തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ ജയമാധവന്‍ നായരുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ ജില്ല ക്രൈംബ്രാഞ്ച്. സ്വാഭാവിക മരണമല്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതോടെ കൊലക്കുറ്റം ചുമത്താന്‍ അനുമതിതേടി അന്വേഷണസംഘം കോടതിയില്‍ റിപ്പോർട്ട് നല്കി.
കരമന കൂടത്തില്‍ കുടുംബത്തില്‍ 15 വര്‍ഷത്തിനിടെ നടന്ന ഏഴ് ദുരൂഹമരണങ്ങളിലെ അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായരെ വീണ്ടും ചോദ്യംചെയ്യും.
കോഴിക്കോട് കൂടത്തായി മോഡല്‍ കൊലപാതകമെന്ന് സംശയമുയർത്തുന്ന രീതിയിലാണ് കരമന 'കൂടത്തില്‍' തറവാട്ടിലെ മരണങ്ങളും. ഗോപിനാഥന് നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന് നായരുടെ ജ്യേഷ്ഠന്മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവന്‍ നായർ, ഉണ്ണികൃഷ്ണന് നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്.
2017 ഏപ്രില്‍ രണ്ടിനാണ് കരമനയിലെ വീട്ടില്‍ ജയമാധവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കട്ടിലിൽനിന്ന് വീണ് അബോധാവസ്ഥയിലായിരുന്ന ജയമാധവൻ നായരെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു കാര്യസ്ഥൻ രവീന്ദ്രൻ നായർ പൊലീസിന് നൽകിയ മൊഴി.
തിരുവനന്തപുരം നഗരത്തില്‍ 100 കോടി വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. ജയമാധവന്‍ നായരുടെ മരണശേഷം ഈ സ്വത്തുക്കള്‍ രവീന്ദ്രന് നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തതോടെ ദുരൂഹത വര്‍ധിച്ചു.
നാട്ടുകാരനായ അനില്‍കുമാറിെൻറ പരാതിയിൽ തുടരന്വേഷണം ജില്ല ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മരണത്തിന് മുമ്പ് സ്വത്തുക്കള്‍ വിൽക്കാൻ ജയമാധവൻ തനിക്ക് അനുമതിപത്രം നൽകിയെന്നും രവീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ഈ മൊഴി ശരിയല്ലെന്ന് സ്ഥാപിക്കുന്ന തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. രവീന്ദ്രനെ വീണ്ടും ചോദ്യംചെയ്യുന്നതിനും തെളിവ് ശേഖരണത്തിനും ശേഷമായിരിക്കും പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.