അന്നത് ‘മദ്യക്കോള’; അനുമതി നൽകിയത് വി.എസ് സർക്കാർ, ജനകീയ പ്രതിഷേധത്തിൽ ഒലിച്ചുപോയി

കോഴിക്കോട്: കേരളത്തിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി കുത്തക മദ്യക്കമ്പനിയായ ബക്കാർഡി 2007ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ കാലത്തും സമ്മർദം ചെലുത്തി. പല സംസ്ഥാനങ്ങളിലും വീര്യം കുറഞ്ഞ മദ്യം നന്നായി വിറ്റുപോകുന്നുണ്ടെന്നും അതുവഴി സംസ്ഥാനത്തിന് കൂടുതൽ വരുമാനം ഉണ്ടാക്കാമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സമ്മർദ നീക്കങ്ങൾ. വിദേശ വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാമെന്ന വാദവും ഉന്നയിച്ചു.

കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അനുമതി തേടി 2007 ജനുവരി 23 നാണ് ബക്കാർഡി ആദ്യമായി സർക്കാറിന് രേഖാമൂലം അപേക്ഷ നൽകിയത്. അന്നത്തെ എക്സൈസ് മന്ത്രി പി.കെ. ഗുരുദാസൻ, അപേക്ഷയിൽ തീരുമാനമെടുക്കാൻ എക്സൈസ് കമീഷണറുടെ റിപ്പോർട്ട് തേടി. എന്നാൽ, മേഖല ഡെപ്യൂട്ടി എക്സൈസ് കമീഷണർമാർ മദ്യം വിൽക്കാൻ അനുമതി നൽകരുതെന്ന നിലപാടെടുത്തു.

വീര്യം കുറഞ്ഞ മദ്യം പുതിയ തലമുറയെ മദ്യത്തിലേക്ക് ആകർഷിക്കുമെന്നും, വീര്യം കൂടിയ മദ്യത്തിലേക്ക് അത് വഴി ഒരുക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. തുടർന്ന് അപേക്ഷ നിരസിച്ചതായി എക്സൈസ് കമീഷണർ 2008 ജൂലൈ 29ന് ബക്കാർഡി കമ്പനിയെ അറിയിച്ചു. വീര്യം കുറഞ്ഞ മദ്യം സർക്കാർ നയങ്ങൾക്ക് എതിരായതിനാലും അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, അനുമതി തേടിയുള്ള സമ്മർദം കമ്പനി തുടർന്നുകൊണ്ടിരുന്നു. നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഖേന വീണ്ടും ബക്കാർഡിയുടെ അപേക്ഷ പി.കെ. ഗുരുദാസന്റെ പരിഗണനക്ക് വന്നു. അങ്ങനെ, 2009 ഏപ്രിൽ 18ന് മന്ത്രി കമ്പനിയുടെ പ്രപ്പോസൽ അംഗീകരിച്ച് തുടർനടപടികൾക്കായി എക്സൈസ് കമീഷണർക്ക് നിർദേശം നൽകി. വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന്, നിലവിലെ മദ്യവിൽപന ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും നിർദേശിച്ചു. ഉത്തരവനുസരിച്ച് എക്സൈസ് കമീഷണർ നിയമഭേദഗതികളുടെ കരട് വിജ്ഞാപനം തയാറാക്കി 2009 ഒക്ടോബർ 27ന് സർക്കാറിന് സമർപ്പിച്ചതോടെ മദ്യവിൽപനക്കുള്ള നടപടികൾ സർക്കാർതലത്തിൽ മുന്നോട്ടുപോയി.

എന്നാൽ, എക്സൈസ് വകുപ്പിലെ നീക്കങ്ങൾ മണത്തറിഞ്ഞ് മദ്യവിരുദ്ധ കൂട്ടായ്മ സർക്കാറിനെതിരെ രംഗത്തിറങ്ങി. ജയിംസ് മുട്ടിക്കൽ ചെയർമാനും ഇ. എ. ജോസഫ് ജനറൽ കൺവീനറുമായി ‘മദ്യക്കോളവിരുദ്ധ ജാഗ്രത സമിതി’ രൂപവത്കരിച്ചായിരുന്നു തുടക്കം. കെ.കെ. ഷാജഹാൻ, എം.പി. ജോയ്, എൻ.കെ. കുട്ടപ്പൻ എന്നിവർ വൈസ് ചെയർമാൻമാരായിരുന്നു.

വീര്യം കുറഞ്ഞ മദ്യത്തിന്റ അപകടം പൊതുസമൂഹത്തിന് എളുപ്പത്തിൽ മനസ്സിലാകുന്നതിനായി ‘മദ്യക്കോള’ എന്ന പേര് നൽകിയാണ് പ്രതിഷേധങ്ങൾ മുന്നോട്ടുപോയത്. സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 2010 ഫെബ്രുവരി 12 ന് തൃശൂരിൽ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ സംഘടനകളും മതനേതാക്കളും പ്രതിഷേധങ്ങൾ ആരംഭിച്ചു.

‘മദ്യക്കോള’ക്കെതിരായി കേരളസമൂഹം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉണർന്നതോടെ വിഷയം നിയമസഭയിലും ചർച്ചയായി. ഒടുവിൽ, സർക്കാറിന് മുട്ടുമടക്കേണ്ടി വന്നു. 2010 മാർച്ച്‌ ഒമ്പതിന് മന്ത്രി പി.കെ. ഗുരുദാസൻ തന്നെ, വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള അനുമതി റദ്ദാക്കുന്ന ഉത്തരവും പുറപ്പെടുവിച്ചു.

മദ്യവിരുദ്ധ സമര ചരിത്രത്തിൽ ശ്രദ്ധേയ മുന്നേറ്റമായിരുന്നു, ‘മദ്യക്കോള’ വിരുദ്ധ സമരം. എന്നാൽ, ബക്കാർഡി വെറുതെയിരുന്നില്ല. അവർ മദ്യം വിൽക്കാനുള്ള അനുമതിക്കായി ശ്രമം തുടർന്നുകൊണ്ടേയിരുന്നു. 

Tags:    
News Summary - 'Alcohol-Cola' of the Past: Approved by VS Govt, Swept Away by Public Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.