തിരുവനന്തപുരം: നരേന്ദ്ര മോദിക്കുവേണ്ടി മലയാളികളുടെ ആത്മാഭിമാനത്തിൽ ചാപ്പയടിക്കാൻ മന്ത്രി കെ.എം ഷാജി വരേണ്ടതില്ലെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി.
പി.എം.എ.വൈ അർബൻ പദ്ധതിയിൽ മോദി സർക്കാറിന്റെ ബ്രാൻഡിങ് നടപ്പാക്കാമെന്ന കെ.എം ഷാജിയുടെ നിലപാടിനെക്കുറിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗും യു.ഡി.എഫും മറുപടി പറയണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൻ പറഞ്ഞു.
ലൈഫ് പദ്ധതിയിൽ നൽകിയ ഒരു വീടിനും പിണറായി സർക്കാർ ലോഗോ പതിപ്പിക്കാൻ നിർദേശിച്ചിരുന്നില്ല. എൽ.ഡി.എഫ് സർക്കാർ മലയാളികളുടെ ആത്മാഭിമാനം സംരക്ഷിച്ചപ്പോൾ യു.ഡി.എഫ് സർക്കാർ അത് മോദിയുടെ അൽപത്തരത്തിനു മുന്നിൽ അടിയറവ് വെക്കുകയാണെന്നും എ.എ റഹീം പറഞ്ഞു. ജില്ല പ്രസിഡന്റ് വി. അനൂപ്, ട്രഷറർ വി.എസ്. ശ്യാമ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് താമസിക്കാന്‍ വീട് കിട്ടുന്നത് അനാവശ്യ വിവാദമുണ്ടാക്കി നഷ്ടപ്പെടുത്തില്ലെന്ന് കെ.എം. ഷാജി പറഞ്ഞു. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് വീട് കിട്ടുന്ന കാര്യമാണ് പി.എം ആവാസ് പദ്ധതി. ഇ.എം.എസ് ഭവന പദ്ധതി വിഭാവനം ചെയ്തവരാണ് പി.എം.എ.വൈയെ എതിര്‍ക്കുന്നത്.
സംസ്ഥാന വിഹിതം ഇല്ലാത്തത് കാരണമാണ് പി.എം.എ.വൈ പോലുള്ള പദ്ധതിയില്‍നിന്ന് ഇടതു സര്‍ക്കാര്‍ പിന്മാറിയത്. പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്ളത് കൊണ്ടാണ് പിന്മാറിയത് എന്ന വാദം നുണയാണ്. പി.എം ആവാസ് യോജന വീടുകളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇതുവരെ നിര്‍മിച്ച വീടുകളിലെ എംബ്ലത്തില്‍ ഒന്നില്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലെന്നും എംബ്ലം മാത്രമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന് കേന്ദ്രവിഹിതം കുറവാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് ആളുകളുടെ വയറ്റത്തടിക്കാന്‍ പോകുന്നത്. പദ്ധതിയുടെ ഭാഗമായി മുഴുവന്‍ പൈസയും കേന്ദ്രം തരുന്നില്ല. ഏഴു ലക്ഷം രൂപ ഒരു വീട് ഉണ്ടാക്കാന്‍ വേണം. നാലുലക്ഷം രൂപയേ കൊടുക്കാന്‍ പറ്റുന്നുള്ളൂ. ഇത്തരം പ്രതിസന്ധികള്‍ നില്ക്കുന്ന സമയത്ത് അനാവശ്യമായ വിവാദം ഉണ്ടാക്കി പാവങ്ങള്‍ക്ക് കിട്ടേണ്ട വീട് കളയാന്‍ കൂട്ടുനില്‍ക്കരുത്.
പി.എം.എ.വൈ നിബന്ധനയില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല. ഇടതുപക്ഷം പറയുന്നത് ഫോട്ടോ വെയ്ക്കില്ല എന്നാണ്. എന്നാല്‍ പ്രധാനമന്ത്രി എന്ന ഡെസിഗ്നേഷന്‍ മാത്രമാണുള്ളത്. ഇ.എം.എസ് ഭവന പദ്ധതിയില്‍ ഒരാളുടെ പേരുകൂടി കൂട്ടുകയാണ് ചെയ്തത്. അതല്ലേ അപമാനമെന്നും കെ.എം. ഷാജി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.