മാധ്യമപ്രവർത്തകർ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗം -മന്ത്രി റിയാസ്

കണ്ണൂർ: ഇതുവരെ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകരെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മനസാക്ഷിക്കനുസരിച്ച് വാർത്തകൾ നൽകാൻ അവർക്ക് കഴിയുന്നില്ല. സ്വന്തം മനസാക്ഷിക്ക് വിരുദ്ധമായി ചിലത് പറയേണ്ടിയും വരുന്നു. ഉടമകളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് നിൽക്കേണ്ട ഗതികേട് മാധ്യമ പ്രവർത്തകർക്കുണ്ടെന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി 2016 മുതൽ 2021 വരെ കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെ മാധ്യമങ്ങൾ വേട്ടയാടുന്നത് നമ്മൾ കണ്ടതാണ്. അന്നത്തെ അന്തിചർച്ചകൾ വിശ്വസിച്ച് ജനങ്ങൾ പോളിങ് ബൂത്തിൽ പോയിരുന്നെങ്കിൽ എൽ.ഡി.എഫിന് 140 മണ്ഡലങ്ങളിലും കെട്ടിവെച്ച പണം ലഭിക്കില്ലായിരുന്നു. അന്തിചർച്ചകളിലെ വിഷയങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയാണെന്ന പ്രഖ്യാപനം കൂടിയായിരുന്നു 2021ലെ തെരഞ്ഞെടുപ്പ് ഫലം. ഇപ്പോൾ കുറേദിവസങ്ങളായി അത് വീണ്ടും പുറത്തെടുക്കുന്നുണ്ട്. അത് അതിന്‍റേതായ രീതിയിൽ പോകട്ടെ. ചാനലുകളുടെ പ്രമോകാർഡുകളിൽ തന്‍റെ ചിത്രങ്ങളടക്കം വരുന്നുണ്ട്.

ചിരിച്ചുനിൽക്കുന്ന ചിത്രമാണ് വരുന്നത്. പേടിച്ചുനിൽക്കുന്ന ചിത്രമാണ് കൊടുക്കാൻ നല്ലത്. അത്തരത്തിലുള്ള ചിത്രം ആവശ്യമുണ്ടെങ്കിൽ ഫോട്ടോഗ്രാഫറെ അയച്ചാൽ മതി. അങ്ങനെ പോസ് ചെയ്തുതരാം. വിഷയത്തിനനുസരിച്ച് അങ്ങനെയുള്ള ചിത്രമാവും നല്ലതെന്നും മന്ത്രി റിയാസ് പറഞ്ഞു.

Tags:    
News Summary - Journalists are a section where freedom is not available - Minister Riyaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.