കോഴിക്കോട്: ആറുമാസം മുമ്പ് ജിദ്ദയിൽനിന്ന് ചികിത്സക്കായി കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക് വരുമ്പോൾ യമൻ പൗരൻ സാമിർ അഹ്മദ് ഹസൻ അബ്ദുവും സഹോദരൻ മുഹമ്മദ് അഹ്മദ് ഹസൻ അബ്ദുവും പ്രതീക്ഷിച്ചിരുന്നില്ല, ഇത്രയേറെ ഹൃദയവായ്പുകൾ ഏറ്റുവാങ്ങിയായിരിക്കും തങ്ങളുടെ മടക്കമെന്ന്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയുൾെപ്പടെയുള്ള ചികിത്സയും താമസം, ഭക്ഷണം അടക്കമുള്ള ചെലവുകളും ഇഖ്റ അധികൃതർ സൗജന്യമായി നൽകിയപ്പോൾ ദൈവത്തോടൊപ്പം അവർക്കും നന്ദി പറഞ്ഞ് മതിയാവുന്നില്ല.
ജിദ്ദയിൽ വസ്ത്ര ഡിസൈനിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 24കാരനായ സാമിറിന് വൃക്കരോഗം കണ്ടെത്തിയത് മാസങ്ങൾക്കു മുമ്പാണ്. ആദ്യം കാര്യമാക്കിയില്ലെങ്കിലും ഇതേരോഗം മൂർച്ഛിച്ച് ഡയാലിസിസിന് വിധേയനായ മറ്റൊരു സഹോദരൻ നബീൽ അഹ്മദ് മരിച്ചതോടെ ആശങ്കയായി. നിർധന കുടുംബത്തിലുള്ള സാമിറിെൻറയും മുഹമ്മദിെൻറയും തുച്ഛവരുമാനം ചികിത്സക്ക് അപര്യാപ്തമായിരുന്നു. തുടർന്നാണ് സ്നേഹിതൻ മുഖേന സൗദിയിൽ പ്രവർത്തിക്കുന്ന ഇഖ്റ ചാരിറ്റബ്ൾ സൊസൈറ്റിയുമായി ബന്ധപ്പെട്ടത്. സൊസൈറ്റി ഇഖ്റ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തതിനെ തുടർന്ന് ഇവിടക്കേ് അയക്കുകയുമായിരുന്നു.
മേയ് 17നാണ് ഇരുവരും എത്തിയത്. വൃക്ക മാറ്റിവെക്കൽ മാത്രമാണ് മുന്നിലുണ്ടായിരുന്ന വഴി. പരിശോധനയിൽ 29കാരനായ മുഹമ്മദിെൻറ വൃക്ക സാമിറിന് യോജിച്ചതാണെന്ന് കണ്ടെത്തി. ഇതിനിടയിൽ സാമിറിന് അപൻഡിസൈറ്റിസ് ശസ്ത്രക്രിയയും നടത്തി. ആഗസ്റ്റ് രണ്ടിനായിരുന്നു വൃക്ക മാറ്റിവെക്കൽ. പൂർണ ആരോഗ്യവാന്മാരായ സഹോദരങ്ങൾ ബുധനാഴ്ച ജിദ്ദയിലേക്ക് മടങ്ങും. ആശുപത്രിയിൽ യു.പി. സലീം ആയിരുന്നു ഇവർക്ക് കൂട്ടിനുണ്ടായിരുന്നത്. ഇതിനുമുമ്പും സൗജന്യ ചികിത്സയും ഫീസ് ഇളവും നൽകി നിരവധി പേരുടെ ജീവിതത്തിൽ തണലായി മാറിയ സ്ഥാപനത്തിന് രാജ്യത്തിെൻറയും ഭാഷയുടെയും അതിരുകൾ മായ്ക്കുന്ന സ്നേഹം പങ്കുവെക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇഖ്റ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പി.സി. അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.