തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് അട്ടപ്പാടിയിൽ വീണ്ടും വൻ ഭൂമി വിൽപന. മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബമാണ് അട്ടപ്പാടി ട്രൈബൽ താലൂക്കിലെ കോട്ടത്തറ വില്ലേജിൽ ഭൂമി വിൽപ്പന നടത്തിയത്. അഗളി സബ് രജിസ്ട്രാർ ഓഫിസിൽ മൂന്ന് ദിവസങ്ങളിലായി നടന്നത് 40 ആധാരങ്ങളാണ്. മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബം 193.4 ഏക്കർ ഭൂമിയാണ് വിൽപ്പന നടത്തിയത്.
മൂപ്പിൽ നായരുടെ കുടുംബത്തിലെ 19 പേർ ചേർന്നാണ് ഭൂമി വിൽപ്പന നടത്തിയത്. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആധാരങ്ങൾ രജിസ്ട്രർ ചെയ്തുവെന്നാണ് അഗളി സബ് രജിസ്ട്രാർ പറയുന്നത്. കൂടുതൽ കൈമാറ്റങ്ങളും 10 ഏക്കർ ഭൂമി വീതമാണ്. ചുരുക്കത്തിൽ മൂന്ന് ദിവസങ്ങളിൽ 40 ആധാരങ്ങളിലായി 193.4 ഏക്കർ വിൽപന നടത്തി.
അതേസമയം, 1975 ലെ ഹൈകോടതി ഉത്തരവ് പ്രകാരം അട്ടപ്പാടിയിൽ 2000 ഏക്കർ ഭൂമിയുടെ ഉടമാവകാശമുണ്ടെന്ന് മൂപ്പിൽ നായരുടെ പ്രതിനിധി മാധ്യമം ഓൺലൈനോട് പറഞ്ഞു. അട്ടപ്പാടിയിലെ റവന്യൂ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ തെറ്റായ റിപ്പോർട്ടാണ് നൽകുന്നത്. അതിനാലാണ് നിയമസഭയിൽ റവന്യൂ മന്ത്രി തെറ്റായ മറുപടി നൽകിയത്. രജിസ്ട്രേഷൻ ഐ.ജിക്ക് മുന്നിൽ ഭൂവുടമസ്ഥത സംബന്ധിച്ച രേഖകളെല്ലാം ഹാജരാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം മൂപ്പിൽ നായരുടെ കുടുംബം കോട്ടത്തറ വില്ലേജിൽ 575 ഏക്കർ ഭൂമി വിൽപ്പന നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ആധാരം എടുത്ത അസോസിയേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ നിയമസഭയിൽ എം.കെ. മുനീർ എം.എൽ.എ ചോദ്യം ഉന്നയിച്ചിരുന്നു. അതിന് മന്ത്രി നൽകിയ മറുപടി പരാതിയിന്മേൽ രജിസ്ട്രേഷൻ വകുപ്പ് ഡെപ്യൂട്ടി ഐ.ജി നടത്തുമെന്നാണ്. കോട്ടത്തറ വില്ലേജ് ഓഫിസർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ആധാരം രജിസട്രേഷൻ നടത്തിയതെന്നും മന്ത്രി വിശദീകരണം നൽകി. ഉത്തര -മധ്യമേഖല ഡെപ്യൂട്ടി രജിസസ്ട്രേഷൻ ഐ.ജിയുടെ അന്വേഷണം കഴിഞ്ഞ അഞ്ച് മാസമായി തുടരുകയാണ്. മൂപ്പിൽ നായരുടെ പരാതിയിൽ ജില്ല രജിസ്ട്രാറും അന്വേഷിക്കുന്നുണ്ട്.
അതേസമയം, അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ എം.എൽ.എ കഴിഞ്ഞ നിയമസഭയിൽ സബ് മിഷനും അവതരിപ്പിച്ചിരുന്നു. ഇതിന് മന്ത്രി കെ. രാജൻ മറുപടി നൽകിയത് മൂപ്പിൽ നായരുടെ കുടുംബം രജിസ്ട്രേഷൻ നടത്തിയ ഭൂമിക്ക് കൈവശം സർട്ടിഫിക്കറ്റും നികുതി രസീതും നൽകരുതെന്ന് നിർദ്ദേശം നൽകിയെന്നാണ്. നിയമസഭയിൽ ഈ രണ്ടു മന്ത്രിമാരും മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബത്തിന് ഹൈക്കോടതി ഉത്തരവുണ്ട് എന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. അതേസമയം, വീണ്ടും ഭൂമി വിൽപ്പന നടത്തിയിട്ടില്ലെന്ന് മുപ്പിൽ നായരുടെ പ്രതിനിധി അറിയിച്ചു. ഭൂ നിയമം സംബന്ധിച്ച് റവന്യൂ വകുപ്പ് നോട്ടീസ് അയക്കുമ്പോൾ മറുപടി നൽകുമെന്നും അവർ പറഞ്ഞു.
മൂപ്പിൽ നായരുടെ കുടുംബം അവകാശപ്പെടുന്നത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വില്പന നടത്തുന്നത് എന്നാണ്. ഇതേ അഭിപ്രായം തന്നെയാണ് അഗളി സബ് രജിസ്ട്രാറും പറയുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം പരിധിയിൽ കവിഞ്ഞ ഭൂമി കൈവശംവെക്കാൻ അനുമതി നൽകേണ്ടത് താലൂക്ക് ലാൻഡ് ബോർഡാണ്. മണ്ണാർക്കാട് താലൂക്ക് ലാൻഡ് ബോർഡിൽ മൂപ്പിൽ നായർ കുടുംബം ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ അപേക്ഷ പോലും നൽകിയിട്ടില്ല. താലൂക്ക് ലാൻഡ് ബോർഡ് ഭൂപരിധിയിൽ ഇളവ് അനുവദിച്ചിട്ടും ഇല്ല. 18 ാം നൂറ്റാണ്ടിൽ അങ്ങാടിപ്പുറം ആസ്ഥാനമാക്കി ഭരണം നടത്തിയ വള്ളുവക്കോനാതിരി സാമന്തനായ മണ്ണാർക്കാട് മൂപ്പിൽ നായർക്ക് അട്ടപ്പാടി പ്രദേശത്തിന്റെ അവകാശം നൽകിയിരുന്നു. ഇത് ഇന്നും നിലനിൽക്കുകയാണോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.