തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശങ്ങൾ തള്ളുമ്പോഴും മുസ്ലിംലീഗിനെതിരെ വെള്ളാപ്പള്ളി മുന്നോട്ടുവെച്ച ആക്ഷേപങ്ങൾ ആവർത്തിച്ച് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. സാമുദായിക രാഷ്ട്രീയ പാർട്ടിയെന്ന് സ്വയം പ്രഖ്യാപിച്ച മുസ്ലിം ലീഗ് വർഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായാണ് തെരഞ്ഞെടുപ്പിൽ മുന്നോട്ടുപോയതെന്നാണ് റിപ്പോർട്ടിലെ ‘എതിരാളികളുടെ പ്രവർത്തനങ്ങളും ജാതി -മത സംഘടനകളുടെ നിലപാടും’ എന്ന ഭാഗത്തെ കുറ്റപ്പെടുത്തൽ.
‘മുസ്ലിംലീഗ് സാമുദായിക പാർട്ടിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ വിഭാഗങ്ങളോടും മൃദുവായ സമീപനം പരസ്യമായി സ്വീകരിച്ചു. എന്നാൽ അവരുടെ അകത്തും അവരുമായി ബന്ധപ്പെട്ട വിഭാഗങ്ങളിലും തീവ്രമായ വർഗീയതയിലൂന്നിയ ആശയങ്ങൾ പ്രചരിപ്പിച്ചു.
മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വർഗീയ പ്രചാരണം സംഘടിപ്പിക്കുന്നതിന് മുസ്ലിം ലീഗ് ശക്തമായി ഇടപെട്ടിട്ടുണ്ട്. വീടുവീടാന്തരം കയറി ഇത്തരത്തിലുള്ള പ്രചാരവേലകൾ നടത്തുന്നതിന് അവർ തയാറായി’എന്നും റിപ്പോർട്ടിൽ പറയുന്നു. മുസ്ലിംലീഗ് വർഗീയ പാർട്ടിയല്ലെന്ന നിലപാടിലായിരുന്ന സി.പി.എം, ലോക്സഭ തെരഞ്ഞെടുപ്പോടെയാണ് നയം മാറ്റിത്തുടങ്ങിയത്.
മുസ്ലിംലീഗ് വർഗീയ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള നിലപാടെങ്കിൽ നിയമസഭ തോൽവിയോടെയാണ് ബി.ജെ.പിയെ നേരിടുന്നതിന് സമാനം ലീഗിനെയും വർഗീയമുദ്രയടിച്ചുള്ള നേർക്കുനേർ ശ്രമങ്ങൾക്ക് പാർട്ടി തയാറാവുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ പല മേഖലകളിലും സ്വാംശീകരിച്ചുകൊണ്ടാണ് ലീഗ് മുന്നോട്ടുപോയതെന്നാണ് റിപ്പോർട്ടിലെ മറ്റൊരു വിമർശനം.
മുസ്ലിം മത വിഭാഗത്തിലുള്ളവർ ഇടതുപക്ഷ സ്ഥാനാർഥികളായി മത്സരിക്കുന്നുണ്ടെങ്കിൽ അവർ മതത്തിന്റെ ചര്യ അനുസരിക്കുന്നവരല്ലെന്ന പ്രചാരണം വരെ അഴിച്ചുവിടുന്ന നിലയുണ്ടായി. ഈ രാഷ്ട്രീയത്തെ തുറന്നുകാട്ടുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായി ഏറ്റെടുക്കണമെന്നാണ് നിർദേശം.
‘2021ലെ തുടർഭരണം ലഭിച്ചതിന് പിന്നിൽ എല്ലാ സാമൂഹ്യവിഭാഗങ്ങളുടെയും പിന്തുണ നമുക്കുണ്ടായിരുന്നു (സി.പി.എമ്മിന്). ഇതിൽ നിന്ന് മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് നമ്മളിൽ നിന്ന് അകറ്റുന്നതിനുള്ള ബോധപൂർവമായ പദ്ധതികൾ ലീഗിന്റെ ഇടപെടലിലൂടെ യു.ഡി.എഫ് നടപ്പാക്കി.
അധികാരത്തിൽ എങ്ങനെയെങ്കിലും എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവന്ന കോൺഗ്രസും ഇത്തരം ആശയഗതികളെ പിന്തുണക്കുകയും ചെയ്തു. മതരാഷ്ട്രവാദികൾ മുന്നോട്ടുവെക്കുന്ന, കമ്യൂണിസ്റ്റുകാർ മതവിരുദ്ധരാണെന്ന ആശയഗതികൾ ഇതിന്റെ ഭാഗമായി പ്രചരിപ്പിച്ചു. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കുന്നതിന് ഇത്തരം പ്രചാരണം ഇടയാക്കിയിട്ടുണ്ടെ’ന്നും റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ കൂട്ടത്തിൽ, എല്ലാ വർഗീയ ശക്തികളുമായും സന്ധി ചെയ്ത് അധികാരമുറപ്പിക്കുന്ന മുസ്ലിം ലീഗിനെ തുറന്നുകാണിക്കുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് നിർദേശം. ഒപ്പം ഈ മേഖലയിലെ പുരോഗമന ധാരകളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന് കഴിയണമെന്ന പരാമർശമുണ്ടെങ്കിലും ഏതാണ് ‘പുരോഗമന ധാര’കളെന്നതിൽ അധിക വിശദീകരണങ്ങളില്ല. സംഘ്പരിവാറിന്റെ നിലപാടുകളെ എതിർത്താൽ ഹിന്ദുവിരുദ്ധമെന്നും മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമീപനത്തെ തുറന്നുകാട്ടുമ്പോൾ മുസ്ലിം വിരുദ്ധമാണെന്നുമുള്ള നരേഷൻ ബോധപൂർവം പ്രചരിപ്പിക്കുകയാണെന്നും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
രാജ്യത്ത് സംഘ്പരിവാർ നടപ്പാക്കുന്ന വർഗീയ ഫാഷിസ്റ്റ് അജണ്ടകൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങൾക്കിടയിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭം നേടാനുള്ള പരിശ്രമമാണ് യു.ഡി.എഫ് നടത്തിയത്. ഭൂരിപക്ഷ വർഗീയതയോട് എൽ.ഡി.എഫും സി.പി.എമ്മും മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. എൽ.ഡി.എഫിനുണ്ടായ ജനപിന്തുണയിൽ ഇടിവുണ്ടാക്കുന്നതിനുള്ള പ്രധാന ഘടകമായി ഇത് പ്രവർത്തിച്ചു. ഇത് പ്രതിരോധിക്കാൻ വേണ്ടത്ര നമുക്ക് കഴിഞ്ഞതുമില്ല. ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ വിജയിക്കാൻ കഴിഞ്ഞത് ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.