തിരുവനന്തപുരം: സംസ്ഥാനത്തെ 45 ബാര്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം 127.46 കോടിയുടെ വിറ്റുവരവ് നികുതി വെട്ടിപ്പും 12 കോടി രൂപയുടെ നികുതിവെട്ടിപ്പും കണ്ടെത്തി. പരിശോധനയുടെ ഭാഗമായി 29 ലക്ഷം രൂപ പിരിച്ചെടുക്കാനായി. മാസംതോറുമുള്ള റിട്ടേണുകള്‍ നിശ്ചിത സമയത്ത് സമര്‍പ്പിക്കാതെ നികുതി വെട്ടിക്കുന്ന ബാര്‍ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഈ സ്ഥാപനങ്ങളില്‍നിന്ന് കഴിഞ്ഞ വര്‍ഷത്തെ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചതില്‍ കൂടുതല്‍ നികുതിവെട്ടിപ്പ് പുറത്തുവരുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം ഒറ്റപ്പെട്ടതല്ലാതെ ബാറുകളുടെ നികുതി പിരിവിൽ കാര്യമായ പരിശോധനകൾ സമയബന്ധിതമായി നടക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. മദ്യവിൽപനയുടെ അടിസ്ഥാനത്തിൽ ബാറുകളിൽനിന്ന് ഈടാക്കുന്ന ടേൺ ഓവർ ടാക്സിൽ വ്യാപക നികുതിവെട്ടിപ്പാണ് നടക്കുന്നത്. വിൽപനയുടെ 10 ശതമാനമാണ് നിലവിൽ നികുതി. ഇത് ഉപഭോക്താവിൽനിന്ന് ഈടാക്കേണ്ടതല്ല. ബാറുകൾ വാങ്ങുന്ന മദ്യത്തിന്റെ കയറ്റിയിറക്ക്, ഗതാഗതച്ചെലവ്, ലാഭം എന്നിവയടങ്ങുന്ന തുകയാണ് വിറ്റുവരവായി കണക്കാക്കുന്നത്.
നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ ഓരോ ബാറും സന്ദർശിക്കുകയും രേഖകൾ പരിശോധിച്ച് വിൽപ്പന കണക്കാക്കുകയും സമർപ്പിച്ച റിട്ടേണുകൾ ഒത്തുനോക്കുകയും ഇതിനെ അടിസ്ഥാനമാക്കി ടേൺ ഓവർ നികുതി നിശ്ചയിക്കുകയുമാണ് ചെയ്തിരുന്നത്. റിട്ടേണിൽ തട്ടിപ്പ് കണ്ടെത്തിയാൽ പിഴയും ചുമത്തിയിരുന്നു. 2017 ഓടെ ബാറുകളിലെ ഉദ്യോഗസ്ഥ പരിശോധനകൾ അവസാനിച്ചു. ഇതോടെ മദ്യവിൽപനയും ലാഭവും സംബന്ധിച്ച് ബാർ ഉടമകൾ സമർപ്പിക്കുന്ന റിപ്പോർട്ടാണ് നികുതി വകുപ്പ് ആശ്രയിക്കുന്നത്. ഇതനുസരിച്ചാണ് ടേൺ ഓവർ നികുതി കണക്കാക്കുന്നത്.
ബാർ ലൈസൻസ് ഫൈവ് സ്റ്റാർ ബാറുകൾക്ക് മാത്രമായി നിജപ്പെടുത്തിയ 2016-17 കാലത്ത് ബാറുകളുടെ എണ്ണം 29 ആയി ചുരുങ്ങി. ഇക്കാലയളവിൽ പ്രതിവർഷം 300 കോടിയാണ് ടേൺ ഓവർ നികുതി ഇനത്തിൽ ഖജനാവിലെത്തിയിരുന്നത്. നിലവിൽ 801 ബാറുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുമ്പോഴും 600 കോടിയിൽ താഴെയാണ് നികുതി വരുമാനമെന്നാണ് വിവരം. ഇക്കാലയളവിൽ മദ്യ വിലയും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.