ജോലിതട്ടിപ്പ്: കേരളത്തിലടക്കം ഇ.ഡി റെയ്ഡ്

ന്യൂഡൽഹി: കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ 15 ഇടത്ത് റെയ്ഡുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സർക്കാർ ജോലികൾക്കായി വ്യാജ നിയമന കത്തുകൾ അയച്ചതിനെക്കുറിച്ചുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായായിരുന്നു റെയ്ഡ്. കേരളത്തിൽ എറണാകുളം, പന്തളം, അടൂർ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഇ.ഡിയുടെ പട്‌ന ഓഫിസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.

റെയിൽവേയുടെ പേരിലാണ് ആദ്യം തട്ടിപ്പ് കണ്ടെത്തിയത്. പിന്നീട് വനം, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, ഇന്ത്യ പോസ്റ്റ്, ആദായനികുതി വകുപ്പ്, ഹൈകോടതികൾ, പി.ഡബ്ല്യു.ഡി, ബിഹാർ സർക്കാർ, ഡൽഹി വികസന അതോറിറ്റി, രാജസ്ഥാൻ സെക്രട്ടേറിയറ്റ് തുടങ്ങിയ 40ൽ അധികം സ്ഥാപനങ്ങളിലെ ജോലികൾക്കെന്ന പേരിലും തട്ടിപ്പ് നടന്നു.

വ്യാജ നിയമന കത്തുകൾ അയക്കാൻ സംഘം വ്യാജ ഇ-മെയിൽ അക്കൗണ്ടുകൾ ഉപയോഗിച്ചതായി ഇ.ഡി കണ്ടെത്തി. ഉദ്യോഗാർഥികളുടെ വിശ്വാസം നേടുന്നതിനായി തട്ടിപ്പുകാർ മൂന്നു മാസത്തേക്ക് ശമ്പളം മുൻകൂറായി നൽകിയിരുന്നു.

ആർ.പി.എഫ്, ടി.ടി.ഇ, ടെക്നീഷ്യൻ തുടങ്ങിയ പദവികളിലേക്കാണ് ഇവർക്ക് വ്യാജ നിയമനം നൽകിയത്. ബിഹാറിലെ മുസാഫർപൂർ, മോത്തിഹാരി, ബംഗാളിലെ കൊൽക്കത്ത, തമിഴ്‌നാട്ടിലെ കൊടൂർ, ചെന്നൈ, ഗുജറാത്തിലെ രാജ്കോട്ട് , ഉത്തർപ്രദേശിലെ ഗോരഖ്പൂർ, പ്രയാഗ്‌രാജ്, ലഖ്‌നോ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

Tags:    
News Summary - Job scam: ED raids in Kerala, among others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.