ജനനി ജന്മരക്ഷാ പദ്ധതി: പണമൊഴുക്കുന്നത് രേഖയില്ലാതെ, ഡയറക്ടറേറ്റിൽ മോണിറ്ററിങ് റിപ്പോർട്ടില്ല

കൊച്ചി: ആദിവാസികൾക്കായി നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിക്കായി വകുപ്പ് പണമൊഴുക്കുന്നത് രേഖയില്ലാതെയെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2019 മെയ് ഒന്ന് മുതൽ 2021 ഫബ്രുവരി 28 വരെയാണ് പട്ടികവർഗ ഡയറക്ടറേറ്റിൽ പരിശോധന നടത്തിയത്. അട്ടപ്പാടിയിലെ കുട്ടിമരണം മാധ്യമ വാർത്തയായതോടെയാണ് ആദിവാസി വിഭാഗത്തിലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുള്ള ഈ പദ്ധതി സർക്കാർ 2013ൽ പ്രഖ്യാപിച്ചത്. 18 മാസംവരെ ഇത്തരത്തിൽ സാമ്പത്തികസഹായം നൽകാനായിരുന്നു ഉത്തരവ്. ഗർഭിണികളുടെയും അമ്മമാരുടെയും ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട‌് അവർക്ക‌് സ്വന്തമായി പോഷകാഹാരം വാങ്ങിക്കഴിക്കാൻ പ്രതിമാസം സാമ്പത്തികസഹായം നൽകുന്നതാണ‌് ജനനി ജന്മരക്ഷ.

പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ പ്രതിമാസ ധനസഹായം1,000 രൂപയാണ് നിശ്ചയിച്ചത‌്. അഞ്ച‌ു വർഷത്തിന‌് ശേഷമാണ‌് തുക 2,000 രൂപയായി വർധിപ്പിച്ച‌് പട്ടികവർഗ വികസനവകുപ്പ‌് 2018 ജൂലൈ 23ന് ഉത്തരവിറക്കി. ജനനി ജന്മരക്ഷ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കാനുള്ള വ്യവസ്ഥകളും ഇടത് സർക്കാർ പുതുതായി ആവിഷ‌്കരിച്ചുവെന്നാണ് മന്ത്രി എ.കെ. ബാലൻ അവകാശപ്പെട്ടത്. സാമ്പത്തിക സഹായം എല്ലാ മാസവും കൃത്യമായി ഗുണഭോക്താക്കളുടെ ബാങ്ക‌് അക്കൗണ്ടിൽ ലഭ്യമാക്കണം.

വീഴ‌്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനുള്ള ചുമതല പട്ടികവർഗ വികസന ഡയറക്ടർക്കായിരിക്കും. ഗുണഭോക്താക്കളിൽ പദ്ധതിയുടെ വിവരവും ആനുകൂല്യവും യഥാസമയം എത്തുന്നതായി ഉറപ്പിക്കാൻ തുടർച്ചയായ നിരീക്ഷണം നടത്തും. ഇതിനായി വകുപ്പ‌ുതലത്തിൽ ഉന്നത ഉദ്യോഗസ്ഥന‌് ചുമതല നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. അതെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്നാണ് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2019-20 കാലയളവിൽ ജനനി ജന്മരക്ഷാ പദ്ധതിക്ക് 16.50 കോടി ചെലവഴിക്കാൻ ഭരണപരമായ അനുമതി നൽകി. അതനുസരിച്ച്, എസ്.സി ഡയറക്ടർ വീഡിയോ ഓർഡർ പ്രകാരം 2019 ഏപ്രിൽ 12ന് 17 പ്രോജക്ട് ഓഫീസർമാർക്ക് / ഗോത്ര വികസന ഓഫീസർമാർക്ക് 8.02 കോടി അനുവദിച്ചു:

