'വെള്ളാപ്പള്ളി രാജിക്കത്ത് എഴുതിവെക്കുന്നതാണ് നല്ലത്, പാർട്ടി നേതാക്കളെ പന്നന്മാർ എന്ന് വിളിച്ചാൽ....'; വെള്ളാപ്പള്ളിക്ക് മുരളീധരന്റെ മറുപടി

തിരുവനന്തപുരം: യു.ഡി.എഫിന് 100 സീറ്റ് കിട്ടി അധികാരത്തിലെത്തിയാൽ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. എട്ടുമാസം കഴിഞ്ഞാൽ ഞങ്ങൾ (യു.ഡി.എഫ്) അധികാരത്തിലെത്തുമെന്നും രാജിവെക്കാൻ വെള്ളാപ്പള്ളി തീരുമാനിച്ചിട്ടുണ്ടെങ്കിൽ രാജിക്കത്ത് നേരത്തെ എഴുതിവെക്കുന്നതാണ് നല്ലതെന്നും മുരളീധരൻ പരിഹസിച്ചു.

ഗുരുദേവൻ സ്ഥാപിച്ച എസ്.എൻ.ഡി.പിയുടെ തലപ്പത്ത് ഇരിക്കുമ്പോൾ ഗുരുദേവനെ പോലെയായില്ലെങ്കിലും ഒരുമാതിരി മാന്യമായ വാചകങ്ങൾ ഉപയോഗിക്കണമെന്നും മുരളീധരൻ തുറന്നടിച്ചു.

സമുദായത്തിന് പ്രശ്നങ്ങളുണ്ടെങ്കിൽ പറഞ്ഞാൽ ഞങ്ങൾ ഉൾക്കൊള്ളും. പക്ഷേ, പാർട്ടി നേതാക്കളെ പന്നന്മാരെന്നൊക്കെ വിളിച്ച് കഴിഞ്ഞാൽ, ഞങ്ങൾ ചിലപ്പോൾ മിണ്ടിയില്ലാന്ന് വരും. പക്ഷേ, പുതിയ തലമുറക്കാർ വല്ലതുമൊക്കെ പറഞ്ഞാൽ ഞങ്ങളെ കുറ്റം പറയരുതെന്നും മുരളീധരൻ പറഞ്ഞു.

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ വിഷയത്തിലും മുരളീധരൻ പ്രതികരിച്ചു. കേരളത്തിലെ ക്രിസ്ത്യാനികളെ മാത്രമേ ബി.ജെ.പിക്ക് താൽപര്യമുള്ളൂയെന്നും അത് വോട്ടിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

'മറ്റു സംസ്ഥാനങ്ങളിൽ മുസ്ലിംകളോട് ചെയ്യുന്ന പോലെ തന്നെയാണ് ബി.ജെ.പി ക്രിസ്ത്യാനികളോടും ചെയ്യുന്നത്. ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള നടപടിയാണ് കന്യാസ്ത്രീകൾക്ക് നേരെയുണ്ടായത്. കേരളത്തിലെ ബി.ജെ.പിക്കാർ നെട്ടോട്ടമോടുകയാണ്. അവിടെ ചെന്നാൽ മുഖ്യമന്ത്രി പറയുന്നത് നടപടിയുമായി മുന്നോട്ടുപോകുമെന്നാണ്. ക്രിസ്മസിന് കേക്കുമായി അരമനയിൽ വരും. അത് കഴിഞ്ഞ് അപ്പുറത്ത് പോയി കേസും ചാർജ് ചെയ്യും. ഇതാണ് ഇവിടെ നടക്കുന്നത്. ഇത് മനസിലാക്കി മതമേലധ്യക്ഷന്മാർ നടപടി സ്വീകരിക്കുമെന്നാണ് ഞാൻ കരുതുന്നത്.'- കെ.മുരളീധരൻ പറഞ്ഞു. 

Tags:    
News Summary - It would be better if Vellappally natesan wrote his resignation letter - K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.