പാമ്പാടി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ 

നാദാപുരം: തൃശൂര്‍ പാമ്പാടി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി വളയത്തെ ജിഷ്ണു പ്രണോയിയുടെ (18) ആത്മഹത്യക്കു പിന്നില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. കോളജ് അധ്യാപകരുടെയും അധികൃതരുടെയും മാനസികപീഡനമാണ് വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് സഹപാഠികള്‍ സാക്ഷ്യപ്പെടുത്തിയതായി ബന്ധുക്കള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആത്മഹത്യയെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ: ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് യൂനിവേഴ്സിറ്റി പരീക്ഷയുണ്ടായിരുന്നു. പരീക്ഷക്കിടെ മറ്റൊരു വിദ്യാര്‍ഥിയുടെ ഉത്തര പേപ്പര്‍ നോക്കിയെഴുതി എന്നാരോപിച്ച് 68 ചോദ്യോത്തരങ്ങള്‍ അധ്യാപകനും കോളജ് അധികൃതരും വെട്ടിക്കളയുകയായിരുന്നു. ആദ്യം വിദ്യാര്‍ഥി കോപ്പിയടിച്ചതില്‍ പിടിക്കപ്പെട്ടു എന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. എന്നാല്‍, കോപ്പിയടിച്ച പേപ്പര്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോപ്പിയടിച്ചില്ളെന്ന മറുപടിയാണ് ലഭിച്ചത്. അധ്യാപകന്‍ ക്ളാസില്‍ പരിഹസിക്കുകയും ചീത്തവിളിക്കുകയും ചെയ്തതായി സഹവിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആത്മഹത്യക്ക് ശ്രമിച്ച കുട്ടിയെ ആശുപത്രിയിലത്തെിക്കാന്‍ കാര്‍ ആവശ്യപ്പെട്ടിട്ടും തൊട്ടടുത്ത് താമസിക്കുന്ന അധ്യാപകന്‍ തയാറായില്ല.

അരമണിക്കൂറോളം വാഹനം കിട്ടാതെ ജിഷ്ണുവിനെ ഹോസ്റ്റലില്‍ കിടത്തേണ്ടിവന്നു. കോളജ് അധികൃതരുടെ മാനസികപീഡനമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഇ.കെ. വിജയന്‍ എം.എല്‍.എ, ബ്ളോക്ക് പ്രസിഡന്‍റ് സി.എച്ച്. ബാലകൃഷ്ണന്‍, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. സുമതി തുടങ്ങി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം സംസ്കരിച്ചു.

Tags:    
News Summary - Jishnu Pranoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.