അനുവദിച്ച വിഹിതത്തിന്‍റെ വിശദാംശം
നെടുമങ്ങാട് - 2.30 കോടി
പുനലൂർ - എട്ട് ലക്ഷം
റാന്നി - 11 ലക്ഷം
കാഞ്ഞിരപ്പള്ളി - 65 ലക്ഷം
ഇടുക്കി - 45 ലക്ഷം
അടിമാലി - 30 ലക്ഷം
മൂവാറ്റുപുഴ -10 ലക്ഷം
ചാലക്കുടി - ആറ് ലക്ഷം
പാലക്കാട് - 10 ലക്ഷം
അട്ടപ്പടി - 30 ലക്ഷം
നിലമ്പൂർ - 36 ലക്ഷം
കോഴിക്കോട് - 16 ലക്ഷം
കൽപ്പറ്റ -1.23 കോടി
സുൽത്താൻ ബത്തേറി - 1.22 കോടി
മനന്തവാടി - 1.25 കോടി
കണ്ണൂർ - 66 ലക്ഷം
കാസർഗോഡ് - 69 ലക്ഷം
ആകെ -8.02 കോടി

പ്രാരംഭ വിഹിതമായ 8.02 കോടി കൂടാതെ, പി‌.ഒ / ടി‌.ഡി‌.ഒകൾ‌ക്ക് 8.23 കോടി അധിക അലോട്ട്മെൻറ് അനുവദിച്ചു. അനുമതി ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ, എല്ലാ മാസവും അഞ്ചാം തീയതി ഗുണഭോക്താക്കളുടെ പട്ടിക അടങ്ങിയ പുരോഗതി റിപ്പോർട്ട് പട്ടികവർഗ ഡയറക്ടറേറ്റിന് കൈമാറണം. ഡയറക്ടറേറ്റിലെ രേഖകൾ സൂക്ഷ്മ പരിശോധനയിൽ വ്യവസ്ഥകളൊന്നും പി‌.ഒ / ടി‌.ഡി‌.ഒകൾ‌ പാലിച്ചിട്ടില്ല.

  • പദ്ധതിയുടെ തുടർച്ചയായ നിരീക്ഷണത്തിനായി ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടില്ല. പട്ടികവർഗ വകുപ്പിൻെറ 53 ആദിവാസി (വിപുലീകരണ ഓഫിസ്) ഉദ്യോഗസ്ഥരുടെ അധികാരപരിധിയിലെ വിലയിരുത്തൽ റിപ്പോർട്ട്, പുരോഗതി റിപ്പോർട്ട്, ഉപയോഗ റിപ്പോർട്ട്, ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ ഡയറക്ടർ മൂന്ന് മാസത്തിലൊരിക്കൽ സർക്കാറിന് റിപ്പോർട്ട് നൽകണമെന്നായിരുന്നു വ്യവസ്ഥ. അത് പാലിച്ചിട്ടില്ല.
  • എല്ലാ മാസവും അഞ്ചാം തീയതി ട്രൈബൽ ഒാഫീസർമാരിൽ നിന്ന് (ടി‌.ഡി.‌ഒയിൽ നിന്ന്) ഗുണഭോക്തൃ പട്ടികയുടെ വിശദാംശങ്ങൾ അടങ്ങിയ പുരോഗതി റിപ്പോർട്ടുകൾ ഡയറക്ടറേറ്റിൽ നൽകണമെന്ന നിർദേശവും കടലാസിലൊതുങ്ങി. ഡയറക്ടറേറ്റിൽ നടത്തിയ പരിശോധനയിൽ റിപ്പോർട്ടുകളില്ല. മറയൂർ അടക്കമുള്ള ഓഫിസുകളിൽ നേരത്തെ ധനകാര്യ പരിശോധനാ വിഭാഗം ജനനി ജന്മരക്ഷാ പദ്ധതിയിൽ തട്ടിപ്പ് കണ്ടെത്തിയിരുന്നുവെന്ന കാര്യവും ഇവിടെ ഓർക്കുക.
Tags:    
News Summary - Janani Janmaraksha Scheme: cash flow with out document, no monitoring report in the Directorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.