കരിപ്പൂർ/ നെടുമ്പാശ്ശേരി/മട്ടന്നൂര്‍: ഗള്‍ഫ് മേഖലയിലെ യുദ്ധഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വ്യോമയാന ഗതാഗതം താറുമാറായി. കരിപ്പൂരില്‍നിന്നുള്ള 14 സർവിസുകളാണ് ചൊവ്വാഴ്ച മുടങ്ങിയത്. ഇതില്‍ മൂന്നെണ്ണം ആഭ്യന്തര സെക്ടറുകളിലേക്കുള്ളതാണ്. വിവിധയിടങ്ങളില്‍നിന്ന് കരിപ്പൂരിലെത്തേണ്ട 14 വിമാനങ്ങള്‍ എത്തിയതുമില്ല.
നേരത്തേ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ റിയാദ്, മസ്‌കത്ത് വിമാനങ്ങള്‍ റദ്ദാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഈ വിമാനങ്ങള്‍ പിന്നീട് യഥാസമയം സര്‍വിസ് നടത്തി.
കരിപ്പൂരില്‍നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഷാര്‍ജ, ജിദ്ദ, ദോഹ, ബഹ്‌റൈന്‍, ദുബൈ, റാസല്‍ഖൈമ സർവിസുകളും ഹൈദരാബാദ്, ബംഗളൂരു സർവിസുകളും ഇന്‍ഡിഗോയുടെ അബൂദബി, മുംബൈ, ഖത്തര്‍ എയർവേസിന്റെ ദോഹ, സ്‌പൈസ് ജെറ്റിന്റെ ജിദ്ദ സർവിസുകളുമാണ് മുടങ്ങിയത്. നേരത്തേ ടിക്കറ്റെടുത്ത് യാത്രക്ക് ഒരുങ്ങിയിരുന്നവരെ പ്രത്യേക സാഹചര്യം വിമാനക്കമ്പനികള്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു.
ഖത്തർ വ്യോമപാത അടച്ചതിനെത്തുടർന്ന് കൊച്ചിയിൽനിന്ന് സർവിസ് നടത്തുന്ന 18 വിമാനങ്ങൾ ചൊവ്വാഴ്ച റദ്ദാക്കി. മുടങ്ങിയ സർവിസുകൾ വൈകീട്ടോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. എന്നാൽ, ഖത്തറിലേക്കുള്ള വിമാനങ്ങളുടെ കാര്യത്തിൽ ഇനിയും തിരുമാനമായിട്ടില്ല.
ഇൻഡിഗോയുടെ ആറും സ്‌പൈസ് ജെറ്റിന്റെ രണ്ടും എയർ ഇന്ത്യയുടെ മൂന്നും എയർഇന്ത്യ എക്സ്പ്രസിന്റെ ആറും ഖത്തർ എയർവേസിന്റെ ഒരുവിമാനവുമാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.