീൻബാബു കൈക്കൂലി കൈപ്പറ്റിയെന്ന് ആവർത്തിച്ച് കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തും നവീൻബാബുവും ഫോണിൽ സംസാരിച്ചെന്നും ഇരുവരും കണ്ടുമുട്ടിയതിന് സി.സി.ടി.വി ദ്യശ്യങ്ങൾ ഉണ്ടെന്നും തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽ ദിവ്യയുടെ ജാമ്യാപേക്ഷയിൽ നടന്ന വാദത്തിൽ അഭിഭാഷകൻ കെ. വിശ്വൻ ചൂണ്ടിക്കാട്ടി.
തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ പറഞ്ഞുവെന്ന് കലക്ടറുടെ മൊഴിയുണ്ട്. പണം വാങ്ങിയതിന് തുല്യമാണത്. കൊയ്യത്തെ സഹകരണബാങ്കിൽ സ്വർണം പണയം വെച്ച് കിട്ടിയ പണമാണ് കൈക്കൂലിയായി നൽകിയത്. കൈക്കൂലി നൽകിയതിനാണ് പ്രശാന്തിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. കൈക്കൂലി വാങ്ങിയെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിലുമുണ്ട്. സദുദ്ദേശ്യത്തോടെയാണ് ദിവ്യ അഴിമതിക്കെതിരെ സംസാരിച്ചതെന്നും യാത്രയയപ്പ് യോഗത്തിൽ അങ്ങനെ വേണ്ടിയിരുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നതിനാൽ ദിവ്യക്ക് ജാമ്യം നൽകണമെന്നും അഭിഭാഷകൻ ഉന്നയിച്ചു.
പ്രോസിക്യൂഷനും നവീന്റെ കുടുംബവും ഈ വാദത്തെ ശക്തമായി എതിർത്തു. രണ്ട് മണിക്കൂർ നീണ്ട വാദങ്ങൾക്കൊടുവിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ഉത്തരവിട്ടു.
പി.പി. ദിവ്യയും കലക്ടറും ഗൂഢാലോചന നടത്തിയതായി നവീൻബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ ജോൺ എസ്. റാൽഫ് വാദിച്ചു. ജില്ല കലക്ടറുടെ മൊഴി വിശ്വാസത്തിലെടുക്കാൻ സാധിക്കില്ല. കലക്ടറുടെയും പ്രശാന്തിന്റെയും ഫോൺ കോളുകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷനും ശക്തമായി എതിർത്തു. പ്രശാന്തുമായി ഫോണിൽ സംസാരിച്ചത് എങ്ങനെ കൈക്കൂലി വാങ്ങിയതിന്റെ തെളിവാകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാർ ചോദിച്ചു.ഒരാഴ്ചയായികണ്ണൂർ വനിത ജയിലിൽ ഒരാഴ്ചയായി കഴിയുന്ന ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.