ന്യൂഡൽഹി: ഇന്ത്യക്കും പാകിസ്താനും ഇടയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം.പി. സംഘർഷവും യുദ്ധവും ഇരുരാജ്യങ്ങൾക്കും അഭികാമ്യമല്ല എന്ന നിലപാട് തുടക്കം മുതൽ തന്നെ സി.പി.എം സ്വീകരിച്ചിരുന്നു. ഈ കാലഘട്ടം യുദ്ധത്തിന്റേതല്ല എന്ന് യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വ്ലാദിമിർ പുട്ടിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്ത്യ-പാക് വെടി നിർത്തൽ സംബന്ധിച്ച ആദ്യ പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് നടത്തിയത് എന്നത് അത്യന്തം ഉൽകണ്ഠാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
‘അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മാർക്കോ റുബിയോയുടെ ദീർഘമായ സന്ദേശം ഒരിക്കലും ആശാസ്യമല്ല. അമേരിക്കയുടെ ആഴത്തിലുള്ള മാധ്യസ്ഥം പുറത്തുകൊണ്ടുവരുന്ന രീതിയിലാണ് മാർക്കോ റുബിയ ട്വീറ്റ് ചെയ്തിരിക്കുന്നത്. കാശ്മീർ വിഷയം അന്താരാഷ്ട്രവൽക്കരിക്കുന്നതിലേക്ക് ഇത് നയിക്കുമോ എന്ന ആശങ്ക വ്യാപകമാണ്. സിംല കരാറിന്റെ നഗ്നമായ ലംഘനമാണ് ഇത്’ -ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ പൂർണമായും സ്വാഗതം ചെയ്യുന്നു.
സംഘർഷവും യുദ്ധവും ഇരുരാജ്യങ്ങൾക്കും അഭികാമ്യമല്ല എന്ന നിലപാട് തുടക്കം മുതൽ തന്നെ സിപിഐഎം സ്വീകരിച്ചിരുന്നു . കഴിഞ്ഞ ദിവസം നടന്ന സർവ്വകക്ഷി യോഗത്തിലും അന്തരീക്ഷത്തിന് അയവു വരുത്താൻ നടപടികൾ ഉണ്ടാവണമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യ ലക്ഷ്യമിട്ട കാര്യങ്ങളിൽ ഫലപ്രാപ്തി ഉണ്ടായി എന്ന് രാജ്യരക്ഷാ മന്ത്രി പറഞ്ഞ സ്ഥിതിക്ക് ഇനി സംഘർഷം അവസാനിപ്പിക്കാനുള്ള സർഗാത്മഗമായ നടപടികളിൽ ഏർപ്പെടാൻ നമ്മൾ വ്യാപൃതരാകണമെന്ന അഭിപ്രായം ആ യോഗത്തിൽ ഉന്നയിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പറഞ്ഞിട്ടുണ്ട് , ഈ കാലഘട്ടം യുദ്ധത്തിന്റേതല്ല എന്നുള്ളത്. ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പുട്ടിനു നൽകിയ ഉപദേശമാണ്.
യുദ്ധംകൊണ്ട് ഇന്നേവരെ ഒരു തീവ്രവാദ പ്രവർത്തനത്തിനും അറുതി വരുത്താൻ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല . പാക്കിസ്ഥാൻ പോലെയുള്ള ഒരു രാജ്യത്തിൻറെ നിയന്ത്രണം ഒരു സിവിലിയൻ ഭരണകൂടത്തിൽ നിന്ന് തീവ്രവാദികളുടെ കയ്യിലേക്ക് മാറുമ്പോൾ അത് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിയാവുന്നതാണ്. ഒരു ആണവായുധ രാഷ്ട്രത്തിന്റെ നിയന്ത്രണം തെമ്മാടിക്കൂട്ടങ്ങൾക്ക് ലഭിച്ചാൽ ഉണ്ടാകുന്ന ദുര്യോഗത്തെ കുറിച്ചു ആർക്കും മനസിലാക്കാൻ കഴിയും.
അതെ സമയം പാക്കിസ്ഥാൻ സൈന്യവും ഇന്ത്യൻ സൈന്യവും അയച്ചതിനേക്കാൾ കൂടുതൽ മിസൈലുകൾ വർഷിച്ചത് ഇന്ത്യയിലെ മാധ്യമങ്ങളാണെന്നുള്ള കാര്യം മറക്കാൻ പാടില്ല . ഓരോ നിമിഷവും സംഭ്രമജനകമായ വാർത്തകൾ ജനിപ്പിക്കുന്നതിലായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധ. യുദ്ധവെറിയും യുദ്ധജ്വരവും ആളിക്കത്തിക്കുന്ന രീതിയിലുള്ള സമീപനമാണ് ഒട്ടുമിക്ക മാധ്യമങ്ങളും സ്വീകരിച്ചത്. കേന്ദ്ര സർക്കാർ ഇതിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു..
വെടി നിർത്തൽ സംബന്ധിച്ച ആദ്യ പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് നടത്തിയത് എന്നത് അത്യന്തം ഉൽകണ്ഠാജനകമാണ് .. അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മാർക്കോ റുബിയോയുടെ ദീർഘമായ സന്ദേശം ഒരിക്കലും ആശാസ്യമല്ല . അമേരിക്കയുടെ ആഴത്തിലുള്ള മാധ്യസ്ഥം പുറത്തുകൊണ്ടുവരുന്ന രീതിയിലാണ് മാർക്കോ റുബിയ ട്വീറ്റ് ചെയ്തിരിക്കുന്നത് . കാശ്മീർ വിഷയം അന്താരാഷ്ട്രവൽക്കരിക്കുന്നതിലേക്ക് ഇത് നയിക്കുമോ എന്ന ആശങ്ക വ്യാപകമാണ് . സിംല കരാറിന്റെ നഗ്നമായ ലംഘനമാണ് ഇത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.