തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ ക്രിമിനൽ കേസുകളിൽ അന്വേഷണവുമായി ബന്ധപ്പെട്ട യാത്ര മാർഗരേഖ പുതുക്കി സർക്കാർ. ഭൂരിഭാഗം കേസുകളിലും യാത്രാനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥർ സർക്കാറിന്‍റെ മുൻകൂർ അനുമതി തേടുന്ന സാഹചര്യത്തിലാണ് 'അധികാരം' ക്രമീകരിച്ചുള്ള ആഭ്യന്തരവകുപ്പിന്‍റെ നടപടി.
പ്രതികളെ പിടികൂടാൻ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുമ്പോൾ എസ്.പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർ ഇനി സംസ്ഥാന പൊലീസ് മേധാവിയുടെയും ഡിവൈ.എസ്.പി/ എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥർ എ.ഡി.ജി.പി (ലോ ആൻഡ് ഓഡർ)/ ക്രൈംബ്രാഞ്ച് തുടങ്ങിയവരുടെയും അനുമതി തേടണം. സിവിൽ പൊലീസ് ഓഫിസർ മുതൽ ഇൻസ്പെക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥർ ഐ.ജിയുടെയോ സിറ്റി പൊലീസ് കമീഷണർ/ ജില്ല പൊലീസ് മേധാവിയുടെയോ അനുമതി വാങ്ങിയാൽ മതിയാകും.
എസ്.പി റാങ്കിന് മുകളിലുള്ളവർ വകുപ്പുതലത്തിൽ യാത്രാനുമതി നൽകിയശേഷം സർക്കാറിന്‍റെ അംഗീകാരം തേടണം. ഒരേ കേസിൽ ഒന്നിൽ കൂടുതൽ തവണ യാത്രാനുമതി വേണ്ടിവരുന്ന സാഹചര്യങ്ങളിൽ രണ്ടാമത്തെ യാത്രക്ക് എസ്.പി മുതലുള്ളവർ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെയും ഡിവൈ.എസ്.പി/എ.സി.പി തുടങ്ങിയവർ സംസ്ഥാന പൊലീസ് മേധാവിയുടെയും സിവിൽ പൊലീസ് ഓഫിസർ മുതൽ ഇൻസ്പെക്ടർ മുതലുള്ളവർ എ.ഡി.ജി.പിയുടെയും (ലോ ആൻഡ് ഓഡർ)/ ക്രൈംബ്രാഞ്ച് അനുമതി വാങ്ങണമെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.