ഗുണനിലവാരം കുറഞ്ഞ മരുന്ന് കമ്പനികൾക്കെതിരെ നടപടി വൈകുന്നു; ഡ്രഗ്സ് കൺട്രോൾ ഓഫിസുകളിൽ പരിശോധന

കോട്ടയം: സംസ്ഥാന വ്യാപകമായി അസി. ഡ്രഗ്സ് കൺട്രോളർമാരുടെ ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കോട്ടയത്തടക്കം ക്രമക്കേടുകൾ.

സംസ്ഥാനത്ത് വിറ്റഴിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തേണ്ട അസി. ഡ്രഗ്സ് കൺട്രോളർമാരും ഡ്രഗ്സ് ഇൻസ്പെക്ടർമാരും ക്രമക്കേടുകൾ നടത്തുന്നുവെന്ന പരാതികളെ തുടർന്നായിരുന്നു വിജിലൻസിന്‍റെ മിന്നൽ റെയ്ഡ്. മരുന്നുകമ്പനികൾ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ സംസ്ഥാനത്തെ മെഡിക്കൽ സ്റ്റോറുകൾ വഴിയും കേരള മെഡിക്കൽ സർവിസ് കോർപറേഷൻ മുഖേന സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും വിറ്റഴിക്കുന്നതായി വിജിലന്‍സ് ഡയറക്ടർ മനോജ്‌ എബ്രഹാമിന് രഹസ്യവിവരവും ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഓപറേഷൻ 'ഗുണവക്ത' പേരിൽ സംസ്ഥാന വ്യാപകപരിശോധന നടന്നത്. മിന്നൽ പരിശോധനയിൽ ഗുണനിലവാരം കുറഞ്ഞ മരുന്നുകമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിൽ കോട്ടയം അസി. ഡ്രഗ് കൺട്രോളർമാരുടെ ഓഫിസ് വീഴ്ച വരുത്തുന്നതായി കണ്ടെത്തി.

ഡ്രഗ് ഇൻസ്പെക്ടർമാർ ഓരോ ക്വാർട്ടറിലും ശേഖരിക്കുന്ന സാമ്പിളുകളിൽ 10 ശതമാനം സന്ദര്യവർധന വസ്തുക്കളും 30ശതമാനം മരുന്നുകൾ സർക്കാർ സ്ഥാപനങ്ങളിൽനിന്നുമാകണമെന്ന നിബന്ധന കോട്ടയത്ത് പാലിക്കുന്നില്ലെന്നും വ്യക്തമായി.

മിന്നല്‍ പരിശോധനയിൽ വീഴ്ച കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പറിലോ വാട്സ്ആപ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ പറഞ്ഞു.

Tags:    
News Summary - Inspection at Drug Control Offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.