ജസ്ന തിരോധാനം: ജീവിച്ചിരുന്നാലും മരിച്ചാലും സി.ബി.ഐ കണ്ടെത്തുമെന്ന് ടോമിൻ ജെ. തച്ചങ്കരി

തൊടുപുഴ: ജസ്ന തിരോധാനം സംബന്ധിച്ച് പ്രതികരണവുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരി. ഈ പ്രവഞ്ചത്തിൽ എവിടെ അവർ ജീവിച്ചിരുന്നാലും മറഞ്ഞിരുന്നാലും മരിച്ചാലും സി.ബി.ഐ കണ്ടെത്തുമെന്ന് തച്ചങ്കരി പറഞ്ഞു.

സി.ബി.ഐ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയാണ്. ജസ്ന തിരോധാനക്കേസിൽ അന്വേഷണം താൽകാലികമായി അവസാനിപ്പിച്ചുള്ള സി.ബി.ഐ റിപ്പോർട്ട് സാങ്കേതികത്വം മാത്രമാണ്. ഒരു കേസിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം റിപ്പോർട്ട് സമർപ്പിക്കാറുള്ളത്. പൊലീസും ക്രൈംബ്രാഞ്ചും ഇത്തരത്തിൽ റിപ്പോർട്ട് കൊടുക്കാറുണ്ട്. എന്നെങ്കിലും കേസിനെ കുറിച്ച് സൂചന ലഭിച്ചാൽ തുടർന്നും അന്വേഷിക്കാൻ സാധിക്കുമെന്നും ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.

ജസ്ന തിരോധാനക്കേസ് തെളിയേണ്ടതാണ്. ഇക്കാര്യത്തിൽ നിരാശരാകേണ്ടതില്ല. നല്ല രീതിയിലാണ് കേസിൽ പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ മനഃപൂർവമായ വീഴ്ച സംഭവിച്ചിട്ടില്ല. കേസുകൾ തെളിയാതെ വരുമ്പോൾ കുറ്റപ്പെടുത്തലുകൾ സ്വാഭാവികമാണെന്നും തച്ചങ്കരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഏറെ കോളിളക്കമുണ്ടാക്കിയ ജസ്ന തിരോധാനക്കേസിൽ അന്വേഷണം സി.ബി.ഐ താൽകാലികമായി അവസാനിപ്പിച്ചിരുന്നു. ജസ്നക്ക് എന്തു സംഭവിച്ചെന്ന് കണ്ടെത്താനായില്ലെന്നും കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടരന്വേഷണം ആകാമെന്നും തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് ക്രൈംബ്രാഞ്ച് ആവർത്തിക്കുമ്പോഴും ഇതിനു തെളിവ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ല. ജസ്ന ബസ് കയറി എന്ന് പറയപ്പെടുന്ന സ്റ്റോപ്പിനടുത്തുള്ള കടയിലെ സി.സി ടി.വി ദൃശ്യങ്ങൾ മാത്രമാണ് ലോക്കൽ പൊലീസിൽനിന്ന് ലഭിച്ചത്. ജസ്നയെ കാണാതായെന്ന പരാതി ലഭിച്ച്, 48 മണിക്കൂറിനുള്ളിൽ കാര്യമായ അന്വേഷണം ഉണ്ടാകാത്തത് തിരിച്ചടിയായെന്നും റിപ്പോർട്ടിലുണ്ട്.

ജസ്നയെ അപായപ്പെടുത്തിയിരിക്കാമെന്ന ആരോപണങ്ങളെ തുടർന്ന് പിതാവിനെയും സംശയമുള്ള ബന്ധുക്കളെയും ആൺ സുഹൃത്തിനെയും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മതപരിവർത്തന കേന്ദ്രങ്ങളിലടക്കം പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. ജസ്നക്കായി പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ള സാഹചര്യത്തിൽ ഭാവിയിൽ എന്തെങ്കിലും വിവരം ലഭിക്കുന്ന മുറക്ക് അന്വേഷണം തുടരാൻ കഴിയുമെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നത്.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാർഥിനി ജസ്നയെ കാണാതായത്. സ്റ്റഡി ലീവായതിനാല്‍ ആന്‍റിയുടെ വീട്ടില്‍ പഠിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ജസ്നയെ പിന്നെ ആരും കണ്ടിട്ടില്ല. അന്വേഷണ പുരോഗതിയില്ലെന്നു കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആൻഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈകോടതിയെ സമീപിച്ചതോടെയാണ് 2021 ഫെബ്രുവരിയിൽ കേസ് സി.ബി.ഐക്ക് കൈമാറിയത്.

ജസ്ന ഓട്ടോയില്‍ മുക്കൂട്ടുതറയിലും ബസില്‍ എരുമേലിയിലും എത്തിയതായി സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായെങ്കിലും പിന്നീട് എന്തുസംഭവിച്ചെന്ന കാര്യമാണ് അന്വേഷണ സംഘങ്ങളെ കുഴക്കുന്നത്. ഇതിനിടെ ഗോവയിലും ബംഗളൂരുവിലും കണ്ടതായി അഭ്യൂഹങ്ങൾ പ്രചരിച്ചു. അവിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരന് ജസ്നയെക്കുറിച്ച് അറിയാമെന്ന വിവരത്തെ തുടർന്ന് സഹതടവുകാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെയും സി.ബി.ഐ ചോദ്യം ചെയ്തെങ്കിലും പിന്നീട് വിവരം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ജസ്ന ഉപയോഗിച്ച ഫോണ്‍ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. താന്‍ മരിക്കാന്‍ പോവുന്നു എന്ന അവസാന സന്ദേശമാണ് ഫോണില്‍ നിന്ന് ലഭിച്ചത്. ആ സന്ദേശം ലഭിച്ച ജസ്നയുടെ ആണ്‍സുഹൃത്തിനെ ശാസ്ത്രീയ പരിശോധനക്കടക്കം വിധേയമാക്കിയെങ്കിലും നിരാശയായിരുന്നു ഫലം. റിപ്പോർട്ട് കോടതി പരിശോധിച്ചിട്ടില്ല.

Tags:    
News Summary - Jasna Disappearance: Tomin J Thachankary Says CBI Will Find Her Dead or Alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.