വി.ഡി. സതീശൻ
കൊച്ചി: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ വീടിന്റെ വിള്ളൽ റവന്യൂ മന്ത്രി കെ. രാജൻ പരിശോധിച്ചതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോർച്ച പരിശോധിക്കേണ്ടത് മന്ത്രിയുടെ ജോലിയല്ലെന്നും എൻജീനിയർമാരാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ വീടുകളിൽ ഇതുവരെ ആർക്കും താമസിക്കാനായില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ കബളിപ്പിക്കാനുള്ള കാപട്യമായിരുന്നു ടൗൺഷിപ്പ് ഉദ്ഘാടനം. തെരഞ്ഞെടുപ്പ് കാലത്ത് ബോർഡുകൾവെച്ചും മറ്റും ആഘോഷമാക്കിയ ആ ഉദ്ഘാടനത്തിനുശേഷം ഒരാൾക്കുപോലും അതിനകത്ത് താമസിക്കാനായില്ല. രാഹുൽ ഗാന്ധി തറക്കല്ലിട്ടിട്ട് തൊട്ടടുത്ത ദിവസം പണി തുടങ്ങിയില്ലെന്നാണ് തങ്ങൾക്കെതിരെയുള്ള ആരോപണം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വീട്ടിൽ ആർക്കും ഇതുവരെ താമസിക്കാനായിട്ടില്ല. ആളുകളെ താമസിപ്പിക്കാനുള്ള സ്ഥിതിയിലായിട്ടില്ല ആ വീടുകളെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി മേശയുടെ പുറത്തുകയറിയത് എന്ത് നാടകമാണ്? മേശയുടെ പുറത്തുകയറി മന്ത്രിയാണോ ചോർച്ചയുണ്ടോയെന്ന് പരിശോധിക്കേണ്ടത്. പാലം വീണോ എന്നത് പരിശോധിക്കേണ്ടത് മന്ത്രിയാണോ? എൻജീനിയർമാരാണ് ഇത് പരിശോധിക്കേണ്ടത്. ഗുരുതര ക്രമക്കേടുകളാണ് നിർമാണത്തിൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. കാലം ഇതിനെല്ലാം കണക്കുചോദിക്കും. തെറ്റായ പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയതിന്‍റെ വിവരങ്ങൾ ഓരോന്നായി പുറത്തുവരികയാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസ് എങ്ങും എത്താതെ അവസാനിക്കുമെന്ന് ഇതേ വിഷയം ഉയര്‍ത്തി നിയമസഭ സ്തഭിപ്പിച്ചപ്പോള്‍ പ്രതിപക്ഷം പറഞ്ഞതാണ്. ഹൈകോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച പ്രതികള്‍ക്ക് കുറ്റപത്രം സമര്‍പ്പിക്കാതെ സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് എസ്.ഐ.ടിക്കുമേല്‍ അനാവശ്യ സമ്മര്‍ദം ചെലുത്തി. മുഴുവന്‍ പ്രതികളും പുറത്തിറങ്ങി തെളിവുകള്‍ നശിപ്പിച്ച് കേസ് തന്നെ ഇല്ലാതാകുമെന്ന് അന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവ് കോടതിക്ക് എതിരെ സംസാരിക്കുന്നു എന്നാണ് കുറ്റപ്പെടുത്തിയത്. ഓരോ മലയാളികളുടെയും ഉത്കണ്ഠയാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ അന്ന് പങ്കുവച്ചത്. പിണറായി വിജയന്റെ സര്‍ക്കാറും സി.പി.എമ്മും ബന്ധപ്പെട്ട ഒരു കേസിലും ഇ.ഡി അന്വേഷണം നടത്തില്ല. അത്തരത്തില്‍ ഏത് കേസാണ് കേരളത്തില്‍ അന്വേഷിച്ചിട്ടുള്ളത്? എസ്.എഫ്.ഐ.ഒ അന്വേഷിക്കുമെന്ന് പറഞ്ഞ കേസും മുഖ്യമന്ത്രിയുടെ മകന് ഇ.ഡി അയച്ച സമന്‍സും എവിടെ പോയെന്നും സതീശൻ ചോദിച്ചു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കരുവന്നൂരില്‍ ഇ.ഡി പിടിമുറുക്കുന്നു എന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍, പിടിമുറുക്കിയത് സി.പി.എം നേതാക്കളുടെ കഴുത്തിലാണെന്ന് താൻ പറഞ്ഞിരുന്നതാണ്. സി.പി.എം നേതാക്കളെല്ലാം ചേര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയെ ജയിപ്പിച്ചതോടെ കഴുത്തിലെ പിടി അയഞ്ഞു. ശബരിമല കേസിലും വയനാട്ടിലും പ്രതിപക്ഷം പറഞ്ഞതു തന്നെയാണ് സംഭവിച്ചത്. തങ്ങൾ ഒരു നുണയും പറഞ്ഞിട്ടില്ല. നുണ പറഞ്ഞ് ജങ്ങളെ കബളിപ്പിച്ചത് സി.പി.എമ്മാണ്. അത് ഒന്നൊന്നായി പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. വിള്ളൽ രേഖപ്പെടുത്തിയ ഭാഗങ്ങളിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധന നടത്തുകയും ചെയ്തു. വിള്ളലല്ല, വെള്ളം കിനിഞ്ഞിറങ്ങിയതാണെന്ന് പിന്നീട് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽവെച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയത് പട്ടയം മാത്രമാണെന്നും വീട് ഇതുവരെ കൈമാറിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. വീട് കൈമാറിയതിന് ശേഷമാണ് പ്രശ്‌നം വന്നിരുന്നതെങ്കിൽ അത് ഗൗരവമാകുമായിരുന്നു. വീട് കൈമാറിയതിന് ശേഷവും വെള്ളം ഇറങ്ങുന്ന സ്ഥിതിയുണ്ടായാൽ ഊരാളുങ്കൽ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ കരാർ പ്രകാരമുള്ള പണം സർക്കാർ നൽകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. റവന്യൂ മന്ത്രി നേരിട്ട് അവിടെ പോയി കാര്യങ്ങൾ പരിശോധിച്ചതാണ്. വീടുകളിൽ വിള്ളൽ കണ്ടെത്തി എന്നതൊക്കെ വെറും പച്ചക്കള്ളമാണ്. വീടുകളുടെ 'വാട്ടർ പ്രൂഫിങ്' നടപടികൾ പൂർത്തിയായിട്ടില്ല. വെള്ളം കിനിഞ്ഞിറങ്ങുന്ന ഭാഗങ്ങളിൽ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ മാർക്കിങ്ങുകളെയാണ് വിള്ളലുകളായി ചിലർ തെറ്റായി ചിത്രീകരിക്കുന്നതെന്നും ശിവൻകുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.