അമ്മയെ സംരക്ഷിക്കുന്നത് താനാണെന്ന് പൾസർ സുനി; കോടതിയിൽ വിങ്ങിപ്പൊട്ടി ആറാം പ്രതി, കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്ന് നാലാം പ്രതി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷയിൽ ഇളവ് തേടി കുറ്റക്കാരായ പ്രതികൾ. അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും മുഖ്യപ്രതിയായ പൾസർ സുനി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനോട് അഭ്യർഥിച്ചു.
ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർഥിച്ച ആറാം പ്രതിയായ പ്രദീപ് കോടതി മുറിയിൽ വിങ്ങിപ്പൊട്ടി. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും രണ്ടാം പ്രതിയായ മാർട്ടിൻ പറഞ്ഞു. തന്റെ പേരിൽ മുമ്പ് ഒരു പെറ്റിക്കേസ് പോലുമില്ലെന്നും മാർട്ടിൻ വ്യക്തമാക്കി.
ഗൂഢാലോചനിൽ പങ്കില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും മൂന്നാം പ്രതി മണികണ്ഠൻ വ്യക്തമാക്കി. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ശിക്ഷയിൽ ഇളവ് നൽകണമെന്നും മണികണ്ഠൻ പറഞ്ഞു. കോടതിക്ക് പുറത്തുവെച്ച് മണികണ്ഠൻ മകളെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു.
കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശ്ശേരിയിലാണെന്നും കണ്ണൂർ ജയിലിൽ ശിക്ഷ അനുഭവിക്കാൻ അനുവദിക്കണമെന്നും നാലാം പ്രതി വിജീഷും തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും മകളുമുണ്ടെന്നും അഞ്ചാം പ്രതി വടിവാൾ സലിം പറഞ്ഞു.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കൽ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ, തൊണ്ടിമുതൽ ഒളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ, ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പൾസർ സുനി അടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
2017 ഫെബ്രുവരി 17ന് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നടിയെ നെടുമ്പാശ്ശേരി അത്താണിക്ക് സമീപം പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. നടി സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ട് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നു. ദേശീയപാതയിൽ നെടുമ്പാശ്ശേരി വിമാനത്താവള ജങ്ഷൻ കഴിഞ്ഞപ്പോൾ പിന്നാലെയെത്തിയ ട്രാവലർ നടി സഞ്ചരിച്ചിരുന്ന ഔഡി കാറിൽ ചെറുതായൊന്ന് ഇടിപ്പിച്ചു.
പുറയാർ ഭാഗത്ത് എത്തിയപ്പോൾ ട്രാവലർ കുറുകെയിട്ട് അതിൽ നിന്ന് രണ്ടുപേർ നടിയുടെ കാറിൽ കയറി. രണ്ടു മണിക്കൂറോളം പലവഴികളിലൂടെ കറങ്ങിയ വാഹനത്തിൽ അക്രമികൾ നടിയെ ഉപദ്രവിച്ചു. പാലാരിവട്ടംവരെ ദേശീയപാതയിൽ നിന്ന് മാറി ആളൊഴിഞ്ഞ ഉൾവഴികളിലൂടെയായിരുന്നു സഞ്ചാരം. അർധരാത്രി കാക്കനാട് ഭാഗത്ത് നടനും സംവിധായകനുമായ ലാലിന്റെ വീടിന് മുന്നിൽ നടിയെ ഉപേക്ഷിച്ച് അക്രമികൾ കടന്നു.
കേസിൽ എട്ടാം പ്രതി നടൻ ദിലീപ് എന്ന പി. ഗോപാലകൃഷ്ണൻ അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. വിചാരണ നേരിട്ട ഏഴ്, ഒമ്പത്, 15 പ്രതികളായ കണ്ണൂർ ഇരിട്ടി കിളിയന്തറ പൂപ്പാളി വീട്ടിൽ ചാർളി തോമസ് (50), പത്തനംതിട്ട കോഴഞ്ചേരി മിലിപ്പാറ വെട്ടിപുരം സ്നേഹ ഭവനത്തിൽ സനിൽ കുമാർ എന്ന മേസ്തിരി സനൽ (48), ദിലീപിന്റെ സുഹൃത്തായ ആലുവ സ്വദേശി ശരത് ജി. നായർ എന്നിവരെയാണ് വെറുതെവിട്ടത്.
ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.