പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ജൂണിൽ ഇതുവരെ 1862 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആറുപേർ മരിച്ചു. 6181 പേർക്ക് രോഗബാധ സംശയിക്കുന്നു. ഒമ്പത് പേരുടെ മരണവും ഡെങ്കിപ്പനി മൂലമാണോ എന്ന് സംശയിക്കുന്നുണ്ട്. ദിനംപ്രതി ശരാശരി നൂറോളം പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. ഈ വർഷം ആറുമാസത്തിനുള്ളിൽ 19 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 4330 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 12,794 പേർക്ക് പനിബാധ സംശയിക്കുന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പറയുന്നു. 17 മരണവും സംശയപട്ടികയിലുണ്ട്. ഇവ സ്ഥിരീകരിച്ചാൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനിയും വർധിക്കും.
സംസ്ഥാനത്ത് ഇടക്കിടെ പെയ്ത് പോകുന്ന മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടുകളിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണ്. തെളിഞ്ഞ കാലാവസ്ഥ വരുമ്പോൾ വെള്ളക്കെട്ട് പോകുമെങ്കിലും വീണ്ടും മഴ പെയ്യുമ്പോൾ പൂർവ സ്ഥിതിയാകും.
പലയിടത്തും അഴുക്കുചാലുകളും ഓടകളും മഴക്കാലത്തിന് മുമ്പ് ശുചീകരിക്കാതിരുന്നതും പകർച്ചവ്യാധികൾ പടരാൻ കാരണമായി. തലവേദന, പേശി, അസ്ഥി അല്ലെങ്കിൽ സന്ധി വേദന, വയറുവേദന, ഛർദി, കണ്ണുകൾക്ക് പിന്നിൽ വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുന്നത് രോഗം മൂർച്ഛിക്കാനും മരണം വരെ സംഭവിക്കാനും കാരണമാകുന്നു.
ഡെങ്കിപ്പനിക്ക് പുറമേ എലിപ്പനി, ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം), ചിക്കൻപോക്സ് എന്നിവയും സംസ്ഥാനത്ത് പടരുന്നുണ്ട്. എലിപ്പനി, ഹെപ്പറ്റൈറ്റിസ് എ എന്നിവ ബാധിച്ച് ഈ വർഷം ഇതുവരെ 28 പേർ വീതമാണ് മരിച്ചത്. ജൂണിൽ എട്ട് പേർ എലിപ്പനിമൂലം മരിച്ചു. അഞ്ച് രോഗികൾ ഹെപ്പറ്റൈറ്റിസ് എ മൂലവും മരണപ്പെട്ടു. മഴക്കാലത്ത് ജലത്തിലൂടെ എളുപ്പത്തിൽ പടരുന്ന രോഗങ്ങളാണിവ. സംസ്ഥാനത്ത് ശനിയാഴ്ച മാത്രം 16 പേർക്ക് എലിപ്പനിയും 35 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും സ്ഥിരീകരിച്ചു. ഇതിനെല്ലാം പുറമേ സാധാരണ വേനൽക്കാലങ്ങളിൽ പടരുന്ന ചിക്കൻപോക്സും വ്യാപകമായി സ്ഥിരീകരിക്കുന്നുണ്ട്. ശനിയാഴ്ച 77 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂണിൽ 2312 പേർക്ക് ചിക്കൻപോക്സ് ബാധിച്ചു. ഒരു മരണവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.