കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതിയുടെ മരണം :ഇറച്ചിയുടെ പഴക്കമാകാം കാരണമെന്ന്​ നിഗമനം

കോട്ടയം: ഇറച്ചിയുടെ പഴക്കമോ ശരിയായ രീതിയില്‍ വേവാത്തതോ ആകാം കോട്ടയത്തെ ഭക്ഷ്യവിഷബാധക്ക് കാരണമെന്ന നിഗമനത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ്. നേരത്തേ ഇറച്ചിവാങ്ങി സൂക്ഷിക്കാനും ഓര്‍ഡറുകള്‍ കൂടുമ്പോള്‍ പൂര്‍ണമായി വേവുന്നതിനുമുമ്പ്​ പാർസല്‍ നല്‍കാനും ഇടയുണ്ട്​.

വാങ്ങിയ പാർസല്‍ വൈകി കഴിച്ചാലും അപകട കാരണമാകാമെന്ന്​ ഇവർ പറയുന്നു. അല്‍ഫാമിന്​ ഒപ്പം ഉപയോഗിക്കുന്ന മയോണൈസ് പഴകിയാലും അപകടമുണ്ടാകും. ശുചിത്വക്കുറവ്​ അടക്കം പരിശോധിക്കുമെന്ന്​ ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോസ്ഥർ പറഞ്ഞു. 

ഹോട്ടലിന്‍റെ അടുക്കള പ്രവർത്തിച്ചത്​ അനുമതിയില്ലാതെ

ഗാന്ധിനഗർ (കോട്ടയം): നഴ്​സിന്‍റെ മരണത്തിന്​ ഇടയാക്കിയ സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിന്‍റെ അടുക്കള പ്രവർത്തിച്ചത്​ അനുമതിയില്ലാതെ. ഹോട്ടലിന്​ മാത്രമാണ് നിലവില്‍ ലൈസന്‍സുള്ളത്. ഇവിടെനിന്ന്​ ഒരുകിലോമീറ്റർ അകലെയാണ്​ പ്രധാന അടുക്കള. ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് റോഡില്‍ പ്രവർത്തിക്കുന്ന ഇതിന്​ നഗരസഭയു​ടെ ലൈസന്‍സ്​ ഉണ്ടായിരുന്നില്ല. അടുക്കളയുടെ പ്രവർത്തനം മറ്റൊരിടത്താണെങ്കിൽ സ്ഥാപനത്തിന്​ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനുള്ള ലൈസൻസ്​ മാത്രമേ അനുവദിക്കാവൂവെന്നാണ്​ വ്യവസ്ഥ. എന്നാൽ, ഹോട്ടലിനുള്ള ലൈസൻസാണ് നഗരസഭ നൽകിയത്​. ഇതിലടക്കം വൻ അഴിമതി നടന്നതായാണ്​​ ആക്ഷേപം. നഗരസഭ ഉദ്യോഗസ്ഥർ ഇവരെ വഴിവിട്ട്​ സഹായിച്ചതായുള്ള ആരോപണവും ശക്തമാണ്​. നഴ്​സ്​ മരിച്ചതിന്​ പുറമെ ഇവിടെനിന്ന്​ ഭക്ഷണം കഴിച്ച ഇരുപതോളം പേർ നിലവില്‍ ചികിത്സയിലുമാണ്​.

ഹോട്ടലിൽ മുമ്പും ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്​. നവംബറിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ 15 പേര്‍ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാ​ലെ അധികൃതര്‍ അടുക്കളയിൽ പരിശോധന നടത്തി പൂട്ടിച്ചു മടങ്ങി. അന്ന് ഹോട്ടലില്‍ പരിശോധന നടത്തിയില്ലെന്നും സാമ്പിള്‍ ശേഖരിക്കാന്‍പോലും തയാറായില്ലെന്നും ആരോപണമുണ്ട്. പൂട്ടി അഞ്ചാം ദിവസം വീണ്ടും അടുക്കളയും ഹോട്ടലും തുറന്നു. അതേസമയം, പരാതി ഉയര്‍ന്നപ്പോൾ തന്നെ നടപടിയെടുത്ത്​ സ്ഥാപനം പൂട്ടിച്ചതായും വിഷയത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും ഭക്ഷ്യ സുരക്ഷ ഓഫിസര്‍ സി.ആര്‍. രണ്‍ദീപ് പറഞ്ഞു.

Tags:    
News Summary - It is concluded that the reason may be the age of the meat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.