മുണ്ടത്തിക്കോട് വെടിക്കെട്ട് അപകട സ്ഥലം പൊലീസ് (ഫയൽ)
കൊച്ചി: വെടിക്കെട്ടിന്റെ ഘടന മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത അന്വേഷണ കമീഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. വെടിക്കെട്ടിനെ ലൈറ്റ് ഷോയാക്കി മാറ്റിയാൽ അപകടവും വ്യാപ്തിയും കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വെടിക്കെട്ട് അപകടരഹിതമാക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നതെന്നും അതിന് ഊന്നൽ കൊടുത്താണ് കമീഷന്റെ അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.
ജ. സി.എൻ. രാമചന്ദ്രൻ നായർ
അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച തൃശൂരിലെത്തി ജില്ലാ കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പരിക്കേറ്റവരെ ആശുപത്രിയിലെത്തി കാണുകയും അപകടസ്ഥലം സന്ദർശിക്കുകയും ചെയ്യുമെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അറിയിച്ചു.
വിമാനദുരന്തം അന്വേഷിക്കാൻ കമീഷനെ നിയോഗിക്കാറുണ്ട്. ഒാരോ വിമാനദുരന്തത്തിനും ഒാരോ കമീഷനാണ്. കമീഷനുകളൊന്നും വിമാനം നിരോധിക്കണമെന്ന് പറയില്ല. മുമ്പ് അപകടങ്ങൾ ഉണ്ടായിട്ടും വെടിക്കെട്ട് തുടരുന്നുണ്ട്. അത് നിരോധിക്കാൻ സർക്കാറിന് കമീഷന്റെ ആവശ്യമില്ലെന്നും അത്തരമൊരു ഉദ്ദേശ്യം സർക്കാറിനുണ്ടോയെന്ന് അറിയില്ലെന്നും കമീഷന് മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സർക്കാർ, ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ഏകാംഗ ജുഡീഷ്യൽ കമീഷനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു. വെടിക്കെട്ട് ദുരന്തത്തിൽ കരാറുകാരൻ ഉൾപ്പെടെ 16 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.