മലപ്പുറം: പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കാനായി സംസ്ഥാനത്തെ 11 ജില്ലകളില്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു. ഇതില്‍ ആദ്യ ക്യാമ്പ് ഡിസംബര്‍ നാലിനും അഞ്ചിനും മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നടക്കും.
നാലിന് രാവിലെ 8.30ന് മലപ്പുറം പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ അപ്പന്‍കാപ്പ് പട്ടികവര്‍ഗ സങ്കേതം വനിത കമീഷന് സന്ദര്‍ശിക്കും. അഞ്ചിന് രാവിലെ 10ന് നിലമ്പൂര്‍ നഗരസഭ ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും. നിലമ്പൂര്‍ നഗരസഭ ചെയര്മാന് മാട്ടുമ്മല്‍ സലീം മുഖ്യാതിഥിയാകും. ‘പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍’ എന്ന വിഷയം പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ടി. മധുവും ‘ലഹരിയുടെ വിപത്ത്’ എന്ന വിഷയം മലപ്പുറം ലഹരിവിമുക്ത ഭാരതം ജില്ല കോഓഡിനേറ്റർ ബി. ഹരികുമാറും അവതരിപ്പിക്കും. ഡിസംബര്‍ അഞ്ചിന് ഉച്ചക്ക് 2.30ന് നിലമ്പൂര്‍ നഗരസഭ ഹാളില്‍ പട്ടികവര്‍ഗ മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം ചേരും. വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് വിശിഷ്ടാതിഥിയാകും. വനിത കമീഷന് റിസര്‍ച്ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന ചര്‍ച്ച നയിക്കും.
മലപ്പുറം: പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കി അടിയന്തര ഇടപെടലുകള്‍ നടത്തുകയാണ് ക്യാമ്പുകളുടെ ലക്ഷ്യമെന്ന് വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. 2011ലെ സെന്‍സസ് പ്രകാരം കേരളത്തിലെ പട്ടികവര്‍ഗ ജനസംഖ്യ 4,84,839 ആണ്. അവരുടെ വികസനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. കാലാവസ്ഥയിലും പ്രകൃതിയിലും ജീവിതസാഹചര്യത്തിലും പൊതുസമൂഹത്തിലും സംജാതമായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍മൂലം നിരവധി പ്രത്യാഘാതങ്ങളാണ് പട്ടികവര്‍ഗ മേഖലയില്‍ ഉണ്ടാകുന്നത്. വനിതകളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള സാഹചര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കുമെന്നും അഡ്വ. പി. സതീദേവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.