കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആർ.ജെ.ഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാറാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. വടകരയിൽ എം.കെ. ഭാസ്കരനും കൂത്തുപറമ്പിൽ പി.കെ. പ്രവീണും കൽപറ്റയിൽ പി.കെ. അനിൽകുമാറുമാണ് മത്സരിക്കുന്നത്.
വയനാട് ഡി.സി.സി സെക്രട്ടറിയും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന അനിൽ കുമാർ അഞ്ചുവർഷം മുമ്പാണ് കോൺഗ്രസ് വിട്ട് ആർ.ജെ.ഡിയിൽ ചേർന്നത്. കൽപറ്റ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ല പഞ്ചായത്ത് അംഗവും വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പി.കെ. ഗോപാലന്റെ മകനുമാണ്. ശ്രേയാംസ് കുമാർ നാലുതവണയായി മത്സരിച്ച സീറ്റാണ് കൽപറ്റ. രണ്ട് തവണ അവിടെ വിജയിച്ചു.
ശ്രേയാംസ് കുമാർ മത്സര രംഗത്ത്നിന്ന് മാറിനിൽക്കുന്നതിനാലാണ് അനിൽകുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയത്. മറ്റുള്ളവർക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് താൻ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്നതെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. കൂത്തുപറമ്പ് എം.എൽ.എ കെ.പി. മോഹനന്റെ സഹോദരപുത്രനാണ് പി.കെ. പ്രവീൺ. കഴിഞ്ഞ തവണ പാനൂർ നഗരസഭ കൗൺസിലറായിരുന്നു. നിലവിൽ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് ഡയറക്ടറാണ്. ആർ.ജെ.ഡി ജില്ല പ്രസിഡന്റാണ് എം.കെ. ഭാസ്കരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.