മലപ്പുറം: വെറുപ്പിന്റെയും വർഗീയ ധ്രുവീകരണത്തിന്റെയും രാഷ്ട്രീയത്തിനെതിരായ ശക്തമായ വിധിയെഴുത്തായിരിക്കും നിയമസഭ തെരഞ്ഞെടുപ്പെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുറഹ്‌മാൻ. നിലമ്പൂർ കൂറ്റമ്പാറ എ.യു.പി സ്കൂളിലെ 230-ാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ
വലിയ വിള്ളലുകൾ വീണിട്ടുണ്ടെന്നും ഇത് ഗൗരവകരമായ മാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും അമീർ പറഞ്ഞു. കേരളത്തിന്റെ സോഷ്യൽ ക്യാപ്പിറ്റലിന് നിലവിൽ വിള്ളൽ സംഭവിച്ചിരിക്കുകയാണ്. വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ മുൻപില്ലാത്തവിധം അകലം വർധിക്കുന്നു. വെറുപ്പും ഇസ്ലാമോഫോബിയയും ബോധപൂർവം കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം പ്രവണതകൾക്ക് അറുതി വരുത്തി സാഹോദര്യം വീണ്ടെടുക്കുന്ന ഒന്നായി ഈ തെരഞ്ഞെടുപ്പ് മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മാത്രം കണ്ടിരുന്ന അപകടകരമായ രാഷ്ട്രീയ പ്രവണതകൾ ഇപ്പോൾ കേരളത്തിലും പ്രത്യക്ഷപ്പെടുന്നത് ആശങ്കാജനകമാണ്. ഇത് കേരളത്തിന്റെ ഭാവിക്കും സംസ്ക്‌കാരത്തിനും ഒട്ടും ഗുണകരമല്ല. ഇത്തരം തെറ്റായ നീക്കങ്ങളെ തിരിച്ചറിയാൻ മലയാളിക്ക് സാധിക്കും. പ്രബുദ്ധരായ മലയാളികൾ ഈ തെറ്റായ രാഷ്ട്രീയ പ്രവണതകൾക്കെതിരെ ശരിയായ തീരുമാനമെടുക്കുമെന്നും വർഗീയതയെ തള്ളിക്കളയുന്ന വിധിയെഴുത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും പി. മുജീബുറഹ്‌മാൻ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.