‘‘കാറ്റെന്ന് പറഞ്ഞാൽ, നല്ല യു.ഡി.എഫ് അനുകൂല കാറ്റാണ് ഇപ്പോൾ വീശിക്കൊണ്ടിക്കുന്നത്’’ -രമേഷ് പിഷാരടി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂല തരംഗമാണ് വീശിക്കൊണ്ടിരിക്കുന്നതെന്ന് പാലക്കാട് മണ്ഡലം സ്ഥാനാർഥിയും നടനുമായ രമേഷ് പിഷാരടി. തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിൽ വോട്ടിനായി പണവും സാരിയും വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വിഡിയോകൾ എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതുൾപ്പെടെ എതിരാളികൾ തനിക്കെതിരെ വ്യാപക അപവാദ പ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തിയതായി പിഷാരടി ആരോപിച്ചു.

ഞാൻ പാലക്കാട് നടന്നു പോകുന്ന വിഡിയോ ഫ്ലിപ്പ് ചെയ്ത്, ഇടത്തോട്ട് മുണ്ട് ഉടുക്കുന്ന രീതിയിലാക്കി 'ഇടത്തേക്ക് മുണ്ട് ഉടുക്കുന്ന മതേതരൻ' എന്ന പേരിൽ പ്രചരിപ്പിച്ചു. ചാനലുകളുടെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജ വാർത്തകൾ നിർമിച്ചു. ഇന്ന് രാവിലെ ലഭിച്ച വിവരമനുസരിച്ച് മണ്ഡലത്തിലെമ്പാടും എന്റെ ഫ്ലക്‌സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്." -രമേഷ് പിഷാരടി ശക്തമായി പ്രതികരിച്ചു.

കാറ്റെന്ന് പറഞ്ഞാൽ, നല്ല യു.ഡി.എഫ് അനുകൂല കാറ്റാണ് ഇപ്പോൾ വീശിക്കൊണ്ടിരിക്കുന്നത്. വളരെ അധികം സന്തോഷമുള്ള ഒരു കാര്യമാണ്. രാഷ്ട്രീയമില്ലാത്തവനെന്നും ദുർബലനായ സ്ഥാനാർഥിയെന്നും വിളിച്ചവർക്കുള്ള മറുപടി വോട്ടർമാർ നൽകും. രാഷ്ട്രീയക്കാരെ തിരഞ്ഞെടുക്കുന്ന ജനങ്ങളാണ് ഏറ്റവും വലിയ രാഷ്ട്രീയക്കാർ. പ്രചാരണത്തിലുടനീളം മറ്റു സ്ഥാനാർഥികളെ വ്യക്തിപരമായി ആക്ഷേപിക്കാതെ 'ഫെയർ പൊളിറ്റിക്‌സ്' ഉയർത്തിപ്പിടിക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പാലക്കാട്ടേക്ക് തിരിച്ചു. ജനാധിപത്യത്തിന്റെ വലിയ ഉത്സവമായ തെരഞ്ഞെടുപ്പിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Tags:    
News Summary - it's a good wind that is blowing in favor of the UDF right now -Ramesh Pisharody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.