തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മന്ത്രിമാരായ റിയാസിനും വീണാ ജോർജിനുമെതിരെ അന്വേഷണം

തിരുവനന്തപുരം: നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വരുമാന വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതിയിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഹരജിയിലെ വസ്തുതകൾ പരിശോധിച്ച് ഈ മാസം 22-നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചു.

ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് അഡ്വ. നെയ്യാറ്റിൻകര നാഗരാജാണ് കോടതിയിൽ സ്വകാര്യ ഹർജി നൽകിയത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വരുമാനത്തിന്റെ പൂർണ്ണ വിവരങ്ങൾ നൽകിയില്ലെന്നും ബോധപൂർവ്വം വിവരങ്ങൾ ഒളിപ്പിച്ചുവെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. വീണാ ജോർജിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിക്ക് ലഭിച്ച കരാറുകളെ സംബന്ധിച്ച വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കോടതി തുടർനടപടികൾ സ്വീകരിക്കുക. മന്ത്രിമാർക്കെതിരെ ഉയർന്ന ഈ ആരോപണം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

Tags:    
News Summary - Investigation Ordered Against Kerala Ministers P.A. Mohammed Riyas and Veena George for Allegedly Concealing Income in Election Affidavits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.