ജേക്കബ് തോമസിന്‍െറ ഭാര്യക്ക് കര്‍ണാടക വനംവകുപ്പിന്‍െറ നോട്ടീസ്

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന്‍െറ കുടുംബത്തിനെതിരെ വനഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാറിന്‍െറ നോട്ടീസ്. ജേക്കബ് തോമസിന്‍െറ ഭാര്യ ഡെയ്സി ജേക്കബ് കര്‍ണാടകയിലെ കുടകില്‍ 151.03 ഏക്കര്‍ റിസര്‍വ് വനഭൂമി കൈവശം വെച്ചിരിക്കുന്നെന്നും ഇത് ഒഴിയണമെന്നുമാവശ്യപ്പെട്ടാണ് മടിക്കേരി സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി. രംഗനാഥന്‍ നോട്ടീസ് നല്‍കിയത്.

അനധികൃതമായി കൈവശം വെച്ചിരിക്കുന്ന വനഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഒക്ടോബര്‍ 27ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വനം നിയമം 64 (എ) ന്‍െറ ലംഘനമാണ് നടത്തിയതെന്ന് ഉത്തരവില്‍ പറയുന്നു. 1990ലാണ് കുടകിലെ കൊപ്പാടിയില്‍ ഡെയ്സിയുടെ പേരില്‍ 151.03 ഏക്കര്‍ സ്ഥലം 15 ലക്ഷം രൂപക്ക് വാങ്ങിയത്. ഇപ്പോള്‍ ഈ ഭൂമിക്ക് 18.12 കോടി രൂപയാണ് മതിപ്പുവില.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ ജേക്കബ് തോമസ് ഈ ഭൂമിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മടിക്കേരിയില്‍ തനിക്ക് ഭൂമി ഉണ്ടെന്നും ഈ ഭൂമിയില്‍നിന്ന് പ്രതിവര്‍ഷം 35 ലക്ഷം രൂപയുടെ വരുമാനമുണ്ടെന്നുമാണ് അദ്ദേഹം സര്‍ക്കാറിനെ അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഈ സ്ഥലം വനഭൂമിയാണെന്നാണ് കര്‍ണാടക വനംവകുപ്പ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡെയ്സി ജേക്കബ് കര്‍ണാകയിലെ വിവിധ കോടതികളില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

 ദീര്‍ഘനാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഒഴിയണമെന്നാവശ്യപ്പെട്ട് കര്‍ണാടക വനംവകുപ്പ് നോട്ടീസ് നല്‍കിയത്. അതേസമയം, മംഗലാപുരത്തെ ഹനുമാന്‍ ടുബാക്കോ കമ്പനിയില്‍നിന്ന് നിയമപരമായാണ് താന്‍ ഭൂമി വാങ്ങിയതെന്നാണ് ഡെയ്സി ജേക്കബ് പറയുന്നത്. ഇതിനെക്കുറിച്ച് ഒൗദ്യോഗിക പ്രതികരണം നടത്താന്‍ ജേക്കബ് തോമസ് തയാറായില്ല. 1998ല്‍ ഈ ഭൂമിയില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചുനീക്കിയതായും വനംവകുപ്പ് ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നതായും സൂചനയുണ്ട്.

Tags:    
News Summary - jacob thoma ips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.