പ്രതീകാത്മക ചിത്രം (എ.ഐ. നിർമിതം)
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം നേരിടുന്ന നാല് ജില്ലകളിൽ 120 താൽക്കാലിക ബാച്ചുകൾ കൂടി അനുവദിക്കാൻ സർക്കാർ. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കാസർകോട് ജില്ലകളിൽ ബാച്ച് അനുവദിക്കാനുള്ള നിർദേശം അടുത്ത മന്ത്രിസഭ യോഗത്തിൽ കൊണ്ടുവരാനാണ് തീരുമാനം. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച് ചർച്ച നടന്നെങ്കിലും കൃത്യമായ കണക്ക് സഹിതം നിർദേശം സമർപ്പിച്ച ശേഷം പരിഗണിക്കാനായിരുന്നു തീരുമാനം. ഇതേതുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലയിൽ 2500, കോഴിക്കോട് 1500, പാലക്കാട് 1700, കാസർകോട് 700 എന്നിങ്ങനെയാണ് സീറ്റ് കുറവുള്ളതായി വിലയിരുത്തിയത്.
നിലവിൽ നടന്നുവരുന്ന പ്ലസ് വൺ ഏകജാലക പ്രവേശനം, എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ട സീറ്റുകൾ, അൺ എയ്ഡഡ് സ്കൂളുകളിലെ പ്രവേശന നില എന്നിവ പരിഗണിച്ചാണ് കണക്കെടുപ്പ് നടത്തിയത്. സർക്കാർ സ്കൂളുകൾക്ക് പുറമെ എയ്ഡഡ് സ്കൂളുകളിലും താൽക്കാലിക ബാച്ചുകൾ അനുവദിക്കാനാണ് നീക്കം. നിലവിൽ സംസ്ഥാനത്താകെ 313 പ്ലസ് വൺ താൽക്കാലിക ബാച്ചുകൾ ഉണ്ട്. ഏറ്റവുമൊടുവിൽ 2023ൽ 97 താൽക്കാലിക ബാച്ചുകളാണ് അനുവദിച്ചത്. ഇതിൽ 39 ബാച്ചുകൾ എയ്ഡഡ് സ്കൂളുകളിലായിരുന്നു.
ഇവ ഉൾപ്പെടെയുള്ള 313 ബാച്ചുകൾ എല്ലാ വർഷവും പ്രത്യേകം ഉത്തരവിറക്കിയാണ് തുടർന്നുവരുന്നത്. കഴിഞ്ഞ വർഷവും മലബാറിലെ ജില്ലകളിൽ സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഈ വർഷവും കഴിഞ്ഞ വർഷത്തേതിന് സമാനമായ എണ്ണം അപേക്ഷകർ ഈ ജില്ലകളിലുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ താൽക്കാലിക ബാച്ചുകൾ ഈ വർഷം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചതും മന്ത്രിസഭയിൽ കൊണ്ടുവരാൻ തീരുമാനിച്ചതും. 20 ബാച്ചുകൾ അനുവദിച്ചാൽ 50 വീതം വിദ്യാർഥികൾക്ക് പ്രവേശനം നൽകിയാൽ 6000 പേർക്ക് കൂടി അധികമായി പ്രവേശനം നൽകാൻ കഴിയും. താൽക്കാലിക ബാച്ചുകൾക്ക് പുറമെ നിലവിലുള്ള ബാച്ചുകളിൽ 20 മുതൽ 30 ശതമാനം വരെ സീറ്റ് വർധന അനുവദിച്ചാണ് മലബാർ ജില്ലകളിൽ വിദ്യാർഥി പ്രവേശനം നടത്തുന്നത്. 60 വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചാൽ 7200 സീറ്റുകളാണ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.