തിരുവനന്തപുരം: ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്‍െറ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ജേക്കബ് തോമസിനെ പിന്തുണച്ചും എബ്രഹാമിനെ തള്ളിപ്പറയാതെയും മുഖ്യമന്ത്രി. നിയമസഭയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന സബ്മിഷനുള്ള മറുപടിയിലാണ് രണ്ടുപേരെയും അദ്ദേഹം ന്യായീകരിച്ചത്. റെയ്ഡുമായി ബന്ധപ്പെട്ട് എബ്രഹാം നല്‍കിയ പരാതിയെക്കുറിച്ച് പരിശോധിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരത്തില്‍ പരാതിയുയര്‍ന്നാല്‍ നിജസ്ഥിതി മനസ്സിലാക്കിയശേഷമേ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥതലത്തിലെ പോരുമൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരിക്കാന്‍ പാടില്ളെന്ന് കരുതുന്ന വലിയ ശക്തി  പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അദ്ദേഹത്തിനെതിരെ കേസ് വരുമ്പോള്‍ അന്വേഷിക്കാമെന്ന് സി.ബി.ഐ അങ്ങോട്ട് പറയുകയാണ്. അദ്ദേഹം ആ സ്ഥാനത്ത് തുടരരുതെന്ന് ആഗ്രഹിക്കുന്ന ശക്തികളാണ് ഇതിന് പിന്നില്‍. സി.ബി.ഐ അന്വേഷിക്കാമെന്ന് അങ്ങോട്ടുകയറി പറയുന്ന കേസുകളുടെ കാര്യം നമുക്ക് അറിയാവുന്നതാണല്ളോ.

വിജിലന്‍സ് ഡയറക്ടറില്‍ വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹത്തിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹാജരാകുന്നത്. വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനത്തിന് ചേരാത്ത നടപടി ജേക്കബ് തോമസില്‍നിന്ന് ഉണ്ടായതായി കരുതുന്നില്ല. വിജിലന്‍സ് നേരെ പോകണം. അക്കാര്യത്തില്‍ ദു$സ്വാധീനങ്ങള്‍ക്ക് വഴങ്ങില്ല. ജേക്കബ് തോമസ് വിജിലന്‍സിന് നേതൃത്വം നല്‍കാന്‍ കഴിയുന്ന വ്യക്തിയാണ്.

അതേസമയം, കെ.എം. എബ്രഹാമിന്‍െറ പരാതി പരിശോധിക്കും. സിവില്‍ സര്‍വിസില്‍ മികവുറ്റ സംഭാവന നല്‍കിയ വ്യക്തിയാണ് അദ്ദേഹം. എബ്രഹാമിന്‍െറ നിലപാട് ശരിയാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്‍െറ വീട്ടില്‍ വിജിലന്‍സ് കയറിയത് നടപടിക്രമങ്ങള്‍ പാലിച്ചാണോയെന്ന് അന്വേഷിക്കും. ഒരു എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ചില വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.

പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിന് പരാതി ലഭിച്ചാല്‍ നേരിട്ട് അന്വേഷണം നടത്തുന്ന രീതി ഇനി ഉണ്ടാകില്ല. ആദ്യം പരാതിയില്‍ പ്രാഥമിക പരിശോധന നടത്തും. പിന്നീട് വസ്തുതാ പരിശോധനയും നിയമ പരിശോധനയും സാഹചര്യ പരിശോധനയും നടത്തും. അതിനുശേഷമേ ത്വരിതാന്വേഷണത്തിലേക്ക് നീങ്ങൂ.
സെന്‍കുമാര്‍ അവധിയില്‍ പോയത് സര്‍ക്കാറിന്‍െറ കുഴപ്പം കൊണ്ടല്ല. പൊലീസ് മേധാവിക്ക് പറ്റാത്ത ആളായതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റിയത്. ശങ്കര്‍റെഡ്ഡി കോടതിയെ സമീപിക്കേണ്ടിവന്നത് മുന്‍കാല ചെയ്തികളുടെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - jacob thomas ips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.