കോഴിക്കോട് : ജോബ് പോർട്ടലും വിദേശ റിക്രൂട്ട്‌മെന്റും പദ്ധതിയിൽ അനുവദിച്ച 1.13 കോടിയിൽ നോർക്ക ചെലവഴിച്ചത് 37.53 ലക്ഷം രുപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ജോബ് പോർട്ടലിന്റെയും വിദേശ റിക്രൂട്ട്‌മെന്റ് പ്രോജക്റ്റിന്റെയും ലക്ഷ്യം കൈവരിച്ചില്ലെന്നാണ് വിലയിരുത്തൽ. ആകെ അനുവദിച്ച ഫണ്ടിൽ മൂന്നലൊന്ന് മാത്രമാണ് വിനിയോഗിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി.
2021 ജൂൺ ഒമ്പതിന് കേരളം ഭരണാനുമതിയും നൽകി. 2021 ജൂൺ 23 ന് 75 ലക്ഷം അനുവദിച്ചു. അതിൽ ജോബ് പോർട്ടലിന്റെ പരിഷ്‌ക്കരണത്തിനും പരിപാലനത്തിനും ജോലി ആഗ്രഹിക്കുന്നവർക്കായി ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനും അനുവദിച്ചത് 28 ലക്ഷമാണ്. ഇതിൽ ചെലവഴിച്ചതാകട്ടെ 15.70 ലക്ഷംരൂപ.
റിക്രൂട്ട്‌മെന്റ് കാമ്പയിൻ, വിദേശത്ത് നിന്ന് തൊഴിലുടമകളെ കണ്ടെത്തൽ, തൊഴിൽ മേളയുടെ നടത്തിപ്പ് എന്നിവക്ക് 45 ലക്ഷം രൂപ അനുവദിച്ചു. അതിലാകട്ടെ 66,000 രൂപ ചെലവഴിച്ചു. പ്രിന്റ് , ഇലക്ടോണിക്, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വഴി പ്രചാരണത്തിന് 30 ലക്ഷം രൂപ അനവദുച്ചു. ചെലവഴിച്ചത് 11.17 ലക്ഷംരൂപ. ഭരണപരമായ മറ്റു ചെലവുകൾക്ക് അനുവദിച്ച 10 ലക്ഷത്തിൽ 100 ശതമാനവും ചെലവഴിച്ചു.
ഈ പദ്ധതിയുടെ 2016 -17 മുതൽ 2020- 21 വരെയുള്ള അഞ്ചുവർഷത്തെ കണക്ക് പരിശോധിച്ചാൽ ആകെ 5.91 കോടി രൂപയാണ് നീക്കി വെച്ചത്. ചെലവഴിച്ചതാകട്ടെ 1.29 കോടി രൂപ മാത്രം. നീക്കിവെച്ച ഫണ്ടിന്റെ 21 ശതമാനമാണ് ക്ഷേമത്തിന് ചെലവഴിച്ചതെന്നും പരിശോധനയിൽ കണ്ടെത്തി.
2016-17 ൽ നീക്കിവെച്ചത് 50 ലക്ഷം ആണ്. അത് ചെലവഴിച്ചില്ല. 2017-18 ൽ തുക നീക്കിവെച്ചില്ല. 2018-19 ൽ അനുവദിച്ചത് മൂന്ന് കോടി. ചെലവഴിച്ചത് 16.05 ലക്ഷം രൂപയാണ്. 2019-20 ൽ 1.28 കോടി നീക്കിവെച്ചു. 45.54 ലക്ഷമാണ് ചെലവഴിച്ചത്. 2020-21 ലാകട്ടെ 1.13 കോടി നീക്കിവെച്ചു. ചെലവഴിച്ചത് 58.75 ലക്ഷം മാത്രം.
വിദേശ തൊഴിലുടമകൾക്ക് ഉദ്യോഗാർഥികളെ ഔട്ട്‌സോഴ്‌സിങ് ചെയ്യുന്നതിനുള്ള ഡാറ്റാബേസായി നോർക്ക- റൂട്ട്‌സ് വികസിപ്പിച്ച ജോബ് പോർട്ടൽ ഉപയോഗിക്കുന്നു. വിദേശ തൊഴിലുടമകളെ കൂടുതൽ ആകർഷിക്കുന്നതിന് നോർക്ക റൂട്ട്സ് ആണ് അവരെ സമീപിക്കുന്നത്. ഇതിനായി തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മിലുള്ള ആശയവിനിമയത്തിനും സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി ജോബ് പോർട്ടൽ നവീകരിക്കേണ്ടത് ആവശ്യമാണ്. അതിന് അനുവദിച്ച തുകയാണ് ചെവഴിക്കാതിരുന്നത് . ഈ ഫണ്ട് നോർക്കയുടെ കെടുകാര്യസ്ഥതകൊണ്ട് ചെവഴിക്കാതെ പോകുന്നുവെന്നാണ് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നകത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.