തിരുവനന്തപുരം: വോട്ടെണ്ണലിന് മുമ്പുള്ള മുഖ്യമന്ത്രി ചർച്ച വിലക്കിയുള്ള കെ.പി.സി.സി അന്ത്യശാസത്തിന് ശേഷവും നീക്കങ്ങൾ ഒളിഞ്ഞും തെളിഞ്ഞും കനക്കുന്നതിൽ ഹൈകമാൻഡിന് കടുത്ത അതൃപ്തി. രമേശ് ചെന്നിത്തലക്കായി ഇംഗ്ലീഷ് ദിനപ്പത്രത്തിലെ പരസ്യം വന്നതും കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും മുൻനിർത്തി സാമൂഹ മാധ്യമങ്ങളിൽ ചർച്ച തുടരുന്നതിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നതിലുമടക്കം വിശദീകരണമാരാഞ്ഞ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെ.പി.സി.സി നേതൃത്വത്തെ ബന്ധപ്പെട്ടെന്നാണ് വിവരം.
കെ.പി.സി.സി അധ്യക്ഷൻ കർശന നിർദ്ദേശം നൽകിയിട്ടും ‘ഭാവി മുഖ്യമന്ത്രി’ പ്രചാരണങ്ങൾ അവസാനിപ്പിക്കാത്തത് അച്ചടക്കമില്ലായ്മയാണ് ഹൈകമാൻഡ് വിലയിരുത്തുന്നത്. ഇത് വോട്ടർമാർക്കിടയിൽ പാർട്ടിയെക്കുറിച്ച് അവമതിപ്പുണ്ടാക്കും. ജനകീയ പ്രശ്നങ്ങളെക്കാൾ അധികാരം പങ്കിടുന്നതിൽ കേന്ദ്രീകരിക്കുന്നത് ജനങ്ങളിൽ പാർട്ടിക്കുള്ള ആത്മവിശ്വാസം തകിടം മറിക്കുമെന്നും രാഷ്ട്രീയ എതിരാളികൾ പ്രചാരണായുധമാക്കുമെന്നും കോൺഗ്രസിനുള്ളിൽ അഭിപ്രായമുണ്ട്.
കെ. സുധാകരനിൽ നിന്നടക്കം പരസ്യപരാമർശങ്ങളുണ്ടായിട്ടും തടയാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. പലപ്പോഴും ഇത്തരം ചർച്ചകൾക്ക് വഴിമരുന്നിടുന്ന പരാമർശങ്ങൾ കെ.പി.സി.സി നേതൃത്വത്തിൽ നിന്നുണ്ടാകുകയും ചെയ്തു.
അനവസരത്തിലാണ് ചർച്ചകളെന്ന് പൂർണബോധ്യമുണ്ടായിട്ടും ആദ്യഘട്ടത്തിൽ നേതൃത്വം നിശബ്ദമാകുകയോ കക്ഷി ചേരുകയോ ചെയ്തതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നും വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.