സി.ബി.ഐ നടപടി സംശയാസ്പദമെന്ന്: ഡയറക്ടര്‍ക്ക് ജേക്കബ് തോമസിന്‍െറ കത്ത്

തിരുവനന്തപുരം: തനിക്കെതിരായ സ്വാകാര്യഹരജിയില്‍ സി.ബി.ഐ സംഘം ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സി.ബി.ഐ ഡയറക്ടര്‍ക്ക് കത്തയച്ചു. സി.ബി.ഐ ഡയറക്റുടെ അനുമതിയോടെയാണോ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് ആരാഞ്ഞാണ് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മുഖേന അദ്ദേഹം കത്തയച്ചത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും ഇതിനുപിന്നില്‍ ക്രമവിരുദ്ധ നീക്കങ്ങള്‍ നടന്നെന്ന് സംശയിക്കുന്നതായും അദ്ദേഹം കത്തില്‍ പറയുന്നു. സാധാരണ ഗതിയില്‍ ഇത്തരമൊരു നിലപാട് സി.ബി.ഐ കൈക്കൊള്ളാറില്ല. അസാധാരണമായ നടപടിയില്‍ സംശയങ്ങളുണ്ടെന്നും പിന്നില്‍ നിക്ഷിപ്തതാല്‍പര്യക്കാരുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് ജേക്കബ് തോമസ് ആവശ്യപ്പെടുന്നത്.

കെ.ടി.ഡി.എഫ്.സി എം.ഡി ആയിരിക്കെ ജേക്കബ് തോമസ് 2009 മാര്‍ച്ച് ആറു മുതല്‍ ജൂണ്‍ ആറുവരെ സ്വകാര്യകോളജില്‍ പഠിപ്പിച്ചത് സര്‍വിസ് ചട്ടലംഘനമാണെന്ന് കാട്ടി കൂത്തുപറമ്പ് സ്വദേശി നരവൂര്‍ സത്യന്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി സി.ബി.ഐ നിലപാട് തേടിയത്. തുറമുഖ ഡയറക്ടറായിരിക്കെ അഴീക്കല്‍ തുറമുഖത്ത് നടന്ന ക്രമക്കേടുകളില്‍ ശക്തമായ നടപടിയാണ് ജേക്കബ് തോമസ് കൈക്കൊണ്ടത്. ഇതിലൂടെ നഷ്ടം സംഭവിച്ചയാളാണ് സത്യന്‍. അതില്‍ അയാള്‍ക്ക് തന്നോട് വ്യക്തിവിരോധമുണ്ടെന്ന് ജേക്കബ് തോമസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.

ബാര്‍ കോഴക്കേസ് ഉള്‍പ്പെടെയുള്ളവ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാറിലെ പ്രമുഖര്‍ സത്യനെ തനിക്കെതിരായി ഉപയോഗിച്ചു. ഈ സാഹചര്യത്തിലാണ് അദ്ദേഹം  ഹൈകോടതിയെ സമീപിച്ചതെന്നും മുഖ്യമന്ത്രിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍, പരാതിക്കാരന്‍െറ വാദങ്ങള്‍ തള്ളുന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ കൈക്കൊണ്ടത്. ഇതോടെ തല്‍പരകക്ഷികള്‍ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തനിക്കെതിരായ കരുക്കള്‍ നീക്കുകയാണെന്ന് സംശയിക്കുന്നതായി ജേക്കബ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    
News Summary - jacob thomas cbi director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.